ADVERTISEMENT

ന്യൂഡൽഹി∙ ആഗ്ര-ലക്‌നൗ എക്‌സ്‌പ്രസ്‌വേയിൽ യുവതിയെ കാറിനുള്ളിൽ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തെന്ന് പരാതി. ആഗ്ര സ്വദേശിനിയായ ഇരുപതു വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. ദൃശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിച്ച ശേഷം യുവതിയെ ഇവർ എക്‌സ്പ്രസ്‌വേയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്ന സംഘമാണ് യുവതിയെ പീഡിപ്പിച്ചത്. സമൂഹമാധ്യമത്തിൽ ഇത് സംബന്ധിച്ച് വന്ന പരസ്യം കണ്ടാണ് യുവതി ഇവരെ ബന്ധപ്പെട്ടത്. മേയ് 10നായിരുന്നു സംഭവം. 30,000 രൂപയ്ക്ക് സർട്ടിഫിക്കറ്റ് നൽകാമെന്നാണ് ഫോണിലൂടെ പരിചയപ്പെട്ട രാകേഷ് കുമാർ എന്ന വ്യക്തി യുവതിയോട് പറഞ്ഞത്.

15,000 രൂപ ആദ്യഘട്ടത്തിൽ ഓൺലൈനായി അയച്ചു നൽകി. ബാക്കി തുകയുമായി യുവതിയോട് ആഗ്ര – ലക്‌നൗ എക്സ്പ്രസ് വേയിൽ എത്താനായിരുന്നു നിർദേശം. രാകേഷ് കുമാറിനൊപ്പം ശ്രീനിവാസ് വർമയെന്ന വ്യക്തിയും ഇവിടെ ഉണ്ടായിരുന്നെന്നു യുവതി പറയുന്നു. കാറിൽ കയറാൻ ആവശ്യപ്പെട്ട ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും ഇവിടെ വച്ച് യുവതിയെ ഇവർ ബലാത്സംഗം ചെയ്യുകയുമായിരുന്നു. 

ഇതിനിടെ ബലാത്സംഗ രംഗം ഇവർ ക്യാമറയിൽ പകർത്തുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തെന്നും യുവതി ആരോപിക്കുന്നു. ആക്രമണത്തെക്കുറിച്ച് പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ, ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഇവർ ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയെ എക്‌സ്പ്രസ്‌വേയിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.

സംഭവം നടന്നയുടൻ ന്യൂ ആഗ്ര പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാനായി പോയെങ്കിലും, ലക്‌നൗ പൊലീസിന്റെ അധികാരപരിധിയിലാണ് കുറ്റകൃത്യം നടന്നതെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ പരാതി സ്വീകരിക്കാൻ വിസമ്മതിച്ചെന്ന് യുവതി ആരോപിച്ചു. പിന്നീട് ലക്‌നൗവിലേക്ക് പോയ ശേഷം ഏറെ വൈകിയാണ് തന്റെ പരാതിയിൽ പൊലീസ് എഫ്ഐആർ എടുത്തതെന്നും യുവതി പറയുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് ലക്‌നൗ പൊലീസ് അറിയിച്ചത്.

English Summary:

Woman Gang-Raped on Agra-Lucknow Expressway After Falling Prey to Fake Certificate Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com