ADVERTISEMENT

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി ഗംഗാവലിപ്പുഴയുടെ അടിത്തട്ടിൽനിന്നു കണ്ടെത്തിയത് എഴുപത്തിരണ്ടാം ദിനമാണ്. മണ്ണിടിച്ചിലുണ്ടായി ആദ്യദിനങ്ങളിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്നു പരാതിയുയർന്നതോടെ, കേരള സർക്കാരടക്കം സമ്മർദം ചെലുത്തിയപ്പോഴാണ് കർ‌ണാടക സർക്കാരും പൊലീസും അടക്കം ഊർജിതമായി രംഗത്തിറങ്ങിയത്. അതിനിടെ കനത്ത മഴയും തിരച്ചിൽ നിർത്താനുള്ള തീരുമാനങ്ങളുമൊക്കെ പ്രതിസന്ധികളായി.

ഡ്രോണും ഡ്രജറും അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചു നടത്തിയ തിരച്ചിലിൽ ഫലമുണ്ടാകാതെ വന്നതോടെ അർജുനെ കണ്ടെത്താനുള്ള ശ്രമം വിഫലമാകുമോ എന്ന ആശങ്കയുമുയർന്നിരുന്നു. തിരച്ചിലിനെത്തിയ ഈശ്വർ മൽപെ അധികൃതരുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കഴിഞ്ഞ ദിവസം തിരച്ചിൽ നിർത്തി മടങ്ങുകയും ചെയ്തു. ഒടുവിൽ, എഴുപത്തിരണ്ടാം ദിനം പുഴയുടെ അടിത്തട്ടിൽ ലോറി കണ്ടെത്തി.

അർജുനു വേണ്ടി നടത്തിയ തിരച്ചിലിന്റെയും കാത്തിരിപ്പിന്റെയും നാൾവഴി:

ജൂലൈ 16 രാവിലെ 8.30 

∙ഷിരൂരിലെ ദേശീയപാത 66 ന്റെ ഒരു ഭാഗത്തെ ചെങ്കുത്തായ മലനിരകൾ ഇടിഞ്ഞുവീണ് അർജുന്റെ ലോറിയുൾപ്പെടെ കാണാതാകുന്നു. അപകടം നടക്കുമ്പോൾ പാതയോരത്ത് നിർത്തിയിട്ടിരുന്നത് മൂന്നു ടാങ്കറുകളും ഒരു ലോറിയും ഒരു കാറും. വാഹനങ്ങൾ റോഡിലെ മൺകൂനയ്ക്ക് അടിയിലാണോ അതോ റോഡിനു സമാന്തരമായി ഒഴുകുന്ന ഗംഗാവലി പുഴയിലേക്കു വീണോ എന്നതിൽ വ്യക്തതക്കുറവ്.

ഷിരൂരിൽ മണ്ണിടിച്ചിലിനെത്തുടർന്നു കാണാതായ അർജുനു വേണ്ടി ഗംഗാവലിപ്പുഴയിലിറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മൽപേയും സംഘവും. 8 തവണ സംഘം നടത്തിയ ശ്രമത്തിനിടെ ഒരു തവണ വടം പൊട്ടി ഈശ്വർ മൽപേ 100 മീറ്ററോളം ഒഴുക്കിപ്പോയി. നാവികസേനാസംഘമാണ് ഈശ്വറിനെ രക്ഷിച്ചത്. ചിത്രം. ആറ്റ്ലി ഫെർണാണ്ടസ് / മനോരമ
ഷിരൂരിൽ മണ്ണിടിച്ചിലിനെത്തുടർന്നു കാണാതായ അർജുനു വേണ്ടി ഗംഗാവലിപ്പുഴയിലിറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മൽപേയും സംഘവും. 8 തവണ സംഘം നടത്തിയ ശ്രമത്തിനിടെ ഒരു തവണ വടം പൊട്ടി ഈശ്വർ മൽപേ 100 മീറ്ററോളം ഒഴുക്കിപ്പോയി. നാവികസേനാസംഘമാണ് ഈശ്വറിനെ രക്ഷിച്ചത്. ചിത്രം. ആറ്റ്ലി ഫെർണാണ്ടസ് / മനോരമ

ജൂലൈ 19

∙ തിരച്ചിൽ പേരിനു മാത്രമെന്ന് അർജുന്റെ അനിയനുൾപ്പെടെ സംഭവസ്ഥലത്തെത്തിയവർ മാധ്യമങ്ങളെ അറിയിക്കുന്നു. കോഴിക്കോട് എം.പി.രാഘവനെയും വിവരമറിയിക്കുന്നു. 

ജൂലൈ 20

∙റഡാർ എത്തിച്ചുള്ള പരിശോധനയിൽ മണ്ണിനടിയിൽനിന്ന് മൂന്നു സിഗ്നലുകൾ ലഭിച്ചു. ജിപിഎസ് ലൊക്കേഷൻ കാണിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്ക് രക്ഷാപ്രവർത്തനം കേന്ദ്രീകരിച്ചതും പ്രതീക്ഷ നൽകി. 

