ADVERTISEMENT

കൊൽക്കത്ത ∙ പിജി വിദ്യാർഥിനിയായ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സമരം തുടരുന്ന ജൂനിയർ ഡോക്ടർമാരുമായി മുഖ്യമന്ത്രി മമത ബാനർജി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. സമരത്തിലുള്ള ജൂനിയർ ഡോക്ടർമാർ അത്യാഹിത വിഭാഗത്തിൽ ജോലിക്കെത്താമെന്ന് ചർച്ചയിൽ ധാരണയായെന്നാണ് സൂചന. കൂടിക്കാഴ്ചയെ കുറിച്ച് ഡോക്ടർമാരോ സർക്കാരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

പ്രതിഷേധം തുടരുന്ന ജൂനിയർ ഡോക്ടർമാരും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച 2 മണിക്കൂർ നീണ്ടു. 35 ജൂനിയർ ഡോക്ടർമാരുടെ പ്രതിനിധിസംഘമാണ് തിങ്കളാഴ്ച വൈകിട്ടോടെ യോഗത്തിന് എത്തിയത്. കേസിൽ സുതാര്യമായ അന്വേഷണം നടത്തണം, കൊൽക്കത്ത പൊലീസ് കമ്മിഷണറെയും ആരോഗ്യവകുപ്പ് സെക്രട്ടറിയെയും മാറ്റണം, സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം, ബംഗാൾ മെഡിക്കൽ കൗൺസിൽ പിരിച്ചുവിടണം, ഡോക്ടർമാർക്കെതിരെ സർക്കാർ നടപടികൾ അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് സംഘം മമതയോട് ആവശ്യപ്പെട്ടത്.

ചീഫ് സെക്രട്ടറി മനോജ് പന്ത് അയച്ച ഇമെയിലിനോടു വെസ്റ്റ് ബംഗാൾ ജൂനിയർ ഡോക്ടേഴ്സ് ഫ്രണ്ട് (ഡബ്ല്യുബിജെഡിഎഫ്) സംഘടന അനുകൂലമായി പ്രതികരിച്ചതിനൊപ്പം ചില നിബന്ധനകൾ മുന്നോട്ടുവച്ചിരുന്നു. സുതാര്യമായ അന്വേഷണം ആവശ്യപ്പെടുന്നതിനൊപ്പം യോഗത്തിന്റെ മിനിറ്റ്സും ചർച്ചയുടെ പൂർണ വിവരങ്ങളും റിക്കോർഡ് ചെയ്ത് പങ്കെടുത്ത എല്ലാവരുടെയും ഒപ്പ് വാങ്ങിക്കണമെന്നും നിബന്ധന വച്ചു. കൂടിക്കാഴ്ചയ്ക്കുള്ള അഞ്ചാമത്തെയും അവസാനത്തെയും ക്ഷണമാണിതെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

വിഷയം സുപ്രീം കോടതി പരിഗണിക്കുന്നതിനാൽ ലൈവ് സ്ട്രീമിങ് നടത്തുകയോ വിഡിയോ എടുക്കുകയോ ചെയ്യില്ലെന്ന നിലപാട് ചീഫ് സെക്രട്ടറി ആവർത്തിച്ചിരുന്നു. ഓഗസ്റ്റ് 9ന് ആർ.ജി. കർ മെഡിക്കൽ കോളജിൽ പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് ഒരു മാസത്തിലേറെയായി ജൂനിയർ ഡോക്ടർമാർ സമരം ചെയ്യുകയാണ്. 

English Summary:

After weeks of protests, West Bengal Chief Minister Mamata Banerjee has extended a final invitation to striking junior doctors for a closed-door meeting at her residence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com