‘അറിയേണ്ടത് എല്ലാം മുഖ്യമന്ത്രി അറിയുന്നുണ്ട്’; അൻവറിന്റെ രീതിയിൽ മറുപടി പറയാൻ പഠിച്ചിട്ടില്ല’
Mail This Article
മലപ്പുറം∙ പി.വി. അൻവർ എംഎൽഎ തന്നെ വേദിയിലിരുത്തി പറഞ്ഞത് ശരിയായോ എന്ന് അദ്ദേഹം തന്നെ ആലോചിക്കട്ടെയെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. അന്‍വർ കാര്യങ്ങൾ അറിയുന്ന ആളാണ്. പ്രായം കൂടിയ ആൾ എന്ന നിലയിലാണ് താൻ ഉപദേശിക്കുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു.
‘‘അൻവർ പറയുന്ന രീതിയിൽ മറുപടി പറയാൻ ഞാൻ പഠിച്ചിട്ടില്ല. ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട ആവശ്യമില്ല. അറിയേണ്ടത് എല്ലാം മുഖ്യമന്ത്രി അറിയുന്നുണ്ട്. അൻവറിന്റെ വിമർശനങ്ങളിൽ വ്യക്തിപരമായി വിഷമം ഇല്ല. ഇതൊന്നും കേട്ട് വികാരം കൊള്ളുകയോ ദുഃഖിക്കുകയോ ഇല്ല. അതിനു മാത്രം ഉള്ള പക്വത തനിക്ക് ഉണ്ട്’’ – ശശീന്ദ്രൻ പറഞ്ഞു.
കെ.സുധാകരൻ വനം മന്ത്രിയായിട്ട് ഇതൊന്നും നേരെയായിട്ടില്ലെന്നും പിന്നല്ലേ പാവം ശശീന്ദ്രൻ വിചാരിച്ചിട്ടെന്നും ആയിരുന്നു അൻവറിന്റെ പ്രസംഗം. വനത്തിനുളളിൽ അനാവശ്യമായി വനംവകുപ്പ് കെട്ടിടങ്ങൾ പണിയുകയാണ്. ഇതു ശരിയല്ല. പാർട്ടി ഇടപെടേണ്ട വിഷയമാണിത്. മനുഷ്യ - വന്യ ജീവി സംഘർഷം ശക്തമാകുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ വിഷയം ലോക്സഭാ തിരെഞ്ഞെടുപ്പിൽ വലിയ വോട്ടുചോർച്ചയുണ്ടാക്കി.
വനം വകുപ്പുദ്യോഗസ്ഥരുടെ മനസ് വന്യ ജീവികളെക്കാൾ ക്രൂരമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചിട്ട് മൃതദേഹം ഓഫിസിൽ വയ്ക്കാൻ പോലും മേലുദ്യോഗസ്ഥർ സമ്മതിച്ചില്ല. ഇത് കമ്യൂണിസ്റ്റ് രീതിയല്ലെന്നും അൻവർ പറഞ്ഞു. വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോൾ. വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ല. ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരമാണെന്നും അൻവർ കുറ്റപ്പെടുത്തിയിരുന്നു.