ബേബി, വൃന്ദ, മണിക് സർക്കാർ; ആരാവും പിൻഗാമി? ആക്ടിങ് സെക്രട്ടറിയോ കൺവീനറോ? തീരുമാനം ഇന്ന്
Mail This Article
ന്യൂഡൽഹി ∙ ആരാവും സീതാറാം യച്ചൂരിയുടെ പിൻഗാമി? സിപിഎമ്മിന്റെ അടുത്ത ജനറൽ സെക്രട്ടറി പദത്തിലേക്കു വൃന്ദ കാരാട്ട്, മണിക് സർക്കാർ, എം.എ.ബേബി തുടങ്ങിയ പേരുകളാണ് ചർച്ചകളിൽ സജീവം. പാർട്ടി കോൺഗ്രസ് അടുത്തിരിക്കെ പുതിയ ജനറൽ സെക്രട്ടറിയെ ഇപ്പോൾ തീരുമാനിക്കണോ അതോ ഒരു കൺവീനറെ നിയോഗിച്ചാൽ മതിയോ എന്നതിൽ വ്യക്തത വരുത്താൻ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്നു വൈകിട്ട് ചേരും. കേന്ദ്ര കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. പാർട്ടി കോൺഗ്രസ് അടുത്തുവരുന്ന സാഹചര്യത്തിൽ താൽക്കാലിക ചുമതല നൽകാനാണ് കൂടുതൽ സാധ്യത.
അടുത്ത വർഷം ഏപ്രിലിൽ മധുരയിൽ പാർട്ടി കോൺഗ്രസ് നടത്താനാണ് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. മുൻപ് മൂന്നു തവണ സെക്രട്ടറിയായിരുന്നതിനാൽ പ്രകാശ് കാരാട്ടിന് താൽക്കാലിക ചുമതല നൽകാൻ സാധ്യതയുണ്ട്. ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം, ബി.വി.രാഘവലു, മണിക് സർക്കാർ, തപൻസെൻ എന്നിവരും പരിഗണിക്കപ്പെടാനിടയുണ്ട്. കേരള ഘടകത്തിന്റെ നിലപാടും ഇതിൽ നിർണായകമാകും. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എം.എ.ബേബിയെയും പരിഗണിച്ചേക്കാം. പ്രായപരിധി പരിഗണിക്കാതെ വൃന്ദ കാരാട്ടിന് അവസരം കിട്ടാനിടയുണ്ട്. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ എന്നിവർ പാർട്ടി മാനദണ്ഡമനുസരിച്ച് 75 വയസ്സ് എന്ന പരിധി കടന്നവരാണ്.
യച്ചൂരിയുടെ ഭൗതികശരീരത്തിന്റെ പൊതുദർശനത്തിനു ശേഷം പിബി അംഗങ്ങൾ പാർട്ടി ആസ്ഥാനത്തു യോഗം ചേരുമെന്നാണ് നിലവിലെ തീരുമാനം. യച്ചൂരിയുടെ പിൻഗാമിയുടെ ഇന്നു തീരുമാനമുണ്ടായില്ലെങ്കിൽ ഈ മാസം അവസാനം നടക്കുന്ന പിബി യോഗത്തിൽ ഇക്കാര്യം ചർച്ചയാകും. അതുവരെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല പാർട്ടിസെന്റർ വഹിക്കും. യച്ചൂരി ആശുപത്രിയിലായിരുന്നപ്പോൾ പാർട്ടി സെന്ററിനായിരുന്നു ചുമതല. സെന്ററിൽ പ്രവർത്തിക്കുന്ന മുതിർന്ന അംഗങ്ങൾക്ക് ചുമതലകൾ വിഭജിച്ച് നൽകിയിട്ടുണ്ട്.
ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ, മൂന്നു ടേം പൂർത്തിയാക്കി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാനിരിക്കെയാണ് സീതാറാം യച്ചൂരിയുടെ അപ്രതീക്ഷിത നിര്യാണം. ഇതാദ്യമായാണ് ജനറൽ സെക്രട്ടറി പദവിയിലുള്ളയാൾ മരണമടയുന്ന സാഹചര്യം സിപിഎമ്മിലുണ്ടാകുന്നത്. അതിനാൽ പകരക്കാരനെ വേഗം നിശ്ചയിക്കാനാണ് ആലോചനകൾ.