വന്ദേ മെട്രോ ഇനി ‘നമോ ഭാരത് റാപിഡ് റെയിൽ’; പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്യും
Mail This Article
അഹമ്മദാബാദ്∙ രാജ്യത്തെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജിൽനിന്ന് അഹമ്മദാബാദിലേക്കാണ് ആദ്യ വന്ദേ മെട്രോ സർവീസ്. ആറു മണിക്കൂറിൽ 360 കിലോമീറ്ററാണ് ട്രെയിൻ സർവീസ് നടത്തുക. ജന്മദിനത്തിന്റെ തലേന്നാണ് പ്രധാനമന്ത്രി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. അതേസമയം, വന്ദേ മെട്രോ സർവീസിന്റെ പേര് ഇന്ത്യൻ റെയിൽവേ ‘നമോ ഭാരത് റാപിഡ് റെയിൽ’ എന്ന് പുനർനാമകരണം ചെയ്തു.
മണിക്കൂറിൽ 110 കി.മീ. വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുക. ആഴ്ചയിൽ ആറുദിവസം സർവീസ് നടത്തും. പുലർച്ചെ 5.02ന് ഭുജിൽനിന്നു തിരിക്കുന്ന ട്രെയിൻ രാവിലെ 10.50ന് അഹമ്മദാബാദിലെത്തും. വൈകുന്നേരം 5.30ന് അഹമ്മദാബാദിൽനിന്നു തിരിക്കുന്ന ട്രെയിൻ രാത്രി 11.20ന് ഭുജിൽ തിരിച്ചെത്തും. 1,150 യാത്രക്കാർക്ക് ഇരുന്ന് സഞ്ചരിക്കാവുന്ന ട്രെയിനിൽ ആകെ 2,058 വരെ യാത്രക്കാരെ ഉൾക്കൊള്ളാനാകും.
∙ മിനിമം ടിക്കറ്റ് 30 രൂപ
വന്ദേ മെട്രോ നിരക്കുകളും റെയിൽവേ പ്രഖ്യാപിച്ചിരുന്നു. മിനിമം ടിക്കറ്റ് നിരക്ക് ജിഎസ്ടി ഉൾപ്പെടെ 30 രൂപയാണ്. ഒരാഴ്ച മുതൽ ഒരു മാസം വരെ പോയി വരാനുള്ള സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും ഉണ്ടാകും. 20 സിംഗിൾ ജേണി ടിക്കറ്റ് നിരക്ക് നൽകി ഒരു മാസത്തേക്കു യാത്ര ചെയ്യാം. ഭുജിൽനിന്ന് അഹമ്മദാബാദ് വരെയെത്തുന്നതിന് 430 രൂപയാണ് ജിഎസ്ടി ഇല്ലാതെ ചെലവാകുക.
∙ ഇന്റർസിറ്റി യാത്രകൾക്കുവേണ്ടി
ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. പരമാവധി വേഗം 130 കിലോമീറ്ററാണ്. ഓട്ടമാറ്റിക് സ്ലൈഡിങ് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിലുണ്ട്. വന്ദേ മെട്രോ ഉൽപാദനം കൂട്ടിയതിനാൽ വൈകാതെ കേരളത്തിനും ട്രെയിനുകൾ ലഭിക്കും. കോഴിക്കോട്– എറണാകുളം, എറണാകുളം– കോയമ്പത്തൂർ, മംഗളൂരു– കോഴിക്കോട്, മധുര– ഗുരുവായൂർ (പാലക്കാട് വഴി), എറണാകുളം– തിരുവനന്തപുരം, കൊല്ലം– തിരുനെൽവേലി റൂട്ടുകളിൽ വന്ദേ മെട്രോ സർവീസുകൾക്കു സാധ്യതയുണ്ട്.