ADVERTISEMENT

മലപ്പുറം ∙ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം സമൂഹമാധ്യമത്തിൽനിന്ന് ഒഴിവാക്കി നിലമ്പൂർ എംഎൽഎ പി.വി.അൻവർ. മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ചിത്രമാണ് സമൂഹമാധ്യമത്തിലെ കവർചിത്രമായി ഉണ്ടായിരുന്നത്. ജനങ്ങളോടൊപ്പം ഇടപഴകുന്ന ചിത്രമാണു പുതുതായി ചേർത്തത്. എഡിജിപി എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ പരാതി പറഞ്ഞ അന്‍വറിനെ മുഖ്യമന്ത്രിയും പാർട്ടിയും തള്ളിപ്പറഞ്ഞതിനു പിന്നാലെയാണു നടപടി.

പി.ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഒരു തരത്തിലുള്ള പരിശോധനയും ആവശ്യമില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി, മാതൃകാപരമായ പ്രവർത്തനമാണു ശശി നടത്തുന്നതെന്നാണു വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. അന്വേഷണം പൂർത്തിയാകുന്നതുവരെ അജിത് കുമാറിനെതിരെ നടപടിയുണ്ടാകില്ലെന്നും പറഞ്ഞു. കോൺഗ്രസ് പശ്ചാത്തലമുള്ള ആളാണ് അൻവർ എന്നു പറഞ്ഞ മുഖ്യമന്ത്രി, അൻവറിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന പരോക്ഷ സൂചനയും നൽകി. പാർട്ടിക്കുള്ളിലോ തന്റെ മുന്നിലോ അവതരിപ്പിക്കാതെ ആരോപണങ്ങളുമായി അൻവർ നേരിട്ടു മാധ്യമങ്ങളെ കണ്ടതിൽ കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചു.

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിനു പിന്നാലെ അൻവറിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിറക്കി. അൻവറിന്റെ നിലപാടുകൾ സർക്കാരിനെയും സിപിഎമ്മിനെയും ആക്രമിക്കാൻ പാർട്ടി ശത്രുക്കൾക്ക് ആയുധമായി മാറുകയാണെന്നു സിപിഎം കുറ്റപ്പെടുത്തി. ഇതോടെ, പൊലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പരസ്യപ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് ഇന്നലെ പി.വി.അൻവർ വ്യക്തമാക്കിയിരുന്നു.

English Summary:

Nilambur MLA P.V.Anwar Removes CM Pinarayi Vijayan from Social Media Cover Photo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com