ADVERTISEMENT

കൊച്ചി∙  നാലു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം പലിശനിരക്കിൽ അര ശതമാനം കുറവു വരുത്താനുള്ള അമേരിക്കൻ ഫെഡറൽ റിസർവിന്റെ തീരുമാനം ആഗോള വിപണികളിലാകെ പ്രതിഫലിച്ചു.  രാജ്യത്തെ ഓഹരി വിപണികൾ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ പുതിയ ഉയരം കുറിച്ചു. ഒരു ഘട്ടത്തിൽ 825 പോയിന്റ് വരെ സെൻസെക്സും 236 പോയിന്റ് നിഫ്റ്റിയും ഉയർന്നെങ്കിലും വ്യാപാരാവസാനം വരെ ഇതേ രീതിയിൽ നേട്ടം നിലനിർത്താനായില്ല. കേന്ദ്ര ബാങ്ക് പലിശ കുറച്ചതിനു പിന്നാലെ അമേരിക്കൻ ഓഹരി വിപണികൾ കുതിച്ചെങ്കിലും പിന്നീട് ഇടിഞ്ഞു. എന്നാൽ, ഏഷ്യൻ, യൂറോപ്യൻ വിപണികൾ ഇന്നലെ നേട്ടത്തിലായിരുന്നു. അമേരിക്കയിൽ പലിശ കുറയുന്നത് ബാങ്കുകളിലുള്ള നിക്ഷേപം പിൻവലിച്ച്, ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ വിപണികളിലേക്കു കൊണ്ടുവരാൻ വൻകിട നിക്ഷേപകരെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയാണു വിപണിയിലുള്ളത്. എന്നാൽ, പലിശയിളവു നാളുകളായി പ്രതീക്ഷിച്ചിരുന്ന വിദേശ സ്ഥാപന നിക്ഷേപകർ ഇതിന്റെ പേരിൽ വൻതോതിൽ രാജ്യത്തെ വിപണികളിലേക്കു പണമൊഴുക്കാനുള്ള സാധ്യത ഇനി ഇല്ലെന്നു നിരീക്ഷിക്കുന്നവരുമുണ്ട്. 

എങ്കിലും പലിശ ഇനിയും കുറയുകയാണെങ്കിൽ ഇന്ത്യയിലേക്കു കൂടുതൽ നിക്ഷേപമെത്തും. അതേസമയം, മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ വൻതോതിൽ ലാഭമെടുപ്പ് നടക്കുന്നതിനാൽ റീട്ടെയ്ൽ നിക്ഷേപകർക്കു നഷ്ടം നേരിടുന്നുണ്ട്.

സ്വർണ വില ആദ്യം ഉയർന്നു,പിന്നീട് തിരിച്ചിറങ്ങി
പലിശ കുറയുന്നതു നിക്ഷേപകരെ സ്വർണത്തിലേക്കു കൂടുതൽ ആകർഷിക്കുമെങ്കിലും പ്രതീക്ഷിച്ച പ്രതിഫലനം രാജ്യാന്തര വിപണിയിലുണ്ടായില്ല. പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 30 ഡോളർ ഉയർന്ന് വില 2600 ഡോളറിലെത്തി. എന്നാൽ പിന്നീട് 2564 ഡോളറിലേക്കു തിരിച്ചിറങ്ങി. വൻകിട നിക്ഷേപകർ ലാഭമെടുക്കുന്നതും വില ഇടിയാൻ കാരണമാകുന്നുണ്ട്.

പലിശ കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്

അമേരിക്ക പലിശ കുറച്ചെങ്കിലും അടിസ്ഥാന നിരക്കിൽ മാറ്റം വരുത്താതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പലിശ 5% ആയി തുടരും. 2.2 ശതമാനമാണ് യുകെയിൽ നാണ്യപ്പെരുപ്പം. ഇത് കേന്ദ്രബാങ്കിന്റെ സഹനപരിധിക്കു മുകളിലാണ്.

English Summary:

Explore the ripple effects of the US interest rate cut on India and global markets, including stock market movements, gold price fluctuations, and the Bank of England's response.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com