ADVERTISEMENT

കാസർകോട് ∙ ദേശീയ കബഡി താരമായ കായികാധ്യാപിക ജീവനൊടുക്കിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 3 ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ബേഡകം കുട്ട്യാനം സ്വദേശിനി പ്രീതി (26) 2017 ഓഗസ്റ്റ് 18ന് ആണ് സ്വന്തം വീട്ടിൽ മരിച്ചത്. ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട്ടെ പൊറവങ്കര വീട്ടിൽ രാകേഷ് കൃഷ്ണൻ (38), ഭർതൃമാതാവ് ശ്രീലത (59) എന്നിവർക്കാണ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി (1) എ.മനോജ് ശിക്ഷ വിധിച്ചത്.

രാകേഷ് കൃഷ്ണയ്ക്ക് 7 വർഷവും ശ്രീലതയ്ക്ക് 5 വർഷവും കഠിനതടവും ഇരുവർക്കും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 2 മാസംകൂടി കഠിനതടവ് അനുഭവിക്കണം. സ്ത്രീധനപീഡന കുറ്റത്തിൽ 2 വർഷംവീതം കഠിനതടവും ഒരുലക്ഷം രൂപവീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 2 മാസംകൂടി കഠിനതടവ് അനുഭവിക്കണം.

പ്രീതിക്ക് 9 വയസ്സുള്ള മകളുണ്ട്. നഷ്ടപരിഹാരത്തുക കുട്ടിക്ക് നൽകാൻ ജില്ലാ നിയമസേവന സഹായ അതോറിറ്റിക്കു നി‍ർദേശം നൽകി. രണ്ടാം പ്രതിയായിരുന്ന ഭർതൃപിതാവ് ടി.കെ.രമേശൻ വിചാരണയ്ക്കിടെ മരിച്ചു. 20 സാക്ഷികൾ, 27 രേഖകൾ, അമ്മ, സഹോദരൻ എന്നിവരുടെ മൊഴികൾ, പ്രീതി പൊലീസിൽ നൽകിയ പരാതി, ഡയറിക്കുറിപ്പ്, മരിക്കുന്നതിനു തലേന്നു പ്രീതി അഭിഭാഷകന് തയാറാക്കി നൽകിയ 39 പേജുള്ള കുറിപ്പ് തുടങ്ങിയവയാണ് പ്രതികൾ ക്രൂരമായി പീഡിപ്പിച്ചതിനു തെളിവുകളായി കോടതിയിൽ ഹാജരാക്കിയത്.

ബേഡകം എസ്ഐ എ.ദാമോദരൻ ആദ്യം അന്വേഷിച്ച കേസിൽ കാസർകോട് ഡിവൈഎസ്പി എം.വി.സുകുമാരനാണ് തുടരന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ ഗവ.പ്ലീഡർ ഇ.ലോഹിതാക്ഷൻ, ആതിര ബാലൻ എന്നിവർ ഹാജരായി.

English Summary:

National Kabaddi Player's Suicide: Husband, Mother-in-law Sentenced to Rigorous Imprisonment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com