ADVERTISEMENT

കൊച്ചി ∙ തൃശൂർ പൂരം കലക്കിയത് അന്വേഷിച്ചാൽ മുഖ്യമന്ത്രി വരെ പ്രതിയാകും എന്നതുെകാണ്ടാണ് ഇത്ര നാളായിട്ടും അന്വേഷണമില്ലാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി ഇന്നു നടത്തിയ വാർത്താസമ്മേളനത്തിലെ കാര്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്. തൃശൂർ പൂരത്തിനിടയിൽ സംഭവിച്ചത് ഗൗരവകരമായ കാര്യമാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് ഇപ്പോൾ അഞ്ചു മാസം കഴിഞ്ഞു എന്നും സതീശൻ ചൂണ്ടിക്കാട്ടി.

പൊലീസുകാരെ പോലും നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രി ആഭ്യന്തര വകുപ്പെങ്കിലും ഒഴിയണം. തൃശൂർ പൂരം വിഷയത്തിൽ ഒരന്വേഷണവും നടക്കുന്നില്ലെന്ന് സത്യസന്ധമായി റിപ്പോർട്ട് കൊടുത്ത പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനെ സർക്കാർ ബലിയാടാക്കിയെന്നും സതീശൻ ആരോപിച്ചു. അദ്ദേഹത്തെ വച്ചുകൊണ്ട് അന്വേഷണം നടത്താൻ പറ്റില്ല എന്നു പറഞ്ഞ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. അതേസമയം, ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന എഡിജിപിയെ അതേ സ്ഥാനത്ത് ഇരുത്തിക്കൊണ്ടു തന്നെ അന്വേഷണം നടത്താമെന്നാണ് സർക്കാർ പറയുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഭരണകക്ഷി എംഎൽഎ വിശ്വസിക്കാൻ കൊള്ളില്ലാത്ത ആളാണെന്ന സന്ദേശമാണ് ഇന്ന് മുഖ്യമന്ത്രി തന്റെ പാർട്ടിയിലെ രാഷ്ട്രീയ എതിരാളികൾക്ക് നൽകിയിരിക്കുന്നത്. അൻവറിനെ മുന്നിൽ നിർത്തി തന്നോട് ഏറ്റുമുട്ടിയ പാർട്ടിയിലെ എതിരാളികൾക്ക് നൽകിയ മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞത്. കോഴിക്കോട് വിമാനത്താവളത്തില്‍ സ്വർണം പിടിച്ചപ്പോൾ ചിലർക്ക് വേദനിച്ചിട്ടുണ്ട്, അവരും ആരോപണം ഉന്നയിക്കുന്നവർക്ക് പിന്നിലുണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ ഭരണകക്ഷി എംഎൽഎയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആരോപണം ശരിയാണെങ്കിൽ എംഎൽഎയ്‌ക്കെതിരെ നടപടി എടുക്കുമോ? അൻവർ ഇപ്പോഴും കോൺഗ്രസുകാരുടെ സ്വഭാവമാണ് കാണിക്കുന്നതെങ്കിൽ എന്തിനാണ് വച്ചുകൊണ്ടിരിക്കുന്നതെന്നും സതീശൻ ചോദിച്ചു.

എഡിജിപി അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്ന കാര്യം താൻ ആവർത്തിക്കുന്നെന്നും സതീശൻ പറഞ്ഞു. സിപിഎം ആർഎസ്എസിനു നൽകുന്ന പിന്തുണയുടെ ബാക്കിയായാണ് പൂരം കലങ്ങിയ സംഭവമുണ്ടായത്. പൂരം കലങ്ങിയതിന്റെ പേരിൽ കമ്മിഷണർക്കെതിരെ നടപടി എടുത്ത പിണറായി എന്തുകൊണ്ടാണ് അന്ന് തൃശൂരിൽ ഉണ്ടായിരുന്ന എഡിജിപിക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതിരുന്നത്? രണ്ടു തവണയാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത്. മുഖ്യമന്ത്രി അയച്ചതല്ലെങ്കിൽ ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയോ? 24 മണിക്കൂറിനുള്ളിൽ ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിട്ടും അത് പൂഴ്ത്തിയത് എന്തിനാണെന്നും സതീശൻ ചോദിച്ചു.

വയനാടിന്റെ കാര്യത്തിൽ സർക്കാർ പറയുന്നത് ഊതിപ്പെരുപ്പിച്ച കണക്കാണ്. ആവശ്യമായ തുകയുടെ കണക്ക് കൊടുക്കേണ്ടതിനു പകരം കൂടുതൽ തുക എഴുതി വയ്ക്കുകയാണ് ചെയ്തത്. കുറെ ഉദ്യോഗസ്ഥർ അവർക്ക് തോന്നുന്നതു പോലെ പ്രവർത്തിക്കുന്നു, ഇക്കാര്യങ്ങൾ നോക്കാൻ ആവശ്യമായ ഭരണസംവിധാനം കേരളത്തിൽ ഇപ്പോൾ ഇല്ല എന്നു സതീശൻ പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റി മറ്റൊരു ദുരന്തമാണ്. അവർ കൊടുത്ത കണക്കിനെ വന്നിരുന്ന് ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അക്കാര്യങ്ങൾ പറഞ്ഞ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ഇന്ന് മുഖ്യമന്ത്രി ചെയ്തത് എന്നും സതീശൻ പറഞ്ഞു.

English Summary:

Opposition Leader V.D. Satheesan Claims Kerala CM Could Be Implicated in Thrissur Pooram Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com