ഓഹരിക്ക് ഗുഡ് ഫ്രൈഡേ; സെൻസെക്സ് 84,200 ഭേദിച്ചു, നിഫ്റ്റിക്കും റെക്കോർഡ്, രൂപയും മുന്നോട്ട്
Mail This Article
മുംബൈ∙ വിദേശ ഓഹരി വിപണികളുടെ ചുവടുപിടിച്ച് ഇന്നു വൻ നേട്ടത്തിലേക്ക് ഉയർന്ന് ഇന്ത്യൻ ഓഹരി സൂചികകളും. സെൻസെക്സ് 1,000 പോയിന്റിലധികം മുന്നേറി ചരിത്രത്തിലാദ്യമായി 84,200 പോയിന്റ് ഭേദിച്ചു. നിഫ്റ്റിയും സർവകാല റെക്കോർഡായ 25,725 പോയിന്റ് വരെയെത്തി. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്കു കടക്കവേ സെൻസെക്സുള്ളത് 998 പോയിന്റ് (+1.19%) നേട്ടവുമായി 84,168ൽ. നിഫ്റ്റി 295 പോയിന്റ് (+1.16%) ഉയർന്ന് 25,711ലും.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് അരശതമാനം വെട്ടിക്കുറച്ചതിനു പിന്നാലെ യുഎസ് ഓഹരി വിപണികളും ഏഷ്യൻ ഓഹരി വിപണികളും കാഴ്ചവച്ച മുന്നേറ്റം ഇന്ത്യൻ വിപണിക്കും ആവേശമാകുകയായിരുന്നു. യുഎസിൽ ഡൗ ജോൺസ് 1.26%, എസ് ആൻഡ് പി 500 1.70%, നാസ്ഡാക്ക് 2.51% എന്നിങ്ങനെയാണു കുതിച്ചത്. ഏഷ്യയിൽ ജാപ്പനീസ് സൂചികയായ നിക്കേയ് 1.53%, ഓസ്ട്രേലിയയുടെ എഎസ്എക്സ് 0.21% എന്നിങ്ങനെയും നേട്ടമുണ്ടാക്കി. പലിശയിളവിനു പിന്നാലെ ഡോളർ ദുർബലമായത് രൂപയ്ക്കും നേട്ടമായി. ഇന്ന് ഒൻപതു പൈസ ഉയർന്ന് 83.56ലാണ് രാവിലത്തെ സെഷനിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം.
സർവത്ര പച്ചപ്പ്
വിശാല വിപണിയിൽ ഇന്നു സർവം പച്ചമയമാണ്. എല്ലാ ഓഹരി വിഭാഗങ്ങളും വ്യാപാരം ചെയ്യുന്നത് നേട്ടത്തിൽ. നിഫ്റ്റി ഓട്ടോ സൂചിക 1.68%, എഫ്എംസിജി 0.96%, മെറ്റൽ 2.01%, സ്വകാര്യബാങ്ക് 0.90%, റിയൽറ്റി 0.97% എന്നിങ്ങനെ നേട്ടത്തിൽ മുന്നിൽ നിൽക്കുന്നു. ബാങ്ക് നിഫ്റ്റി 0.88 ശതമാനവും ഉയർന്നു.
ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം നാലു ലക്ഷം കോടി രൂപ വർധിച്ച് 469.5 ലക്ഷം കോടി രൂപയായി. ബ്രോക്കറേജുകളായ മക്വയറി, മോർഗൻ സ്റ്റാൻലി എന്നിവയിൽ നിന്ന് മികച്ച റേറ്റിങ്ങും ലക്ഷ്യവിലയും (ടാർജറ്റ് പ്രൈസ്) കിട്ടിയ കരുത്തിലാണ് മെറ്റൽ ഓഹരികളുടെ ഇന്നത്തെ മുന്നേറ്റം. എഫ്ടിഎസ്ഇ ഓൾ വേൾഡ് ഇൻഡെക്സിൽ ഇടംപിടിച്ച കരുത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരി 10 ശതമാനം ഉയർന്നു. മറ്റ് പ്രതിരോധ മേഖലാ ഓഹരികളും കുതിപ്പിലാണ്. സ്വർണപ്പണയ വിതരണത്തിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്ക് 6 മാസത്തിന് ശേഷം പിൻവലിച്ചതിന്റെ ആവേശത്തിൽ ഐഐഎഫ്എൽ ഫിനാൻസ് ഓഹരി 11 ശതമാനത്തിലധികവും കുതിച്ചു.