എഡിജിപി വിഷയം ഒതുക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും; ഗുരുതര രാഷ്ട്രീയ കുറ്റമെന്ന് സിപിഐ
Mail This Article
തിരുവനന്തപുരം∙ എഡിജിപി എം.ആര്‍.അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ സിപിഎം-സിപിഐ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. ആര്‍എസ്എസ് കൂടിക്കാഴ്ച രാഷ്ട്രീയ പ്രശ്‌നമാണെന്നും ഗുരുതര രാഷ്ട്രീയ കുറ്റമാണെന്നും സിപിഐ ആവര്‍ത്തിക്കുമ്പോള്‍ എഡിജിപിയുടെ വ്യക്തിപരമായ വിഷയമായി ഒതുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. വരും ദിവസങ്ങളില്‍ ഇടതുമുന്നണിയില്‍ വലിയ പൊട്ടിത്തെറികള്‍ക്കു തന്നെ കാരണമായേക്കാവുന്ന തരത്തിലാണ് എഡിജിപി പ്രശ്‌നം വളരുന്നത്.
അടുത്ത മാസം നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം അതിശക്തമായി വിഷയം ഉന്നയിക്കുമ്പോള്‍ സിപിഐ എന്തു സമീപനം സ്വീകരിക്കുമെന്നതും നിര്‍ണായകമാകും. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ അന്വേഷണത്തില്‍ കടുത്ത വിശ്വസക്കുറവാണ് സിപിഐ പ്രകടിപ്പിക്കുന്നത്. രാഷ്ട്രീയ പ്രശ്‌നത്തില്‍ എങ്ങനെയാണ് ഒരു ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് സിപിഐ ചോദിക്കുന്നു. അതുവരെ കാത്തിരിക്കേണ്ടതില്ലെന്നും എഡിജിപിയെ ഉടനടി ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റിനിര്‍ത്തണമെന്നും സിപിഐ ആവര്‍ത്തിക്കുമ്പോള്‍ വിശ്വസ്തനെ ചേര്‍ത്തുപിടിച്ച് സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ചെയ്യുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.
നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ആരോപണം ഉന്നയിച്ചതിനു പിന്നാലെ മലപ്പുറത്ത് പൊലീസ് മേധാവിയെയും എട്ട് ഡിവൈഎസ്പിമാരെയും കൂട്ടത്തോടെ മാറ്റിയ മുഖ്യമന്ത്രി പക്ഷെ എഡിജിപിയുടെ കാര്യത്തില്‍ സ്വീകരിക്കുന്ന സമീപനം പൊതുസമൂഹത്തില്‍ സിപിഐയുടെ പ്രതിച്ഛായയ്ക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്ന വിലയിരുത്തലാണ് പാര്‍ട്ടി. എഡിജിപി– ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അന്വേഷണം നടത്തുമെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് അപ്പാടെ അംഗീകരിച്ചത് രാഷ്ട്രീയ പാളിച്ചയായെന്ന അഭിപ്രായവും ഒരു വിഭാഗം സിപിഐ നേതാക്കള്‍ക്കുണ്ട്. അന്വേഷണം സംബന്ധിച്ച് യാതൊരു തുടര്‍നടപടിയും സ്വീകരിക്കാതെ മുഖ്യമന്ത്രിയുടെ ഓഫിസ് മുന്നണിയിലെ രണ്ടാം കക്ഷിയെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശനം സിപിഐ സംസ്ഥാന നേതൃത്വത്തിനു തലവേദനയായി.
ഇടതുപക്ഷം എക്കാലത്തും ശക്തമായി എതിര്‍ക്കുന്ന സംഘടനയായ ആര്‍എസ്എസിന്റെ നേതാക്കളുമായി ഇടതുസര്‍ക്കാരിന്റെ പ്രതിനിധിയായ പൊലീസ് ഉന്നതന്‍ കൂടിക്കാഴ്ച നടത്തുന്നത് രാഷ്ട്രീയ പ്രശ്‌നമാണെന്നും രാഷ്ട്രീയമായാണ് പരിഹാരം കാണേണ്ടത് എന്നുമാണ് സിപിഐ വ്യക്തമാക്കുന്നത്. എഡിജിപിക്കെതിരായ നടപടി ഒരു തരത്തിലും നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും പാര്‍ട്ടി നേതൃതം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതു മുഖവിലയ്ക്ക് എടുക്കാതെ ഇക്കാര്യവും ഡിജിപി അന്വേഷിക്കുമെന്ന് പറഞ്ഞ് വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ശ്രമിക്കുന്നത്.
