അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണം
Mail This Article
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം തുടങ്ങിയ ആരോപണങ്ങൾ അന്വേഷണ പരിധിയിൽ വരും. സസ്പെൻഷനിലുള്ള എസ്പി സുജിത് ദാസിനെതിരെയും അന്വേഷണമുണ്ടാകും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും.
എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘത്തലവൻ കൂടിയായ ഡിജിപി എസ്.ദർവേഷ് സാഹിബ് കഴിഞ്ഞയാഴ്ചയാണ് വിജിലൻസ് അന്വേഷണ ശുപാർശ നൽകിയത്. ചില അഴിമതി ആരോപണങ്ങൾ ആദ്യം ഉന്നയിച്ച പി.വി.അൻവർ എംഎൽഎ പിന്നീടു പ്രത്യേക സംഘത്തിനു നൽകിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിനു ഡിജിപി സർക്കാരിന്റെ അനുമതി തേടിയത്.
അന്വേഷിക്കുന്ന പ്രധാന കാര്യങ്ങൾ ഇവ:
∙ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസ് വളപ്പിലെ മരം മുറി.
∙ ഓൺലൈൻ സ്ഥാപന ഉടമയ്ക്കെതിരെയുള്ള കേസിൽ കൈക്കൂലി വാങ്ങൽ.
∙ സ്വർണം തട്ടിയെടുത്തതായി എം.ആർ.അജിത് കുമാറിനും മുൻ മലപ്പുറം എസ്പി സുജിത് ദാസിനും ഡാന്‍സാഫ് ടീമിനും എതിരെ ഉയർന്ന ആരോപണങ്ങൾ.
∙ എം.ആർ.അജിത് കുമാർ കോടികൾ മുടക്കി ആഡംബര ഭവനം നിർമിക്കുന്നത്.
∙ എം.ആർ.അജിത് കുമാറും എസ്പി സുജിത് ദാസും ഡാന്‍സാഫ് ടീമും അവിഹിതമായി സ്വത്ത് സമ്പാദിച്ചത്.