ഈ തിരഞ്ഞെടുപ്പോടെ ജമ്മു കശ്മീർ മൂന്നു കുടുംബങ്ങളുടെ ഭരണം അവസാനിപ്പിക്കും: അമിത് ഷാ
Mail This Article
ശ്രീനഗർ∙ ജമ്മു കശ്മീരിലെ രണ്ടും മൂന്നും ഘട്ടം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തി അമിത് ഷാ. കോൺഗ്രസിനും നാഷണൽ കോൺഫറൻസിനും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിക്കും എതിരെ രൂക്ഷമായ ആക്രമണമാണ് അമിത് ഷാ നടത്തിയത്. പതിവുപോലെ മൂന്നുകുടുംബങ്ങൾ എന്ന വിശേഷണം ഉയർത്തിത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
‘‘ഈ തിരഞ്ഞെടുപ്പോടെ ജമ്മു കശ്മീർ മൂന്നു കുടുംബങ്ങളുടെ ഭരണം അവസാനിപ്പിക്കും. അബ്ദുല്ല കുടുംബത്തിന്റെയും, മുഫ്തി കുടുംബത്തിന്റെയും നെഹ്റു–ഗാന്ധി കുടുംബത്തിന്റെയും. ഇത് അത്യാവശ്യമാണ് കാരണം ഈ മൂന്നുകുടുംബങ്ങൾ ജനാധിപത്യത്തിന് തടയിട്ടവരാണ്’’- ജമ്മു കശ്മീരിലെ മെന്ധറിൽ നടന്ന പൊതുറാലിയിൽ അമിത് ഷാ പറഞ്ഞു.
‘‘മൂന്നുപാർട്ടികളും ചേർന്ന് ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘‘അബ്ദുല്ല, മുഫ്തി, നെഹ്റു–ഗാന്ധി കുടുംബങ്ങൾ തൊണ്ണൂറുകൾ മുതൽ ഇന്നുവരെ ഭീകരവാദം പ്രചരിപ്പിക്കുകയാണ്’’– അദ്ദേഹം പറഞ്ഞു. മോദി ഭരണത്തിൽ വന്ന ശേഷം യുവാക്കളുടെ കയ്യിൽ കല്ലുകൾക്ക് പകരം ലാപ്ടോപ്പുകൾ നൽകിയെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ രണ്ടാംഘട്ടം സെപ്റ്റംബർ 25നാണ് ആരംഭിക്കുന്നത്. ഒക്ടോബർ ഒന്നിന് മൂന്നാംഘട്ടവും. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.