ADVERTISEMENT

കൊച്ചി∙ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണം ദുഃഖകരവും തീരാനഷ്ടവുമാണെന്ന് ഏൺസ്റ്റ് ആന്റ് യങ്ങിന്റെ (ഇവൈ) അനുശോചന സന്ദേശം. അന്നയുടെ കുടുംബത്തെയാണ് കമ്പനി അനുശോചനം അറിയിച്ചത്. ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതിൽ കമ്പനി പ്രാധാന്യം നൽകുന്നു. ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്നും കമ്പനി കത്തിൽ പറഞ്ഞു. അമിത ജോലിഭാരം കാരണമാണ് അന്ന മരിച്ചത് എന്നാണ് മാതാവ് അനിതാ അഗസ്റ്റിൻ ഇവൈക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നത്.

‘‘കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ ഒരു നടപടിക്കും കഴിയില്ലെങ്കിലും, ദുരിത സമയങ്ങളിൽ ഞങ്ങൾ എപ്പോഴും ചെയ്യുന്നതുപോലെ എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്. അത് തുടരും. അന്ന സെബാസ്റ്റ്യന്റെ ദാരുണവും അകാലത്തിലുള്ളതുമായ വേർപാടിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഞങ്ങളുടെ അഗാധമായ അനുശോചനം ദുഃഖിതരായ കുടുംബത്തെ അറിയിക്കുന്നു.

അന്നയുടെ കുടുംബത്തിന്റെ കത്ത് ഞങ്ങൾ അതീവ ഗൗരവത്തോടെയും വിനയത്തോടെയും എടുക്കുന്നു. എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിന് ഏറ്റവും ഉയർന്ന പ്രാധാന്യം നൽകുന്നു. ഇന്ത്യയിലെ ഇവൈ സ്ഥാപനങ്ങളിലുടനീളമുള്ള ഞങ്ങളുടെ പതിനായിരത്തോളം ജീവനക്കാർക്ക് ആരോഗ്യകരമായ ജോലിസ്ഥലം നൽകുന്നതിനുള്ള വഴികൾ കണ്ടെത്തുന്നത് തുടരും’’ – കമ്പനി കത്തിൽ വ്യക്തമാക്കി. ഇവൈ അധികൃതർ അന്നയുടെ മാതാപിതാക്കളെ കൊച്ചിയിലെത്തി സന്ദർശിക്കും.

മകളുടെ മരണത്തിനു കാരണമായത് കമ്പനിയിലെ അമിത ജോലിഭാരവും അനാരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷവുമാണെന്ന് ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മേമനിക്ക് അയച്ച കത്തിൽ അന്നയുടെ മാതാവ് അനിത ആരോപിച്ചിരുന്നു. മരണശേഷം നാലു മാസത്തോളമായി കമ്പനി തുടരുന്ന മനോഭാവത്തെയും ഇവർ കുറ്റപ്പെടുത്തി. മകൾ മരിച്ചിട്ട് കമ്പനിയിൽനിന്ന് ഒരാൾ പോലും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

മാർച്ചിലാണ് അന്ന ഇവൈ ഇന്ത്യയുടെ ഭാഗമാകുന്നത്. നാലു മാസത്തിനിപ്പുറം ജൂലൈയിൽ അന്ന മരിച്ചു. പുണെയിൽ ഇവൈ ഗ്ലോബലിന്റെ സഹസ്ഥാപനമായ എസ്ആർ ബാറ്റ്ലിബോയിയിലെ ഓഡിറ്റ് ടീമിന്റെ ഭാഗമായിരുന്നു.

English Summary:

EY Issues Condolence Letter, Vows Healthy Work Environment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com