അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ലോഹഭാഗം കണ്ടെത്തി; ഷിരൂരിൽ നാളെ റെഡ് അലർട്ട്, തിരച്ചിൽ തുടരും
Mail This Article
അങ്കോല∙ ഷിരൂരിൽ അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ലോഹഭാഗം കണ്ടെത്തി. ലോറിയുടെ പിന്നിലെ ഡോറിനു താഴെയുള്ള ഇരുമ്പ് കമ്പിയാണ് തിരച്ചിലിൽ കിട്ടിയത്. ലോറിയുടെ ആർസി ഉടമ മുബീൻ ലോഹഭാഗം തിരിച്ചറിഞ്ഞു. ലോറിയുടെ ലോഹഭാഗം കിട്ടുന്നത് ഇതാദ്യമാണ്. ചുവപ്പും വെള്ളയും പെയിന്റടിച്ച ഭാഗമാണ് കിട്ടിയത്. നേരത്തെ ലോറിയിലുണ്ടായിരുന്ന മരത്തടികളും ലോഡ് കെട്ടുന്ന കയറും കിട്ടിയിരുന്നു.
ഇന്ന് നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് മറ്റൊരു ലോറിയുടെ 4 ടയറുൾപ്പെടെ ലഭിച്ചിരുന്നു. അർജുന്‍റെ ലോറിയുടേതാണെന്ന് കരുതിയെങ്കിലും പിന്നീട് ഇത് മറ്റൊരു ലോറിയുടേതാണെന്ന് സ്ഥിരീകരിച്ചു. അർജുന്‍റെ ലോറി കണ്ടെത്താനായുള്ള തിരച്ചിൽ നാളെയും തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. നാളെ റെഡ് അലർട്ട് ആയതിനാൽ സാഹചര്യം നോക്കി മാത്രമായിരിക്കും തിരച്ചിൽ തുടരുക. സാഹചര്യം അനുകൂലമല്ലെങ്കിൽ തൽക്കാലം ഒരു ദിവസത്തേക്ക് തിരച്ചിൽ നിർത്തിവയ്ക്കും.
അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡും ഇന്ന് പുഴയിൽനിന്ന് കണ്ടെത്തിയിരുന്നു. ലോറിയുടമ മനാഫ് ഇത് അർജുൻ ഓടിച്ച വാഹനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചു.
അതിനിടെ, ഇന്നലെ നടന്ന തിരിച്ചിലിനിടെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരണം. പ്രാഥമിക പരിശോധനയിലാണ് അസ്ഥി മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരിച്ചത്. പശുവിന്‍റെ അസ്ഥിയാണ് പുഴയിൽ നിന്ന് കണ്ടെത്തിയതെന്ന് മംഗളൂരുവിലെ എഫ്എസ്എൽ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കലക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. ഇന്നലെ രാത്രി ആയിരുന്നു അസ്ഥി കണ്ടെത്തിയതും പരിശോധനയ്ക്ക് അയച്ചതും. ഫൊറൻസിക് സർജനും വെറ്ററിനറി ഡോക്ടറും ഇക്കാര്യം പൊലീസിനെ അറിയിച്ചു.
കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോലയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ജൂലൈ 16ന് രാവിലെ 8.30ന് ആയിരുന്നു അപകടം.