ADVERTISEMENT

കോഴിക്കോട്∙ 72 ദിവസം; അർജുന്റെ കുടുംബം കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയും പ്രതിസന്ധിയിലൂടെയും. പേരിന് പോലും തിരച്ചിൽ നടത്താതിരുന്ന സ്ഥലത്തേക്ക് ഡ്രജർ വരെ എത്തിച്ച് ഈ ദിവസമത്രയും തിരച്ചിൽ തുടരാൻ സർക്കാരിനെ പ്രേരിപ്പിച്ചതിന് പിന്നിൽ കുടുംബത്തിന്റെയും ലോറി ഉടമ മനാഫിന്റെയും പോരാട്ടമാണ്.

പലയിടങ്ങളിൽ നിന്നും കുടുംബം ആക്രമിക്കപ്പെട്ടു. ചില ദുഷ്പ്രചാരണങ്ങൾക്കെതിരെ പൊലീസിനെ സമീപിക്കേണ്ടി വന്നു. എങ്കിലും അർജുനെ കണ്ടെത്തുക എന്ന ഒറ്റ ലക്ഷ്യത്തിൽ കുടുംബം ഉറച്ചു നിന്നു. ജൂലൈ 16 മുതലാണ് അർജുനെ കാണാതായത്. കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കേരളത്തിലെ മാധ്യമങ്ങളിൽ വാർത്തപോലുമായിരുന്നില്ല.

പിറ്റേ ദിവസമാണ് അർജുനെ കാണാനില്ലെന്നും മണ്ണിടിച്ചിലുണ്ടായിരുന്ന സ്ഥലത്താണ് അവസാനമുണ്ടായിരുന്നതെന്നും അറിയിച്ച് കുടുംബം പൊലീസിലും എം.കെ.രാഘവൻ എംപിക്കുമെല്ലാം പരാതി നൽകിയത്. തുടർന്നാണ് തിരച്ചിലിന് അൽപമെങ്കിലും മാറ്റം വന്നത്. അതുവരെ റോഡിലേക്ക് വീണ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനമായിരുന്നു പ്രധാനമായും നടന്നത്.

കേരളത്തിൽ നിന്നുള്ള മാധ്യമങ്ങൾ ഷിരൂരിൽ തമ്പടിക്കുകയും രാഷ്ട്രീയ സമ്മർദവും കൂടിയായപ്പോൾ തിരച്ചിൽ ഊർജിതമായി. ഇതിനിടെ കേരളത്തിൽ നിന്നും നിരവധി സന്നദ്ധ പ്രവർത്തകരും എത്തി തിരച്ചിലിനു നീക്കം നടത്തി. ആദ്യം അനുമതി നൽകിയ കർണാടക സർക്കാർ പിന്നീട് ഇവരെ തടഞ്ഞ് തിരിച്ചയച്ചു. മഴയും മറ്റു പ്രശ്നങ്ങളും കാരണം തിരച്ചിൽ രണ്ട് തവണ നിർത്തിവച്ചു. സൈന്യം വരെ എത്തിയെങ്കിലും കാര്യമായി ഒന്നു ചെയ്യാനാകാതെ മടങ്ങുകയായിരുന്നു. 

സൈന്യവുമായി ബന്ധപ്പെട്ട് അർജുന്റെ അമ്മ നടത്തിയ പരാമർശം വളച്ചൊടിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെ ഒരുവിഭാഗം ആളുകൾ അർജുന്റെ കുടുംബത്തിനെതിരെ തിരിഞ്ഞു. ലോറി ഉടമ മനാഫും അർജുന്റെ സഹോദരി അഞ്ജുവിന്റെ ഭർത്താവ് ജിതിനുമായിരുന്നു എല്ലാ പ്രതിസന്ധികളെയും നേരിട്ട് മുന്നിൽ നിന്നത്. മനാഫിനോടും ജിതിനോടും എസ്പി ഉൾപ്പെടെയുള്ളവർ വളരെ മോശമായി പെരുമാറി. എന്നിട്ടും പിൻമാറാൻ അവർ തയാറായില്ല. ലോറി കണ്ടെത്തി ഇൻഷുറൻസ് നേടുകയാണ് മനാഫിന്റെ ലക്ഷ്യമെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ ലോറി ലഭിച്ചശേഷം മാനഫ് പറഞ്ഞത് തനിക്ക് ലോറി വേണ്ട എന്നാണ്. ‘‘ഇതിന് പിന്നിൽ ഒരുപാട് പ്രയാസപ്പെട്ടു. ആ വണ്ടി പൊന്തിച്ച് അർജുനെ എടുത്തശേഷം വണ്ടി അവിടെ തന്നെ ഇട്ടേക്ക്. ആ വണ്ടിയും വേണ്ട, മരവും വേണ്ട, ഒന്നും വേണ്ട. ആ വണ്ടി ഇനി ഒരിക്കലും ആവശ്യമില്ലാത്ത കാര്യമാണ്’’.  

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തിരച്ചിൽ നടക്കുന്ന സ്ഥലം സന്ദർശിച്ചു. കേരളത്തിൽ നിന്നു മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. കൂടാതെ കുടുംബം ബെംഗളൂരുവിലെത്തി സിദ്ധരാമയ്യയെ കാണുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അർജുന്റെ വീട്ടിലെത്തി. ഇതെല്ലാം അർജുനെ കണ്ടെത്തണം എന്ന കുടുംബത്തിന്റെ നിശ്ചയദാർഢ്യം മൂലമായിരുന്നു. രണ്ടു മാസത്തിലധികം നെഞ്ചിൽ തീയുമായി അർജുനുവേണ്ടി അവർ കാത്തിരുന്നു. ജീവനോടെ ലഭിക്കാൻ സാധ്യതയില്ലെന്ന് അറിഞ്ഞിട്ടും അന്ത്യകർമങ്ങൾ ചെയ്യാൻ മൃതദേഹമെങ്കിലും ലഭിക്കണമെന്നായിരുന്നു ആഗ്രഹം. 

അർജുന്റെ മൃതദേഹം കിട്ടിയെന്നറിഞ്ഞപ്പോൾ നടി മഞ്ജു വാരിയർ സമൂഹ മാധ്യമത്തിൽ ഇങ്ങനെ കുറിച്ചു; ‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരുപിടി ചാരാമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും’.

English Summary:

Arjun's family gone through unparalleled pain and crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com