ADVERTISEMENT

കൊൽക്കത്ത∙ പിജി മെഡിക്കൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ആർ.ജി.കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ മനഃപൂർവം ശ്രമിച്ചെന്ന് കോടതിയിൽ സിബിഐ. സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്. ഇത്രയും ഗുരുതരമായ സംഭവത്തിൽ കേസെടുക്കാതിരിക്കാൻ സന്ദീപ് ഘോഷ് ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കോളജ് വൈസ് പ്രിൻസിപ്പലാണ് പൊലീസിൽ പരാതി നൽകിയത്. സന്ദീപ് ഘോഷിന്റെ പോളിഗ്രാഫ് പരിശോധനയുടെ ഫൊറൻസിക്  ഫലത്തിന്റെ അടിസ്ഥാനത്തിലാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയത്. 

സന്ദീപ് ഘോഷിനെയും എസ്എച്ച്ഒ അഭിജിത്ത് മൊണ്ഡലിനെയും സിബിഐ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസെടുക്കുന്നതിലും തെളിവ് ശേഖരണത്തിലും പൊലീസ് ഉദ്യോഗസ്ഥനു വീഴ്ചയുണ്ടായതായി സിബിഐ കണ്ടെത്തിയിരുന്നു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നതാണ് സന്ദീപ് ഘോഷിനെതിരായ കേസ്. പിജി ഡോക്ടറുടെ മൃതദേഹം കോളജിലെ സെമിനാർ ഹാളിനുള്ളിൽ കണ്ടെത്തിയ ഓഗസ്റ്റ് 9ന് രാവിലെ 10.03 മുതൽ  അഭിജിത്ത് മൊണ്ഡലുമായി സന്ദീപ് ഘോഷ് ബന്ധപ്പെട്ടിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. വെറും അഞ്ച് മിനിറ്റിനുള്ളിൽ എത്താവുന്ന സ്ഥലത്ത് വളരെ വൈകിയാണ് അഭിജിത്ത് മൊണ്ഡൽ എത്തിയത്. 

ബലാത്സംഗത്തെ നിസ്സാരവത്കരിക്കാൻ സന്ദീപ് ഘോഷ് ശ്രമിച്ചെന്നും കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അഭിജിത്തിന് നിർദേശം നൽകിയതായും സിബിഐ പറയുന്നു. ഇരുവരെയും കോടതി ചൊവ്വാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഒന്നാം പ്രതി സഞ്ജയ് റോയിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മെഡിക്കൽ കോളജിലെ സാമ്പത്തിക തിരിമറിക്കേസിൽ സന്ദീപ് ഘോഷിനെ സിബിഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

English Summary:

Kolkata rape-murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com