ADVERTISEMENT

ഹൈദരാബാദ്∙ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന ആരോപണം ചർച്ചയാകുന്നതിനിടെ ഈ ലഡുവിന് വൻ ഡിമാൻഡ്. ഏതാണ്ട് 14 ലക്ഷത്തോളം ലഡുവാണ് നാലു ദിവസത്തിനുള്ളിൽ വിറ്റഴിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സെപ്റ്റംബർ 19ന് 3.17 ലക്ഷം, 20ന് 3.17 ലക്ഷം, 21ന് 3.67 ലക്ഷം, 22ന് 3.60 ലക്ഷം എന്നിങ്ങനെയാണ് ലഡു വിൽപന. ഒരു ദിവസം 3.50 ലക്ഷം എന്ന ശരാശരിയിലാണ് വിൽപന നടന്നതെന്നാണ് കണക്കുകൾ പറയുന്നത്. ദിവസവും മൂന്നു ലക്ഷത്തിലധികം ലഡുവാണ് ക്ഷേത്രത്തിലുണ്ടാക്കുക. വിവാദങ്ങളൊന്നും ഭക്തരുടെ വരവിനെ ബാധിച്ചിട്ടില്ലെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 60,000ലധികം ഭക്തർ ദിവസവും തിരുപ്പതിയിൽ എത്തുന്നുണ്ട്.

തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു ആരോപണം. സംഭവത്തിൽ കോടതിയുടെ മേ‍ൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജികൾ ഫയൽ ചെയ്തു. റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിനു പുറമേ, നെയ്യ് സാംപിളിൽ ഫൊറൻസിക് പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയെ സമീപിച്ചു.

ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഭരണകാലത്ത് ക്ഷേത്രത്തിൽ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും മറ്റും ഉപയോഗിച്ചെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു ആരോപിച്ചതിനു പിന്നാലെയാണു വിഷയം സുപ്രീം കോടതിയിലെത്തിയത്. ആരോപണങ്ങളിൽ അന്വേഷണത്തിനായി ആന്ധ്ര സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.

English Summary:

Tirupati Laddoo Sales Unaffected by Animal Fat Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com