ഘടകകക്ഷികളെ തള്ളി, കടുത്ത സമ്മർദത്തിലും വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രി; എൽഡിഎഫിൽ ഇനിയെന്ത്?
Mail This Article
തിരുവനന്തപുരം∙ ആര്‍എസ്എസ് കൂടിക്കാഴ്ച രാഷ്ട്രീയവിഷയമാണെന്ന് ആവര്‍ത്തിച്ച് സിപിഐയും ആര്‍ജെഡിയും കടുത്ത സമ്മര്‍ദം ഉയര്‍ത്തിയിട്ടും വിശ്വസ്തനായ എഡിജിപി എം.ആര്.അജിത് കുമാറിനെ പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചത് വരുംദിവസങ്ങളില്‍ ഇടതുമുന്നണിയില്‍ വലിയ തോതിലുള്ള ഭിന്നതകള്‍ക്കു കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എഡിജിപിക്കെതിരെ ദിവസങ്ങളോളം കടുത്ത നിലപാട് സ്വീകരിച്ച സിപിഐയ്ക്ക് പൊതുസമൂഹത്തില്‍ മുഖം നഷ്ടമാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സിപിഐ ദേശീയ നേതൃത്വം ഉള്‍പ്പെടെ ഇക്കാര്യത്തില്‍ എന്തു സമീപനം സ്വീകരിക്കുമെന്നതും നിര്‍ണായകമാകും.
ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വിഷയമാണെന്ന സിപിഐയുടെയും ആര്‍ജെഡിയുടെയും വാദം മുഖ്യമന്ത്രി പൂര്‍ണമായി തള്ളി. ആരെങ്കിലും ആരോപണം ഉന്നയിച്ചുവെന്നതിന്റെ പേരില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആരെയും മാറ്റുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്ന ഉറച്ച മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. രാഷ്ട്രീയവിഷയം പൊലീസ് എങ്ങനെയാണ് അന്വേഷിക്കുന്നതെന്ന ചോദ്യവും മുഖ്യമന്ത്രി മുഖവിലയ്ക്ക് എടുത്തില്ല. വിഷയം ഡിജിപിയുടെ അന്വേഷണ പരിധിയിലാണെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു ശേഷമേ നടപടി എടുക്കൂ എന്ന വാക്കുകളാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്.
ആര്‍എസ്എസ് നേതാക്കളെ ഊഴമിട്ടു കണ്ട എഡിജിപിയെ മാറ്റണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ച രാഷ്ട്രീയ വിഷയമാണെന്നും അന്വേഷണ റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കാതെ എഡിജിപിയെ മാറ്റുകയാണ് വേണ്ടതെന്ന് ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ബാബുവും ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്തുണച്ച് ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജും രംഗത്തെത്തി. ഇതോടെ എഡിജിപി വിഷയത്തില്‍ മുഖ്യമന്ത്രി കടുംപിടിത്ത ഉപേക്ഷിക്കുമെന്ന പ്രതീക്ഷയായിരുന്നു ഘടകകക്ഷികള്ക്കുണ്ടായിരുന്നത്.
എന്നാല്‍ യാതൊരു അര്‍ഥശങ്കയ്ക്കും ഇടയില്ലാത്ത വിധം വിശ്വസ്തനെ സംരക്ഷിക്കുന്ന മുന്‍നിലപാടില്‍നിന്ന് അണുവിട മാറാന്‍ മുഖ്യമന്ത്രി തയാറായില്ല. അജിത്കുമാറിനെതിരായ ആരോപണങ്ങളില്‍ 18 ദിവസം പിന്നിട്ട അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡിജിപിക്ക് ഇനി 13 ദിവസം കൂടി സമയമുണ്ട്. അതുവരെ അജിത്കുമാറിനു മുഖ്യമന്ത്രി സംരക്ഷണകവചമൊരുക്കുന്നത് മുന്നണിക്കാകെ ക്ഷീണം ചെയ്യുമെന്ന സിപിഐയുടെ നിലപാടും പരിഗണിക്കപ്പെട്ടതേയില്ല.
തൃശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണം അഞ്ചു മാസമായി നീളുന്നതു സംബന്ധിച്ചും വളരെ ലാഘവത്തോടെയുള്ള ഉത്തരമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സിപിഐ നിരന്തരം ആവശ്യം ഉന്നയിക്കുന്ന വിഷയമാണിത്. അന്വേഷണം നേരത്തേ തന്നെ പൂര്‍ത്തിയാകേണ്ടതായിരുന്നുവെന്നും കൂടുതല്‍ സമയം ആവശ്യപ്പെട്ട് തനിക്ക് കഴിഞ്ഞ ദിവസം കടലാസ് കിട്ടിയിരുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. 24ന് ഉളളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.