അന്നയുടെ മരണം ലോക്സഭയിലെ ശൂന്യവേളയിൽ അവതരിപ്പിക്കും; മാതാപിതാക്കളോട് സംസാരിച്ച് രാഹുൽ ഗാന്ധി
Mail This Article
കൊച്ചി ∙ ജോലിഭാരവും സമ്മർദവും മൂലം ഹൃദയാഘാതം വന്ന് മരിച്ച അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിഷയം പാർലമെന്റില്‍ ഉന്നയിക്കുമെന്ന് വിഡിയോ കോളിൽ രാഹുൽ ഗാന്ധി അന്നയുടെ മാതാപിതാക്കളെ അറിയിച്ചു. പ്രൊഫഷനല്‍ കോൺഗ്രസ് ചെയർമാൻ പ്രവീൺ ചക്രവർത്തി ഉച്ചയോടെ അന്നയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കൾക്ക് രാഹുൽ ഗാന്ധിയുമായി സംസാരിക്കാനുള്ള അവസരമുണ്ടാക്കിയത്.
അരമണിക്കൂറോളം അന്നയുടെ മാതാപിതാക്കളുമായി സംസാരിച്ച രാഹുൽ ഗാന്ധി ഇവരെ ആശ്വസിപ്പിച്ചു. വിഷയം അങ്ങേയറ്റം ഗൗരവത്തോടെയാണ് എടുക്കുന്നതെന്നും വളരെ ശക്തമായി ഇത് ലോക്സഭയിലെ ശൂന്യവേളയിൽ അവതരിപ്പിക്കുമെന്നും രാഹുൽ ഗാന്ധി മാതാപിതാക്കളോട് പറഞ്ഞു. നേരത്തെ ശശി തരൂർ എംപിയും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഉച്ചകഴിഞ്ഞ് അന്നയുടെ വീട്ടിലെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാതാപിതാക്കളുമായി വിശദമായി സംസാരിച്ചു. അന്നയുടെ ജോലി സമയവും അനുബന്ധ കാര്യങ്ങളുമെല്ലാം ചോദിച്ചറിഞ്ഞ അദ്ദേഹം വിഷയത്തിൽ അടുത്ത നടപടികള്‍ ഉണ്ടാകണമെന്ന് വ്യക്തമാക്കി. മുക്കാൽ മണിക്കൂറോളം സുരേഷ് ഗോപി ഇവര്‍ക്കൊപ്പം സമയം ചെലവിട്ടു. ഇന്നു രാവിലെ മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ഹൈബി ഈഡന്‍ എം.പി തുടങ്ങിയവരും എറണാകുളം ജില്ലയിലെ കങ്ങരപ്പടിക്കടുത്തുള്ള വീട്ടിലെത്തി അന്നയുടെ പിതാവ് സിബി ജോസഫുമായും മാതാവ് അനിത അഗസ്റ്റിനുമായും സംസാരിച്ചിരുന്നു.
ബഹുരാഷ്ട്ര കൺസൽട്ടിങ് സ്ഥാപനമായ ഏൺസ്റ്റ് ആൻഡ് യങ്ങിന്റെ (ഇവൈ) പുണെയിലെ ഓഫീസിൽ ജോലി ചെയ്തിരുന്ന അന്ന ഇക്കഴിഞ്ഞ ജൂലൈ 20നാണ് അന്തരിച്ചത്. അന്നയുടെ ഓർമയ്ക്കായി ഇന്ത്യയിലെ കോർപറേറ്റ് ജീവനക്കാർക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ രാഹുൽ ഗാന്ധി എഐപിസി ചെയർമാനോട് നിർദേശിച്ചു. ജോലിസംബന്ധമായ സമ്മർദങ്ങൾ, മോശം തൊഴിൽ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പങ്കുവയ്ക്കുന്നതിനായി എഐപിസി അധികം വൈകാതെ ഒരു ഹെൽപ്‌ലൈൻ ആരംഭിക്കും. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള നിർദേശങ്ങളും മുന്നോട്ടുവയ്ക്കും.