ADVERTISEMENT

തിരുവനന്തപുരം∙ എം.എം.ലോറൻസിന്റെ വിയോഗം സിപിഎമ്മിനും ഇടതുപക്ഷത്തിനും രാജ്യത്തെ തൊഴിലാളി വർഗ മുന്നേറ്റത്തിനും കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ സ്വാതന്ത്ര്യസമര കാലത്തെ ഇന്നത്തെ ആധുനിക കാലവുമായി ബന്ധിപ്പിച്ചുനിര്‍ത്തിയിരുന്ന ഈടുറ്റ രാഷ്ട്രീയ കണ്ണിയെയാണ് സഖാവ് ലോറന്‍സിന്റെ വിടവാങ്ങലോടെ നാടിന് നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

‘‘ത്യാഗപൂര്‍ണ്ണമായ, യാതനാനിര്‍ഭരമായ രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിനെ തുടർന്ന് അതിഭീകരമായ മര്‍ദനമാണ് സഖാവിന്  നേരിടേണ്ടി വന്നത്. സഖാവ് ലോറന്‍സിനെയും സഖാക്കളെയും കാളക്കയര്‍ കൊണ്ട് കൂട്ടിക്കെട്ടി കഷ്ടിച്ചുള്ള വസ്ത്രം മാത്രം അണിയിച്ച് നടുവിന് തൊഴിച്ചും തോക്കിന്‍പാത്തി കൊണ്ട് ഇടിച്ചുമാണ് പൊതുനിരത്തിലൂടെ മണിക്കൂറുകളോളം പൊലീസ് നടത്തിച്ചത്. 

സമർഥനായ പാർലമെന്റേറിയനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന കാർക്കശ്യകാരനായ തൊഴിലാളി നേതാവുമായിരുന്നു അദ്ദേഹം. തോണിത്തൊഴിലാളികളെ മുതല്‍ ബീഡിത്തൊഴിലാളികളെ വരെയും ഫാക്ടറി തൊഴിലാളികളെ മുതല്‍ തുറമുഖ തൊഴിലാളികളെ വരെയും സംഘടിപ്പിച്ചതിന്‍റെ വൈവിധ്യം നിറഞ്ഞ അനുഭവങ്ങളാണ് അദ്ദേഹത്തെ നയിച്ചത്.  ഒരു പതിറ്റാണ്ട് കാലം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കണ്‍വീനറായിരുന്നു എം.എം. ലോറന്‍സ്. മുന്നണിയുടെ അടിത്തറ വിപുലമാക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശക്തിയും സ്വീകാര്യതയും വര്‍ധിപ്പിക്കുന്നതിനും അദ്ദേഹം നിരന്തരം ശ്രമിച്ചു.

ഏഴര പതിറ്റാണ്ടിലേറെ പാര്‍ടി അംഗമായിരിക്കുക, താഴേതലത്തിലും ഏറ്റവും ഉയര്‍ന്ന തലത്തിലും പ്രവര്‍ത്തിക്കുക, സമരരംഗത്തും സഭാവേദിയിലും പ്രവര്‍ത്തിക്കുക, ഒളിവിലും തെളിവിലും ജയിലിലും പ്രവര്‍ത്തിക്കുക, ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യാപരിക്കുക. ഇന്ന് അപൂര്‍വം പേര്‍ക്കുമാത്രം അഭിമാനിക്കാന്‍ കഴിയുന്ന കാര്യങ്ങളാണിത്’’– മുഖ്യമന്ത്രി പറഞ്ഞു.

English Summary:

"A Life of Sacrifice": CM Pinarayi Vijayan Pays Tribute to Veteran Leader MM Lawrence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com