ശശിയെ പിന്തുണച്ച് മുഖ്യമന്ത്രി, പുഴുക്കുത്തുകൾക്കെതിരെ പോരാട്ടം തുടരുമെന്ന് അൻവർ; ക്രിസ്റ്റ്യാനയെ തേടി ലോകം – പ്രധാനവാർത്തകൾ
Mail This Article
പി.വി.അൻവർ – മുഖ്യമന്ത്രി തർക്കം തന്നെയാണ് ഇന്ന് വാർത്തകളിൽ ഇടം പിടിച്ച പ്രധാന തലക്കെട്ട്. പി.വി.അന്‍വർ എംഎൽഎയെ തള്ളിയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ പൂര്‍ണമായി പിന്തുണച്ചുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാർത്താസമ്മേളനം നടത്തിയത്. പി.വി.അന്‍വര്‍ നിരന്തരം ആരോപണം ഉന്നയിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി അൻവറിന്റേത് കമ്യൂണിസ്റ്റ് പശ്ചാത്തലമല്ലെന്നും കോൺഗ്രസിൽനിന്ന് വന്നതാണെന്നും പറഞ്ഞു.
അതേസമയം പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരുമെന്നാണ് പി.വി. അൻവർ എംഎൽഎ മുഖ്യമന്ത്രിക്കുള്ള മറുപടിയായി പറഞ്ഞത്. താൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ പൂർണമായും തെറ്റിധരിപ്പിച്ചിട്ടുണ്ടെന്നും കള്ളക്കടത്തിന്റെ പങ്ക് ശശി പറ്റുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും പറഞ്ഞു. എഡിജിപി സ്ഥാനത്തിനൊപ്പം അജിത് കുമാറിന് ധനകാര്യ മന്ത്രിയുടെ അധിക ചുമതല കൂടി നൽകണമെന്നും പി.വി.അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചിരുന്നു.
അതിനിടെ അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ അനധികൃത സ്വർണക്കടത്തു കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തതും കൂടുതൽ സ്വർണം പിടിച്ചെടുത്തതും മലപ്പുറം ജില്ലയിലായത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം. സുജിത്ദാസിന്റെ നേതൃത്വത്തിലെടുത്ത സ്വർണക്കടത്തു കേസുകളിൽ ഒന്നിൽപോലും വിചാരണ തുടങ്ങിയിട്ടില്ലെന്നും നടപടിക്രമങ്ങളിൽ പൊലീസിന്റെ ഭാഗത്തു ഗുരുതരവീഴ്ചയുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തൽ.
ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിജ്ഞ ചെയ്തു. കേജ്‌രിവാള്‍ മന്ത്രിസഭയിലുണ്ടായിരുന്ന ഗോപാല്‍ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരെ നിലനിര്‍ത്തിക്കൊണ്ടാണ് മന്ത്രിസഭാ അഴിച്ചുപണി.
പേജർ സ്ഫോടനങ്ങൾക്കു പിന്നാലെ ക്രിസ്റ്റ്യാന ബാർസോനി ആർസിഡിയാക്കോനോ എന്ന ഹംഗേറിയൻ– ഇറ്റാലിയൻ വേരുകളുള്ള നാൽപത്തിയൊമ്പതുകാരിയെ തിരയുകയാണ് ലോകം. ലബനനിലെ സ്ഫോടനങ്ങൾക്ക് കാരണമായ പേജറുകൾ നിർമിച്ചത് ബിആർസി കൺസൽറ്റിങ് അല്ലെന്നും തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നുമാണ് ക്രിസ്റ്റ്യാന സ്ഫോടനം സംബന്ധിച്ച് ആകെ നടത്തിയ പ്രതികരണം