ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ രണ്ടാംവാരം നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഔദ്യോഗിക വസതിയിലെ ഗണേശ പൂജയോട് അനുബന്ധിച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പെന്നു കരുതുന്നതായും ഷിൻഡെ പറഞ്ഞു. 288 സീറ്റുള്ള മഹാരാഷ്ട്രയിൽ സാധാരണ ഒറ്റഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടത്തുകയാണു പതിവ്. നവംബർ 26ന് അകം പുതിയ സർക്കാർ അധികാരമേൽക്കണം.

‘‘ഒട്ടേറെ ക്ഷേമ, വികസന പദ്ധതികൾ നടപ്പാക്കിയിരിക്കെ വിജയപ്രതീക്ഷയിലാണ് എൻഡിഎ. സീറ്റ് വിഭജനം 10 ദിവസത്തിനകം പൂർത്തിയാക്കും. വിജയസാധ്യത മുൻനിർത്തിയായിരിക്കും എൻഡിഎയിലെ സ്ഥാനാർഥി നിർണയം’’– മുഖ്യമന്ത്രി പറഞ്ഞു. ആറായിരം രൂപ മുതൽ പതിനായിരം രൂപ വരെ സ്റ്റൈപ്പൻഡ് നൽകിയുള്ള തൊഴിൽപരിശീലന പദ്ധതിയിൽ 1.5 ലക്ഷം യുവാക്കളെ ഉൾപ്പെടുത്തി. 10 ലക്ഷം പേർക്ക് മികച്ച തുക സ്റ്റൈപ്പെൻഡ് നൽകി നൈപുണ്യവികസനം ഉറപ്പാക്കുന്നതാണു പദ്ധതി.

21 മുതൽ 65 വയസ്സു വരെയുള്ള അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ വീതം നൽകുന്ന ലാഡ്കി ബഹിൻ പദ്ധതിയിൽ 1.6 കോടി സ്ത്രീകളെ ചേർത്തു. 2.5 കോടി സ്ത്രീകൾക്ക് സഹായം എത്തിക്കുന്നതാണു പദ്ധതി. മുംബൈയെ ചേരിവിമുക്തമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സാധാരണക്കാർക്ക് താങ്ങാവുന്ന വിധമുള്ള ഭവനപദ്ധതികളും വ്യാപകമാക്കി. ഈ പദ്ധതികൾക്കായി സർക്കാർ ഏജൻസികളായ മാഡ, സിഡ്കോ, എംഎംആർഡിഎ എന്നിവയുടെ കൂട്ടായ പ്രവർത്തനം ഉറപ്പാക്കുന്നുണ്ടെന്നും ഷിൻഡെ പറഞ്ഞു.

മുഖ്യമന്ത്രിയാകാൻ മോഹമില്ല: ഉദ്ധവ് താക്കറെ

മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്നു ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ വ്യക്തമാക്കി. മുഖ്യമന്ത്രിസ്ഥാനാർഥിയെ നിശ്ചയിച്ച ശേഷം തിരഞ്ഞെടുപ്പിനെ നേരിടാൻ സഖ്യകക്ഷികളായ കോൺഗ്രസിനോടും എൻസിപി പവാർ പക്ഷത്തോടും ഉദ്ധവ് നേരത്തേ അഭ്യർഥിച്ചിരുന്നു. എന്നാൽ, ഇരുപാർട്ടികളും ആവശ്യം തള്ളി. കഴിഞ്ഞ ദിവസം അഹമ്മദ്നഗറിൽ നടത്തിയ പാർട്ടി സമ്മേളനത്തിൽ സംസാരിക്കവേയാണു മുഖ്യമന്ത്രിപദം എന്ന മോഹമില്ലെന്ന് ഉദ്ധവ് വ്യക്തമാക്കിയത്. 2019ൽ, ഒട്ടും പ്രതീക്ഷിക്കാതെയാണ് മഹാ വികാസ് അഘാഡി സർക്കാരിൽ മുഖ്യമന്ത്രിപദം ഏറ്റെടുക്കേണ്ടിവന്നത്. ബാൽ താക്കറെ ഒരിക്കലും അധികാരത്തിന്റെ പാതയിലേക്കു നീങ്ങിയിട്ടില്ല. എന്നാൽ, ജനങ്ങളുടെ പിന്തുണ മൂലം എല്ലാ അധികാരവും അദ്ദേഹത്തിന്റെ കരങ്ങളിലായിരുന്നു– ഉദ്ധവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com