ആര്‍എസ്എസുമായി നടന്ന രഹസ്യ കൂടിക്കാഴ്ച രാഷ്ട്രീയ പ്രശ്‌നമാണെന്ന് അംഗീകരിക്കാതെ എഡിജിപിയുടെ വ്യക്തിപരമായ വിഷയമായി ഒതുക്കാനാണ് സിപിഎം ശ്രമം. കണ്ടത് പ്രശ്‌നമല്ല എന്തിനു കണ്ടു എന്നാണ് പ്രശ്‌നം എന്നും വ്യക്തിപരമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ല എന്നുമാണ് സിപിഎം നേതാക്കള്‍ പറയുന്നത്. കൂടിക്കാഴ്ചയെ ന്യായീകരിക്കാനായി, ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട സംഘടനയാണെന്നു വരെ ഇടതു നേതാവ് സമ്മതിക്കുന്ന കാഴ്ച രാഷ്ട്രീയ കേരളത്തിനു കൗതുകമായി.
ഇടതുസര്‍ക്കാരിന്റെ ജനവിധിക്ക് വിപരീതമായി നടന്ന കൂടിക്കാഴ്ച ഒരു തരത്തിലും രാഷ്ട്രീയമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടുമായി കടുത്ത എതിര്‍പ്പാണ് സിപിഐ ഉന്നയിക്കുന്നത്. ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികള്‍ക്കും വിയോജിപ്പുണ്ട്. എഡിജിപിയെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റാതെ മുന്നോട്ടുപോകുന്നതു മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് നേതാക്കളുടെ അഭിപ്രായം. ആര്‍എസ്എസ് കൂടിക്കാഴ്ചയും ഡിജിപിയുടെ അന്വേഷണപരിധിയില്‍ വരുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ഇക്കാര്യത്തില്‍ അനങ്ങാപ്പറ നയമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് സ്വീകരിക്കുന്നത്. ഇതു സംബന്ധിച്ച് യാതൊരു തരത്തിലുള്ള ഉത്തരവോ നിര്‍ദേശമോ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടില്ല.
ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രിക്കു വഴങ്ങിയത് തര്‍ക്കമൊഴിവാക്കാനാണെന്നും എഡിജിപിക്കെതിരായ നടപടി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും സിപിഐ ദേശീയ നിര്‍വാഹകസമിതി അംഗം പ്രകാശ് ബാബു പറഞ്ഞു. ഹിന്ദുത്വവര്‍ഗീയ ശക്തികളുമായി നിരന്തരപോരാട്ടമാണ് ഇടതുപാര്‍ട്ടികള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘‘അവരുമായി യോജിക്കാന്‍ കഴിയില്ല. അങ്ങനെയുള്ള സംഘടനയുടെ നേതാക്കളെ പൊലീസ് മേധാവി സന്ദര്‍ശിച്ചു എന്നു പറഞ്ഞാല്‍ രാഷ്ട്രീയ നേതൃത്വത്തിന് ജനങ്ങളോടു ഉത്തരം പറയാന്‍ കഴിയാത്ത അവസ്ഥയാകും. അതുകൊണ്ടാണ് എഡിജിപിയെ ക്രമസമാധാനച്ചുമതലതയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് സിപിഐ ആവശ്യപ്പെടുന്നത്.
