ADVERTISEMENT

ശ്രീനഗർ∙ കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നത് ഉൾപ്പെടെ കൈനിറയെ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിൽ തിരഞ്ഞെടുപ്പ് റാലി അഭിസംബോധ ചെയ്യവേയായിരുന്നു മോദിയുടെ പ്രഖ്യാപനം. അധികാരത്തിൽ എത്തിയാൽ കുടുംബത്തിലെ പ്രായമായ സ്ത്രീകൾക്ക് വർഷം 18,000 രൂപ. എല്ലാ കുടുംബങ്ങൾക്കും വർഷം ഏഴു ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യം. സോളാർ പാനൽ സ്ഥാപിക്കാൻ 80,000 രൂപ. 

ജമ്മു കശ്മീരിലെ ജനങ്ങൾ എങ്ങനെയാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് എന്നാണ് ലോകം ഇപ്പോൾ വീക്ഷിക്കുന്നത്. ഇതിൽ കശ്മീർ ജനതയെ താൻ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. സെപ്റ്റംബർ 25ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള വോട്ടിങ് റെക്കോർഡുകളെല്ലാം തകർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

രാഷ്ട്രീയ നേട്ടങ്ങൾക്കായി ജമ്മു കശ്മീരിലെ യുവജനതയുടെ കയ്യിൽ ആയുധം നൽകിയത് കോൺഗ്രസും നാഷനൽ കോൺഫറൻസും പിഡിപിയും ചേർന്നാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു തലമുറയെ ഇല്ലാതാക്കാൻ ‘ഈ മൂന്നു കുടുംബങ്ങളെ’ (കോൺഗ്രസും നാഷനൽ കോൺഫറൻസും പിഡിപി)അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘‘ഒരു സമയത്ത് നമ്മുടെ യുവതലമുറ പഠനത്തിൽനിന്നെല്ലാം വ്യതിചലിച്ച് സ്കൂളുകളൊക്കെ ഉപേക്ഷിച്ചിരുന്നു. അവരുടെ കയ്യിൽ ആയുധങ്ങൾ നൽകുന്നതിൽ ഈ മൂന്നു കുടുംബങ്ങൾ സന്തോഷം കണ്ടെത്തി. അവർ സ്വന്തം നേട്ടങ്ങൾക്കായി ഒരു ജനതയുടെ ഭാവി ഇല്ലാതാക്കി. ജമ്മു കശ്മീരിനെതിരായ എല്ലാ ഗുഢാലോചനകളെയും ചെറുത്തു തോൽപിക്കേണ്ടത് അത്യാവശ്യമായിരുന്നു. യുവജനതയ്ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് മോദി സർക്കാരിന്റെ ഉദ്ദേശ്യം, ഇത് മോദിയുടെ ഉറപ്പാണ്.’’–മോദി പറഞ്ഞു.

കോൺഗ്രസും നാഷനൽ കോണ്‍ഫറൻസും പിഡിപിയുടെ കുടുംബരാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ഈ മൂന്നു കുടുംബങ്ങളുടെ കയ്യിൽപ്പെട്ട് മറ്റൊരു തലമുറകൂടി ഇല്ലാതാകാൻ ഞാൻ അനുവദിക്കില്ല. അതിനാലാണ് കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ അഹോരാത്രം പരിശ്രമിക്കുന്നത്. ഇപ്പോൾ ജമ്മു കശ്മീരിൽ സ്കൂളുകളും കോളജുകളും സാധാരണപോലെ പ്രവർത്തിക്കുന്നു. കുട്ടികളുടെ കയ്യിൽ പേനയും ബുക്കും ലാപ്ടോപ്പുമാണ്. ഇപ്പോൾ സ്കൂളുകളിൽ അക്രമ സംഭവങ്ങളുടെ വാർത്തകൾ കേൾക്കാനില്ല. പകരം പുതിയ സ്കൂളുകൾ, കോളജുകൾ, എയിംസ്, മെഡിക്കൽ കോളജുകൾ, ഐഐടികൾ എന്നിവ നിർമിക്കുന്നു.’’–മോദി പറഞ്ഞു.

എങ്ങനെയും അധികാരം പിടിച്ചെടുക്കുക എന്നത് ജന്മാവകാശമാണെന്നാണ് മൂന്നു പാർട്ടികളും കരുതുന്നതെന്നും മോദി കുറ്റപ്പെടുത്തി. കശ്മീർ താഴ്‌വരയിൽ ഭയവും അരാജകത്വവും വിതയ്ക്കുകയാണ് ഇവർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കശ്മീരിൽ യുവതലമുറ ഇവരുടെ ലക്ഷ്യം മനസ്സിലാക്കി അവരെ വെല്ലുവിളിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും മോദി പറഞ്ഞു.

English Summary:

Modi in Srinagar: "Won't Let These Three Families Destroy Another Generation"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com