വരുന്നൂ പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പാർട്ടി; ഗാന്ധിജയന്തി ദിനത്തിൽ പട്നയിൽ വൻ റാലി
Mail This Article
പട്ന ∙ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ജൻ സുരാജ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനായി ഒക്ടോബർ രണ്ടിനു പട്ന വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ വൻ റാലി സംഘടിപ്പിക്കും. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനു മുന്നോടിയായി 2022 മേയ് രണ്ടിന് ആരംഭിച്ച ജനസമ്പർക്ക പദയാത്രയിൽ പ്രശാന്ത് കിഷോർ ബിഹാറിൽ 5000 കിലോമീറ്റർ സഞ്ചരിച്ചിരുന്നു.
ബിഹാറിലെ പരമ്പരാഗത ജാതിമത കുടുംബ രാഷ്ട്രീയത്തിനു വെല്ലുവിളി ഉയർത്തുന്ന തരത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ജനസംഖ്യാനുപാതിക പ്രാതിനിധ്യം നൽകുന്ന രീതിയിലാകും ജൻ സുരാജ് രാഷ്ട്രീയ പാർട്ടി രൂപീകരണം. പാർട്ടി ഭരണഘടന തയാറാക്കൽ അന്തിമ ഘട്ടത്തിലാണ്. ബിഹാറിൽ 2025ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ജൻ സുരാജ് രാഷ്ട്രീയ പാർട്ടി മത്സരിക്കുമെന്നു പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചിട്ടുണ്ട്.