ADVERTISEMENT

കോട്ടയം∙ പി.വി. അൻവർ സിപിഎം ബന്ധം അവസാനിപ്പിച്ച് കോൺഗ്രസ് ക്യാംപിലേക്കു മടങ്ങിവരുമോയെന്ന അഭ്യൂഹങ്ങൾക്കിടെ വിഷയത്തിൽ ചാടിക്കയറി നിലപാടു പറയേണ്ടെന്ന് കോൺഗ്രസ് നേതൃത്വം. മുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ ലീഗിനും വിഷയത്തിൽ സമാന ചിന്തയാണുള്ളത്. അൻവർ മുഖ്യമന്ത്രിയുടെ ഓഫിസിനും എഡിജിപിക്കുമെതിരെ നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാമെന്നതിൽ മുന്നണിക്കുള്ളിൽ രണ്ട് അഭിപ്രായമില്ല.

അതേസമയം, അൻവർ എൽഡിഎഫിൽനിന്നു പുറത്തുവരുന്ന സാഹചര്യമുണ്ടായാൽ പ്രാദേശിക നേതൃത്വതിന്റെ അടക്കം അഭിപ്രായം പരിഗണിക്കും. അൻവറിന്റെ തുടർനീക്കങ്ങളും പരിശോധിച്ചാകും കോൺഗ്രസ് നിലപാട്. തൽക്കാലം ഒന്നും പറയാറായിട്ടില്ലെന്നും സംഭവവികാസങ്ങൾ നിരീക്ഷിക്കട്ടെയെന്ന നിലപാടിലാണ് നേതാക്കൾ. അതേസമയം, അൻവറിനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തുവന്നിട്ടുണ്ട്. 

സംസ്ഥാന സമ്മേളനത്തിലേക്കു നീങ്ങുന്ന സിപിഎമ്മിൽ വലിയൊരു പൊട്ടിത്തെറിയാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. പിണറായിക്കെതിരെ പാർട്ടിക്കുള്ളിൽനിന്നുതന്നെ കൊട്ടാര വിപ്ലവമുണ്ടാകുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് മനോരമ ഓൺലൈനോടു പറഞ്ഞു. സിപിഎമ്മിലെ രണ്ടു മാഫിയകൾ തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. പിൻഗാമിയായി ശശിയെ കൊണ്ടുവരാനാണ് പിണറായി ശ്രമിക്കുന്നത്. അൻവറിന്റെ സ്പോൺസർ മലപ്പുറത്തുനിന്നുള്ള മുതിർന്ന നേതാവാണ്. ശശിയെ വാഴിക്കാനുള്ള നീക്കം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു സംഘം തടയുകയാണ്. അൻവറിന്റെ പാർട്ടി മാറ്റത്തിൽ യാതൊന്നും പറയാറായിട്ടില്ലെന്നും ജോയ് പറഞ്ഞു.

പഴയ കോൺഗ്രസുകാരനായ അൻവർ നിലവിൽ മലപ്പുറത്തെ കോൺഗ്രസ്, ലീഗ് നേതാക്കളുമായി ബന്ധം സൂക്ഷിക്കുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെവരെ അഴിമതി ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറക്കാന്‍ പ്രതിപക്ഷ നേതാവിന് 150 കോടി രൂപ കണ്ടെയ്‌നറില്‍ എത്തിച്ചുവെന്ന അന്‍വറിന്‍റെ ആരോപണം ഒപ്പംനില്‍ക്കുന്നവര്‍പോലും ഏറ്റെടുത്തിരുന്നില്ല. അതിനുശേഷമാണു പുതിയ വിവാദങ്ങളുമായുള്ള കടന്നുവരവ്. ഇതിനിടെ, രാഹുൽ ഗാന്ധിക്കെതിരെയും അൻവർ പരിഹാസം ചൊരിഞ്ഞിരുന്നു.

അൻവറിനെ പാർട്ടിയിലേക്കു സ്വീകരിക്കുന്നതിൽ നിലമ്പൂരിലെ ആര്യാടൻ കുടുംബത്തിന്റെ നിലപാടും നിർണായകമാകും. അൻവർ യുഡിഎഫ് പാളയത്തിലേക്ക് എത്തിയാൽ നിലമ്പൂർ സീറ്റ് അദ്ദേഹത്തിനു മത്സരിക്കാനായി നൽകേണ്ടി വരും. ഈ നീക്കത്തെ പിന്തുണയ്ക്കാൻ ആര്യാടൻ ഷൗക്കത്ത് തയാറായേക്കില്ല. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെയും 2021ൽ വി.വി. പ്രകാശിനെയും തോൽപ്പിച്ചാണ് അൻവർ നിയമസഭയിലേക്കെത്തിയത്.

English Summary:

Will P.V. Anwar Return to Congress? Kerala Politics Heats Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com