പലസ്തീൻ അനുകൂല പ്രമേയവുമായി യുഎൻ; വിട്ടുനിന്ന് ഇന്ത്യ, പിന്തുണച്ച് 124 രാജ്യങ്ങൾ
Mail This Article
വാഷിങ്ടൻ ∙ യുഎന്നിന്റെ പലസ്തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്ന് ഇന്ത്യ. പലസ്തീൻ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്നായിരുന്നു പ്രമേയം. 124 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. 12 മാസത്തിനകം അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽനിന്നും ഇസ്രയേലിന്റെ അനധികൃത സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുസഭ പ്രമേയം പാസാക്കിയത്.
14 രാജ്യങ്ങൾ എതിർത്തു. 43 രാജ്യങ്ങൾ വിട്ടുനിന്നു. ഓസ്‌ട്രേലിയ, കാനഡ, ജർമനി, ഇറ്റലി, നേപ്പാൾ, യുക്രെയ്ൻ, യുകെ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പം വിട്ടുനിന്നവരുടെ കൂട്ടത്തിലുണ്ട്. പ്രമേയത്തെ എതിർക്കുന്നവരിൽ ഇസ്രയേലും യുഎസും ഉണ്ട്.
‘‘രാജ്യാന്തര നിയമം ആവർത്തിച്ച് ലംഘിക്കപ്പെടുമ്പോൾ രാജ്യാന്തര സമൂഹത്തിനു തിരിഞ്ഞുനിൽക്കാൻ കഴിയില്ല. ഉടനടി നടപടിയെടുക്കണം. രാജ്യാന്തര നിയമങ്ങളുടെ ലംഘനങ്ങൾ പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയാണ്’’ – യുഎന്നിലെ പലസ്തീൻ പ്രതിനിധി പ്രസംഗത്തിൽ പറഞ്ഞു,
ഇസ്രയേലിന്റെ നടപടികളെ തകർക്കാൻ രൂപകൽപന ചെയ്ത മറ്റൊരു രാഷ്ട്രീയ പ്രേരിത നീക്കം എന്നാണ് യുഎന്നിൽ ഇസ്രയേൽ അംബാസഡർ ഗിലാഡ് എർദാൻ പറഞ്ഞത്. പ്രമേയം സമാധാനത്തിനു സംഭാവന നൽകില്ല. പകരം മേഖലയിലെ സംഘർഷങ്ങൾ വർധിപ്പുമെന്നായിരുന്നു യുഎസിന്റെ അഭിപ്രായം.