‘പി.വി. അൻവർ തെറിക്കും, റിപ്പോര്‍ട്ട് അജിത് കുമാറിന് അനുകൂലമായിരിക്കും’; രമേശ് ചെന്നിത്തല
Mail This Article
തിരുവനന്തപുരം∙ സമൂഹത്തിലെ എല്ലാ കൊള്ളക്കാരെയും സാമൂഹ്യ വിരുദ്ധരെയും കള്ളക്കടത്തുകാരെയും സംരക്ഷിക്കുന്ന നിലയിലേക്ക് പിണറായി വിജയന്‍ ഭരണകൂടം മാറിയതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനം ഇത് വ്യക്തമാക്കുന്നതാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്നത്തെ വാർത്താസമ്മേളനത്തിലൂടെ രണ്ടു കാര്യങ്ങള്‍ വ്യക്തമായി. ഒന്ന്, പി.വി. അന്‍വര്‍ തെറിക്കും. രണ്ട്, അന്വേഷണത്തിനു ശേഷം വരുന്ന റിപ്പോര്‍ട്ട് എഡിജിപി അജിത് കുമാറിന് അനുകൂലമായിരിക്കും. മുഖ്യമന്ത്രി നേരിട്ടു സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ട് എഴുതാന്‍ ആര്‍ക്കും ധൈര്യമുണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
അന്‍വര്‍ കോണ്‍ഗ്രസുകാരനാണെന്നാണു മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. നിലമ്പൂരില്‍ രണ്ടു വട്ടം സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ മുഖ്യമന്ത്രിക്ക് ഇക്കാര്യം ഓര്‍മ്മയുണ്ടായിരുന്നില്ലേ. ഇത്ര കാലവും കൊണ്ടു നടന്ന അന്‍വറിനെ ഇപ്പോള്‍ തള്ളിപ്പറയുന്നു. ഇനി പുറത്താക്കലാണ് അടുത്ത നടപടി. അതുടന്‍ പ്രതീക്ഷിക്കാം. കൊള്ളക്കാരായ മുഴുവന്‍ പേരെയും സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. ഒരാള്‍ ആരോപണവിധേയനാണെങ്കില്‍ അയാളെ മാറ്റിനിര്‍ത്തിയാണ് അന്വേഷണം നടത്തേണ്ടത്. അതിനു പകരം എഡിജിപിക്കു താഴെയുള്ള ഉദ്യോഗസ്ഥരെ തന്നെ അന്വേഷണം ഏല്‍പിച്ചു. ആര്‍എസ്എസ് നേതാക്കളെ എഡിജിപി സന്ദര്‍ശിച്ച വിഷയം മുഖ്യമന്ത്രി വെള്ളപൂശുകയാണ്. കാരണം മുഖ്യനു വേണ്ടിയാണ് കൂടിക്കാഴ്ച. സ്വര്‍ണക്കടത്തും കൊലപാതകത്തിലും പങ്കുണ്ടന്നു പറഞ്ഞ ഭരണകക്ഷി എംഎല്‍എയെ തള്ളിപ്പറഞ്ഞ് എഡിജിപിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു.
തൃശൂര്‍ പൂരം അന്വേഷണ ഉത്തരവ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും നമ്പര്‍ മാത്രമായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തീര്‍ക്കുമെന്ന് ഉറപ്പ് പറഞ്ഞതാണ് സര്‍ക്കാര്‍. അഞ്ചു മാസം കഴിഞ്ഞ് പൂരം കലക്കിയെന്ന് ആരോപണമുയര്‍ന്നപ്പോള്‍ സെപ്റ്റംബർ 24 ന് റിപ്പോര്‍ട്ട് നല്‍കുമെന്നു പറയുന്നു. ആരെയാണ് ഈ മുഖ്യമന്ത്രി ഇങ്ങനെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണം. ദാവൂദ് ഇബ്രാഹിമിന്റെ ജോലി ചെയ്യുന്ന പൊളിറ്റിക്കല്‍ സെക്രട്ടറിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. അന്വേഷിക്കുക പോലും ചെയ്യാതെയാണ് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് കൊടുത്തത്. എഴുതിക്കൊടുത്താല്‍ അന്വേഷിക്കുമെന്നു പാര്‍ട്ടി സെക്രട്ടറി പറയുന്നതനുസരിച്ച് എഴുതിക്കൊടുത്തിട്ടും അന്വേഷണമില്ലെന്നും ചെന്നിത്തല പറഞ്ഞു.