ADVERTISEMENT

കൊച്ചി ∙ വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ സാമാന്യയുക്തിക്കു നിരക്കാത്തതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ ചെലവായെന്ന കണക്കില്‍ എന്തു വിശ്വാസ്യതയാണുള്ളത്? മെമ്മോറാണ്ടം തയാറാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. സര്‍ക്കാരിന്റെ കണക്കുകള്‍ ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ്. ഈ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മെമ്മോറാണ്ടമെണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ഇങ്ങനെയാണോ കേന്ദ്ര സര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിക്കുന്നത്? ഈ കണക്കിന് എസ്ഡിആര്‍എഫ് മാനദണ്ഡങ്ങളുമായി ഒരു ബന്ധവുമില്ല.

സെക്രട്ടേറിയറ്റിലെ സാമാന്യബുദ്ധിയുള്ള ഒരു ഉദ്യോഗസ്ഥനും ഇത്തരമൊരു കണക്ക് തയാറാക്കുമെന്ന് കരുതുന്നില്ല. ഈ കണക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റാണോ റവന്യൂ വകുപ്പാണോ തയാറാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇത്രയും ആളുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വലിയ തുകയാണ് കണക്കാക്കിയിരിക്കുന്നത്. നിരവധി മൃതശരീരങ്ങള്‍ ബന്ധുക്കള്‍ കൊണ്ടുപോയി സംസ്‌കരിച്ചിട്ടുണ്ട്. ബാക്കിയുള്ള മൃതശരീരങ്ങള്‍ സംസ്‌കരിക്കാന്‍ എംഎല്‍എയും പഞ്ചായത്തും ഉള്‍പ്പെടെയുള്ളവരാണ് എച്ച്എംഎല്ലുമായി സംസാരിച്ച് സ്ഥലം കണ്ടെത്തിയത്. കുഴിയെടുക്കാനുള്ള സൗകര്യം സ്ഥലത്തെ എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റാണ് നല്‍കിയത്. മുഴുവന്‍ മൃതദേഹങ്ങളും സംസ്‌കരിച്ചത് സന്നദ്ധ പ്രവര്‍ത്തകരാണ്. യാഥാർഥ്യം ഇതായിരിക്കെയാണ് ഒരു മൃതദേഹം സംസ്‌കരിക്കാന്‍ സര്‍ക്കാരിന് 75,000 രൂപ ചെലവായെന്ന കണക്ക് നല്‍കിയിരിക്കുന്നത്.

വൊളന്റിയര്‍മാര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനും സന്നദ്ധ പ്രവര്‍ത്തകരുമാണ് ഭക്ഷണം നല്‍കിയത്. കള്ളക്കണക്ക് എഴുതാതെ ശ്രദ്ധയോടെ നിവേദനം തയാറാക്കി നല്‍കിയിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ന്യായമായ സഹായം വാങ്ങിയെടുക്കാമായിരുന്നു. എവിടെയോ ആരോ തയാറാക്കിയ മെമ്മോറാണ്ടമല്ല സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടത്. വയനാട് ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ സഹായനിധിയില്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്.

യുക്തിക്കു നിരക്കാത്ത കണക്ക് എഴുതി വച്ചാല്‍ മെമ്മോറാണ്ടം പരിശോധിക്കുന്ന കേന്ദ്ര സര്‍ക്കാർ ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുക്കുമോ? ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിനു തയാറാകണം. 2000 കോടിയുടെയെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനം വയനാട്ടില്‍ നടത്തേണ്ടി വരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ശേഷം ധനസഹായം കിട്ടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. സര്‍ക്കാരിന് ഇല്ലാത്ത പരാതി പ്രതിപക്ഷം എങ്ങനെ ഉന്നയിക്കും?’’– സതീശൻ ചോദിച്ചു.

English Summary:

VD Satheesan Against Wayanad Landslide Expense List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com