ADVERTISEMENT

കോഴിക്കോട്∙ പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കൾ ഇന്ന് കേരളത്തിലെ കോൺഗ്രസിൽ ഇല്ലെന്ന് കെ. മുരളീധരൻ. കോഴിക്കോട് വെള്ളയിൽ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്‌മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ ഒരു പൊതുയോഗത്തിനോ തിരഞ്ഞെടുപ്പ് പ്രചാണത്തിനോ കെ.കരുണാകരൻ, എ.കെ.ആന്റണി, ഉമ്മൻചാണ്ടി എന്നിവർ മതിയാകുമായിരുന്നു. ഇന്ന് രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണെന്നും മുരളി വിമർശിച്ചു. 

തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോൺഗ്രസിലില്ല. ഒന്നിച്ചു നിൽക്കേണ്ട കാലമായതിനാൽ കൂടുതൽ പറയാനില്ല. പിണറായി വിജയനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് കരുതി ഇരിക്കരുത്. പണിയെടുത്താലേ ഭരണം കിട്ടൂ. സംസ്ഥാനത്ത് ബിജെപി -സിപിഎം ധാരണ ഒരുപാട് സ്ഥലത്തുണ്ട്. പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന്റെ സത്യം അറിയാമെന്നും മുരളീധരൻ പറഞ്ഞു.

തൃശൂരിൽ 56,000 വോട്ടുകൾ ബിജെപി ചേർത്തത് പാർട്ടിയിലെ വിദ്വാന്മാർ അറിഞ്ഞില്ല. എന്നിട്ടും ജയിക്കുമെന്നാണ് പറഞ്ഞത്. ഒരു വണ്ടിയിൽ കയറി യാത്ര ചെയ്യാൻ പറഞ്ഞു. വണ്ടിയിൽ നോക്കുമ്പോൾ സ്റ്റിയറിങ്ങുമില്ല, നട്ടുമില്ല, ബോൾട്ടുമില്ല. തൃശൂരിൽ ചെന്ന് പെട്ടുപോയി. എങ്ങനെയൊക്കെയോ ഭാഗ്യത്തിന് തടി കേടാകാതെ രക്ഷപ്പെട്ടതാണ്. ജീവനും കൊണ്ടാണ് ഓടിയത്. അതിനു മുന്നിൽ നിന്നത് കെ.പ്രവീൺ കുമാർ അടക്കമുള്ളവരാണെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് ഡിസിസി അധ്യക്ഷനായ പ്രവീൺ കുമാറിനെ വേദിയിലിരുത്തിയാണ് മുരളീധരൻ ഇക്കാര്യം പറഞ്ഞത്. 

തദ്ദേശ തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ ലാസ്റ്റ് ബസാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ടുനിന്ന് പരമാവധി സീറ്റ് നേടണം. തൃശൂരിൽ വലിയ പ്രതീക്ഷയൊന്നുമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

English Summary:

Muraleedharan Slams Kerala Congress Leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com