ADVERTISEMENT

കൊച്ചി ∙ മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും മുൻ എംഎൽഎ ടി.വി.രാജേഷിന്റെയും വിടുതൽ ഹർജി എറണാകുളം സിബിഐ സ്പെഷൽ കോടതി തള്ളി. കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി.ജയരാജനും ടി.വി.രാജേഷും സിബിഐ സ്പെഷൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹർജി നൽകിയത്. ഇതാണ് ഇന്ന് സിബിഐ സ്പെഷൽ കോടതി ജഡ്ജി പി.ശബരിനാഥൻ തള്ളിയത്.

നേരത്തെ സിബിഐ കുറ്റപത്രത്തിൽ പി,ജയരാജനും ടി.വി.രാജേഷിനുമെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ഒഴിവാക്കിയായിരുന്നു പി.ജയരാജനും ടി.വി.രാജേഷിനുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിന്നീട് അബ്ദുൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് വിടുകയും കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിടുകയുമായിരുന്നു. അതിനെ തുടർന്നാണു ക്രിമിനൽ ഗൂഢാലോചന കുറ്റവും കൂടി ഉൾപ്പെടുത്തി സിബിഐ പി.ജയരാജനും ടി.വി.രാജേഷിനുമേതിരെ കുറ്റപത്രം സമർപ്പിച്ചത്. 

പി.ജയരാജന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ 30 ഓളം വരുന്ന സിപിഎം പ്രവർത്തകർ ചേർന്ന് തടങ്കലിൽ വച്ചു വിചാരണ ചെയ്തു കൊലപ്പെടുത്തി എന്നാണ് കേസ്. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ചു നടന്നു എന്നാണ് സിബിഐ പറയുന്നത്. കല്ലേറിനെ തുടർന്ന് ജയരാജനെയും രാജേഷിനേയും ഈ ആശുപത്രിയിലാണു പ്രവേശിപ്പിച്ചിരുന്നത്. 

കേസിൽ തങ്ങൾക്കെതിരെ ഗൂഢാലോചന കുറ്റം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്നായിരുന്നു ജയരാജനും രാജേഷും വിടുതൽ ഹർജിയിൽ പറഞ്ഞിരുന്നത്. വിടുതൽ ഹർജിയെ എതിർത്തു കൊണ്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും കേസിൽ കക്ഷി ചേർന്നിരുന്നു. തളിപ്പറമ്പ് ആശുപത്രിയിലെ 315ാം നമ്പർ മുറിയിൽ വച്ച് ജയരാജന്റെയും രാജേഷിന്റെയും നേതൃത്വത്തിൽ ഗൂഡാലോചന നടന്നു എന്നും ഇതിൽ പങ്കെടുത്ത 2 പേർ ഷുക്കൂറിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും അത് സാധൂകരിക്കുന്ന ഫോൺ വിളികളുടെ റെക്കോർഡുകളും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളും തെളിവായുണ്ടെന്നുമാണു സിബിഐ വാദിച്ചത്. മാത്രമല്ല, ഗൂഢാലോചന നേരിട്ട് കണ്ട ദൃക്‌സാക്ഷികളുടെ മൊഴികൾ ഉണ്ടെന്നും അതിനാൽ വിടുതൽ ഹർജി തള്ളണമെന്നും സിബിഐ വാദിച്ചിരുന്നു. തുടർന്നാണ് പി.ജയരാജനും ടി.വി.രാജേഷും വിചാരണ നേരിടണമെന്നു കാട്ടി വിടുതൽ ഹർജി കോടതി തള്ളിയത്.

English Summary:

Shukkoor Murder Case: Court Rejects Petitions of P Jayarajan, T V Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com