മുഖ്യമന്ത്രിക്കസേരയിലേക്കു പരിഗണിക്കപ്പെടുന്ന ആ 5 പേർ; കേജ്രിവാള് നാളെ രാജിവയ്ക്കുമ്പോൾ പകരം ആര്?
![അരവിന്ദ് കേജ്‌രിവാൾ .(ചിത്രം:ജോസ്കുട്ടി പനയ്ക്കൽ∙മനോരമ) അരവിന്ദ് കേജ്‌രിവാൾ .(ചിത്രം:ജോസ്കുട്ടി പനയ്ക്കൽ∙മനോരമ)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/1/18/aravind-kejrival-manorama-8.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ വെറും അഞ്ചുമാസമേ കാലാവധിയുള്ളൂവെങ്കിലും ആരാകും ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി? 48 മണിക്കൂറിനുള്ളിൽ രാജി വയ്ക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ നടത്തിയ പ്രഖ്യാപനത്തിന്റെ സമയപരിധി നാളെ അവസാനിക്കുമ്പോൾ ദേശീയ രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ പിൻഗാമിയാരെന്നറിയാനാണ്. ഡൽഹി മദ്യനയക്കേസിൽ ആരോപണവിധേയനായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. പ്രധാന വിഷയങ്ങളിൽ നിലപാടുകളെടുക്കാനും ബിജെപിയും കോൺഗ്രസുമടക്കമുള്ള പാർട്ടികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനും കരുത്തുള്ള മുഖ്യമന്ത്രിയെയാണ് എഎപി തേടുന്നത്. ഒപ്പം പാർട്ടി അണികളുടെ പിന്തുണയും വേണം. കേജ്‌രിവാളിന്റെ പിൻഗാമിയായേക്കാമെന്നു രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളുമടക്കം ചർച്ച ചെയ്യുന്ന അഞ്ചു നേതാക്കൾ ഇവരാണ്.
മുന്നിൽ അതിഷി
∙ നിലവിലെ സർക്കാരിൽ വിദ്യാഭ്യാസം, പിഡബ്ല്യുഡി തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി. വയസ്സ് 43.
∙ ഓക്സ്ഫഡിൽനിന്ന് സ്കോളർഷിപ്പോടെ ബിരുദാനന്തര ബിരുദം.
∙ എഎപിയുടെ ഡൽഹി വിദ്യാഭ്യാസനയം നവീകരിക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചു.
∙ കൽകജിയിൽനിന്നുള്ള എംഎൽഎ.
∙ മനീഷ് സിസോദിയയുടെ അറസ്റ്റിനു പിന്നാലെ മന്ത്രിയായി.
∙ കേജ്‌രിവാളും സിസോദിയയും ജയിലിൽ കഴിഞ്ഞപ്പോൾ അതിഷിയാണ് പാർട്ടിയെ നയിച്ചത്.
∙ ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിൽ ഡൽഹി സർക്കാരിന്റെ പരിപാടിയിൽ ത്രിവർണ പതാക ഉയർത്താൻ കേജ്‌രിവാൾ നിയോഗിച്ചത് അതിഷിയെ ആണ്. ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന ഈ പദ്ധതി പൊളിച്ചെങ്കിലും അതിഷിക്ക് പാർട്ടിയിൽ വലിയ സ്ഥാനമുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു എഎപി നേതൃത്വത്തിന്റെ നിലപാട്.
![atishi-marlena നിരാഹാര സമരവേദിയിൽ മന്ത്രി അതിഷി. ചിത്രം: പിടിഐ](https://img-mm.manoramaonline.com/content/dam/mm/mo/district-news/new-delhi/images/2024/6/24/atishi-marlena.jpg?w=845&h=440)
സൗരഭ് ഭരദ്വാജ് എന്ന ‘വക്താവ്’
∙ എഎപിയുടെ ദേശീയവക്താവ്. പ്രധാന നേതാക്കൾ ജയിലിൽ ആയിരുന്നപ്പോൾ പാർട്ടി നിലപാടുകൾ പറഞ്ഞിരുന്ന നേതാക്കളിലൊരാൾ.
∙ ഗ്രേറ്റൽ കൈലാഷിൽനിന്നു മൂന്നുവട്ടം എംഎൽഎ.
∙ കേജ്‌രിവാൾ സർക്കാരിൽ വിജിലൻസ്, ആരോഗ്യ മന്ത്രി.
∙ സിസോദിയയുടെ അറസ്റ്റിനു ശേഷമാണ് മന്ത്രിസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
∙ രാഷ്ട്രീയ പ്രവേശത്തിനു മുൻപ് സോഫ്‌റ്റ്‌വെയർ എൻജിനീയർ.
∙ 49 ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ആദ്യ എഎപി സർക്കാരിൽ മന്ത്രിയായിരുന്നു.
![saurabh-bhardwaj-aap മന്ത്രി സൗരഭ് ഭരദ്വാജ് (Photo: രാഹുൽ പട്ടം ∙ മനോരമ)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/4/2/saurabh-bhardwaj-aap.jpg)
രാഘവ് ചദ്ദയെന്ന യുവനേതാവ്
∙ എഎപിയുടെ ദേശീയ എക്സിക്യൂട്ടീവ്, രാഷ്ട്രീയ കാര്യ കമ്മിറ്റി എന്നിവയിൽ അംഗം. 35 വയസ്സ്.
∙ രാജ്യസഭാംഗം
∙ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു.
∙ രാജിന്ദർ നഗറിലെ മുൻ എംഎൽഎ.
∙ 2022 ൽ പഞ്ചാബിൽ പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക്.
∙ പാർലമെന്റിൽ എഎപിയുടെ നിലപാട് എത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു.
![Raghav Chadha (PTI Photo/Vijay Verma) രാഘവ് ഛദ്ദ (PTI Photo/Vijay Verma)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/8/10/raghav-chadha-1.jpg)
‘സീനിയർ’ കൈലാഷ് ഗഹ്‌ലോട്ട്
∙ ഡൽഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ
∙ കേജ്‌രിവാൾ സർക്കാരിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാൾ. ഗതാഗതം, ധനം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുന്നു. 50 വയസ്സ്.
∙ 2015 മുതൽ ഡൽഹിയിലെ നജഫ്ഗഡ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎ.
![kailash കൈലാഷ് ഗെലോട്ടും അരവിന്ദ് കേജ്‌രിവാളും. കൈലാഷ് എക്സിൽ പങ്കുവെച്ച ചിത്രം](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/3/30/kailash.jpg)
സഞ്ജയ് സിങ്
∙ 2018 മുതൽ രാജ്യസഭാ എംപി. 52 വയസ്സ്.
∙ എഎപിയുടെ പ്രധാന മുഖങ്ങളിലൊന്ന്. പാർലമെന്റിലെ ശക്തമായ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയൻ.
∙ എഎപിയുടെ സ്ഥാപക നേതാക്കളിലൊരാൾ. ദേശീയ എക്സിക്യൂട്ടീവ്, രാഷ്ട്രീയ കാര്യ സമിതികളിൽ അംഗം.
∙ പ്രധാന വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് മാധ്യമങ്ങളെ അറിയിക്കുന്നവരിൽ പ്രധാനി.
∙ മദ്യനയക്കേസിൽ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി.
![sanjay-singh സഞ്ജയ് സിങ് എംപി മാധ്യമങ്ങളെ കാണുന്നു. ചിത്രം : രാഹുൽ ആർ. പട്ടം ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/photo-gallery/day-in-pictures-2024/july-13/sanjay-singh.jpg?w=845&h=440)