ADVERTISEMENT

മുംബൈ∙ സമൂഹമാധ്യമങ്ങളിലെ വ്യാജ വാർത്തകൾ കണ്ടെത്തി നടപടിയെടുക്കുന്നതിനായി ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിച്ച കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഇത് ആർട്ടിക്കിൾ 14, 19 എന്നിവയുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. 

കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സ്റ്റാൻഡപ്പ് കൊമേഡിയൻ കുനാൽ കമ്ര നൽകിയ ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ നടപടി. ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിക്കാനുള്ള സർക്കാരിന്റെ ശ്രമം തടഞ്ഞ കോടതി ഇതിനായി ഐടി ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതിയും റദ്ദാക്കി. ജസ്റ്റിസ് എ.എസ്. ചന്ദൂർക്കറാണ് വിധി പറഞ്ഞത്. ‌

ജനുവരിയിൽ ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഈ വിഷയത്തിൽ ഭിന്ന വിധി പുറപ്പെടുവിച്ചതിനെത്തുടർന്ന് കേസ് മൂന്നാമത്തെ ജഡ്ജിയുടെ അടുത്തേക്ക് മാറ്റുകയായിരുന്നു. അന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേലും നീല ഗോഖലെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഭിന്ന വിധി പുറപ്പെടുവിച്ചത്. ബോംബെ ഹൈക്കോടതിയുടെ വിധിയിൽ മാറ്റം വരുന്നതു വരെ കേന്ദ്രസർക്കാരിന് ഫാക്ട് ചെക്ക് യൂണിറ്റ് തുടങ്ങാനാകില്ല. 

2023 ഏപ്രിൽ 6നാണ് ഐടി ആക്ടിൽ ചില ഭേദഗതികൾ വരുത്തി വ്യാജമോ തെറ്റായതോ  തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഓൺലൈൻ ഉള്ളടക്കം തിരിച്ചറിയുന്നതിനുള്ള ഒരു വസ്തുതാ പരിശോധന യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയത്.  കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വ്യാജമെന്നു മുദ്രകുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യേണ്ടി വരുന്ന തരത്തിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവർത്തനം. പിന്നാലെയാണ് സ്റ്റാൻഡപ്പ് കൊമേഡിയനായ കുനാൽ കമ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

English Summary:

Bombay High Court Strikes Down Government's Fact-Check Unit, Citing Free Speech Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com