ഡിജിപി അന്വേഷിക്കുമെന്ന് പറയുന്നത് തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. പക്ഷേ എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച രാഷ്ട്രീയ വിഷയമാണ്. ഇടതുപാര്‍ട്ടികള്‍ കേരളത്തില്‍ സര്‍ക്കാരിന് നേതൃത്വം കൊടുക്കുമ്പോള്‍ ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നതും രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതുമായ സംഘടനയായ ആര്‍എസ്എസിന്റെ നേതാക്കളെ രഹസ്യമായി സന്ദര്‍ശിച്ചുവെന്നത് രാഷ്ട്രീയമായി ഏറെ ഗൗരവമുള്ള പ്രശ്‌നമാണ്. ഒരു രാഷ്ട്രീയ പ്രശ്‌നത്തില്‍ എങ്ങനെയാണ് ഒരു ഉദ്യോഗസ്ഥന്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കുന്നത്?.
തൃശൂര്‍ പൂരവുമായി ഇതിനു ബന്ധമില്ല. 2023ല്‍ കേരളത്തിനു പുറത്തുള്ള രണ്ട് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഒന്നുകില്‍ എഡിജിപി ആഭ്യന്തരവകുപ്പിന്റെ സമ്മതം തേടണമായിരുന്നു. അല്ലെങ്കില്‍ വ്യക്തിപരമായ ആവശ്യത്തിനു കാണുന്നുവെന്ന് എഴുതിക്കൊടുക്കണമായിരുന്നു. ഇതൊന്നും കൂടാതെ ഒരു ഉദ്യോഗസ്ഥന്‍ പോയി കണ്ടത് അംഗീകരിക്കാന്‍ കഴിയില്ല. അന്വേഷണറിപ്പോര്‍ട്ടില്‍ കൂടി കണ്ടുപിടിക്കാന്‍ കഴിയുന്ന കുറ്റമല്ല എം.ആര്‍.അജിത് കുമാര്‍ ചെയ്തിരിക്കുന്നത്. കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി തന്നെ പിന്നീട് സമ്മതിച്ചിട്ടുണ്ട്. രാഷ്ട്രീയമായി അതു ഗുരുതരമായ കുറ്റമാണ്’’– പ്രകാശ് ബാബു പറഞ്ഞു.
എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷണം ഉണ്ടാകുമെന്ന് ഇടതു മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ച് യാതൊരു തുടര്‍നീക്കങ്ങളും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ഉത്തരവും ഇതുവരെ ഡിജിപി എസ്.ദര്‍വേഷ് സാഹിബിന് കൈമാറിയിട്ടില്ല. എഡിജിപി- ആര്‍എസ്എസ് കുടിക്കാഴ്ച സംബന്ധിച്ച് വിവാദം ഉയര്‍ന്നപ്പോഴെല്ലാം അന്വേഷണം വരെ കത്തിരിക്കൂ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും ആവര്‍ത്തിച്ചത്. ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട സംഘടനയാണെന്നും എഡിജിപി വ്യക്തിപരമായി ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ തെറ്റില്ലെന്നുമുള്ള സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവന സിപിഐയെ ചൊടിപ്പിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വവും ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ഷംസീറിനെതിരെ രംഗത്തുവന്നിരുന്നു.
എഡിജിപിക്കെതിരെ അവിഹിത സ്വത്തുസമ്പാദനം സംബന്ധിച്ച പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തലവന്‍ കൂടിയായ ഡിജിപി നല്‍കിയ വിജിലന്‍സ് അന്വേഷണ ശുപാര്‍ശയിലും മുഖ്യമന്ത്രിയുടെ ഓഫിസ് തീരുമാനമെടുത്തിട്ടില്ല. പി.വി.അന്‍വര്‍ പ്രത്യേക സംഘത്തിനു നല്‍കിയ മൊഴിയിലാണ് അജിത്തിനെതിരെ അവിഹിത സ്വത്തു സമ്പാദനം ഉന്നയിച്ചത്. മൊഴി പരിശോധിച്ച ശേഷം ഡിജിപി വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാരിന്റെ അനുമതി തേടുകയായിരുന്നു. ഇക്കാര്യത്തിലും തീരുമാനം നീളുന്നത് അന്വേഷണം വൈകാന്‍ കാരണമാകും. ഡിജിപി വാക്കാല്‍ പറയുന്ന കാര്യങ്ങളില്‍ ഒരു പരിധിക്കപ്പുറം അന്വേഷണ സംഘത്തിനു മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന അവസ്ഥയാണുള്ളത്.