ADVERTISEMENT

തിരുവനന്തപുരം∙ എഡിജിപി എം.ആര്‍.അജിത്‌കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച സിപിഐയുടെ കാത്തിരിപ്പ് നീളും. എഡിജിപിയെ മാറ്റിനിര്‍ത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടപ്പോള്‍ അന്വേഷണം അവസാനിക്കുന്നതുവരെ കാത്തിരിക്കാനാണ് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇത് അംഗീകരിച്ച് പുറത്തുവന്ന സിപിഐ നേതാക്കള്‍, യോഗത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയെന്നും മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുകയാണെന്നുമാണു പറഞ്ഞത്.

എന്നാല്‍ എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഉത്തരവ് ഇതുവരെ ഡിജിപി എസ്.ദര്‍വേഷ് സാഹിബിനു കൈമാറിയിട്ടില്ല. ഇക്കാര്യത്തില്‍ സിപിഐയുടെ നിരന്തരമായ ആവശ്യം മുഖ്യമന്ത്രി കാര്യമായെടുത്തിട്ടില്ല എന്നാണു വ്യക്തമാകുന്നത്. കൂടിക്കാഴ്ച സംബന്ധിച്ചു വിവാദം ഉയര്‍ന്നപ്പോഴെല്ലാം അന്വേഷണം വരെ കത്തിരിക്കൂ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും ആവര്‍ത്തിച്ചത്.

എന്നാല്‍ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ കാത്തിരിപ്പ് നീളുമെന്നാണു മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കുന്നത്. ദേശീയ നേതൃത്വം വരെ ഇടപെട്ടു റിപ്പോര്‍ട്ടു തേടിയ വിഷയത്തില്‍ നടപടി നീളുന്നത്തില്‍ കടുത്ത അതൃപ്തിയിലാണു  സിപിഐ. കൂടിക്കാഴ്ച ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ക്രമസമാധാനച്ചുമതലയില്‍നിന്ന് എഡിജിപിയെ മാറ്റിനിര്‍ത്തണമെന്നുമാണ് സിപിഐ ഉന്നയിച്ച ആവശ്യം. എന്നാല്‍ ഇതു മുഖവിലയ്ക്ക് എടുക്കാത്ത നിലപാടാണ് സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നത്. ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട സംഘടനയാണെന്നും എഡിജിപി വ്യക്തിപരമായി ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ തെറ്റില്ലെന്നുമുള്ള സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവന സിപിഐയെ ചൊടിപ്പിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വവും ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ഷംസീറിനെതിരെ രംഗത്തുവന്നു.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച, തൃശൂരിലെ സിപിഐയുടെ തോല്‍വിയുമായി ബന്ധപ്പെടുത്തി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കാന്‍ പാര്‍ട്ടിക്ക് എഡിജിപിക്കെതിരെ പേരിനെങ്കിലും നടപടി അനിവാര്യമാണ്. എന്നാല്‍ വിശ്വസ്തനെ കൈവിടില്ല എന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ അണികള്‍ക്കു മുന്നില്‍ മുഖം നഷ്ടമാകുന്ന നിലയിലാണ് സിപിഐ. പി.വി.അന്‍വറിനെ തണുപ്പിക്കാന്‍ മലപ്പുറത്തെ പൊലീസ് മേധാവിയെയും എട്ട് ഡിവൈഎസ്പിമാരെയും കൂട്ടത്തോടെ മാറ്റിയ മുഖ്യമന്ത്രി പക്ഷേ, എഡിജിപിയുടെ കാര്യത്തില്‍ മറ്റൊരു സമീപനമാണു സ്വീകരിച്ചത്.

എഡിജിപിക്കെതിരെ അവിഹിത സ്വത്തുസമ്പാദനം സംബന്ധിച്ച പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തലവന്‍ കൂടിയായ ഡിജിപി നല്‍കിയ വിജിലന്‍സ് അന്വേഷണ ശുപാര്‍ശയിലും മുഖ്യമന്ത്രിയുടെ ഓഫിസ് തീരുമാനമെടുത്തിട്ടില്ല. ഇടതുപക്ഷ എംഎല്‍എ പി.വി.അന്‍വര്‍ പ്രത്യേക സംഘത്തിനു നല്‍കിയ മൊഴിയിലാണ് അജിത്തിനെതിരെ അവിഹിത സ്വത്തുസമ്പാദനം ഉന്നയിച്ചത്. മൊഴി പരിശോധിച്ചശേഷം ഡിജിപി വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാരിന്റെ അനുമതി തേടുകയായിരുന്നു.

ഇക്കാര്യത്തിലും തീരുമാനം നീളുന്നത് അന്വേഷണം വൈകാന്‍ കാരണമാകും. ഡിജിപി വാക്കാല്‍ പറയുന്ന കാര്യങ്ങളില്‍ ഒരു പരിധിക്കപ്പുറം അന്വേഷണ സംഘത്തിനു മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന അവസ്ഥയാണുള്ളത്. ആര്‍എസ്എസ് നിരോധിത സംഘടന അല്ലാത്തതിനാല്‍, എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ ഔദ്യോഗികമായി ഉത്തരവിറക്കുമെന്ന ചോദ്യവും നിയമവിദഗ്ധര്‍ ഉയർത്തുന്നുണ്ട്.

English Summary:

ADGP- RSS Meeting: Order for probe not issued yet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com