ജൂലൈ 21 

∙രക്ഷാപ്രവർത്തനം പതുക്കെയാണെന്ന് കാണിച്ച് അർജുന്റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. തിരച്ചിലിന് കർണാടക ബെൽഗാമിലെ സൈനിക കേന്ദ്രത്തിൽ നിന്നുള്ള 40 അംഗ സംഘമെത്തുന്നു. റോഡിൽ വീണ 98 ശതമാനം മണ്ണും മാറ്റി. ട്രക്കിന്റെ സൂചനയില്ലാത്തതിനാൽ തിരച്ചിൽ ഗംഗാവലി പുഴയിലേക്ക് നീളുന്നു

അർജുൻ, ഷിരൂരിൽ അർജുനായുള്ള രക്ഷാപ്രവർത്തനം, അർജുന്റെ അമ്മ ഷീല
അർജുൻ, ഷിരൂരിൽ അർജുനായുള്ള രക്ഷാപ്രവർത്തനം, അർജുന്റെ അമ്മ ഷീല

ജൂലൈ 22

∙കരയിൽ ലോറി ഇല്ലെന്ന് സൈന്യം സ്ഥിരീകരിക്കുന്നു. രക്ഷാപ്രവർത്തനത്തിന് കോഴിക്കോട്ട് നിന്നുള്ള 18 പേരടങ്ങുന്ന സന്നദ്ധ സംഘം ഷിരൂരിലേക്ക് തിരിച്ചു. 

∙ പുഴയിൽ കണ്ടെത്തിയ എൽപിജി ബുള്ളറ്റ് ടാങ്കർ കരയ്ക്കെത്തിച്ചു. 

ജൂലൈ 23

∙ ഗംഗാവലി പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നുതന്നെ സോണാർ സിഗ്നൽ ലഭിച്ചു. 

∙ തിരച്ചിലിൽ, അപകടത്തിൽ കാണാതായ സന്നി ഹനുമന്തയെന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്നതിന് 12 കിലോമീറ്റർ അകലെ നിന്നാണ് മൃതശരീരം കിട്ടിയത്. 

∙ തിരച്ചിലിന് കൂരാച്ചുണ്ട് റെസ്ക്യൂ ടീമും സ്ഥലത്തെത്തി. 

ജൂലൈ 24

∙ അർജുനു വേണ്ടിയുള്ള തിരച്ചിൽ വൈകിയില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ 

ജൂലൈ 25 

∙ഷിരൂരിൽ തിരച്ചിലിന് മലയാളിയായ റിട്ട. മേജർ ജനറൽ എം.ഇന്ദ്രബാലൻ എത്തുന്നു. 

∙ മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു. രാത്രി നടക്കേണ്ട ഡ്രോൺ പരിശോധന തടസ്സപ്പെട്ടു. 

അർജുൻ, തിരച്ചിലിനിടെ കണ്ടെത്തിയ അർജുന്റെ ലോറി
അർജുൻ, തിരച്ചിലിനിടെ കണ്ടെത്തിയ അർജുന്റെ ലോറി

ജൂലൈ 26 

∙അർജുനെ കണ്ടെത്താൻ സൈന്യത്തിന്റെ കൂടുതൽ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു

ജൂലൈ 27

∙ അർജുനെ തിരയാൻ മത്സ്യത്തൊഴിലാളികളും; ദൗത്യം ഏറ്റെടുത്ത് ‘ഈശ്വർ മാൽപെ’ സംഘം.

ഷിരൂരിൽ ഡ്രജർ ഉപയോഗിച്ച് അർജുനായി നടത്തുന്ന തിരച്ചിൽ
ഷിരൂരിൽ ഡ്രജർ ഉപയോഗിച്ച് അർജുനായി നടത്തുന്ന തിരച്ചിൽ

ജൂലൈ 28

∙ അർജുന് വേണ്ടിയുള്ള തിരച്ചിൽ താല്ക്കാലികമായി നിർത്തി കർണാടക. കേരളം എതിർപ്പ് അറിയിച്ചതോടെ, ദൗത്യം തുടരുമെന്ന് വിശദീകരണം.

ജൂലൈ 29 

∙കാലാവസ്ഥ അനുകൂലമെങ്കിൽ തിരച്ചിൽ നടത്തുമെന്ന് കർണാടക

ജൂലൈ 30 

∙ഡ്രജർ എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ തൃശൂർ കാർഷിക സർവകലാശാലാ പ്രതിനിധികൾ സ്ഥലത്തെത്തി. തിരച്ചിൽ സാധ്യമെന്ന് പ്രതിനിധികൾ

arjun-shirur-landslide-dredger

ഓഗസ്റ്റ് 1

∙ ഷിരൂരിലെ ദേശീയപാതയിലൂടെ 17 ദിവസത്തിന് ശേഷം വാഹനങ്ങൾ കടത്തിവിട്ടു

ഓഗസ്റ്റ് 3

∙അമാവാസി നാളിൽ പുഴയിലെ വെള്ളം കുറയുമ്പോൾ തിരച്ചിലിന് തയാറെന്ന് മൽപെ; ഷിരൂരിലേക്ക് തൃശൂരിലെ ഡ്രജർ എത്തിക്കേണ്ടെന്ന് തീരുമാനം.

ഓഗസ്റ്റ് 4

∙ഷിരൂരിൽ കാലാവസ്ഥ പ്രതികൂലം; ഈശ്വര്‍ മല്‍പെയെ പുഴയിലിറങ്ങാൻ പൊലീസ് അനുവദിച്ചില്ല. 

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ. ചിത്രം. അഭിജിത്ത് രവി∙മനോരമ
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ. ചിത്രം. അഭിജിത്ത് രവി∙മനോരമ

ഓഗസ്റ്റ് 7

∙അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി; ജൂനിയർ ക്ലർക്കായി താല്‍ക്കാലിക നിയമനം

ഓഗസ്റ്റ് 10

∙അർജുനു വേണ്ടി വീണ്ടും തിരച്ചിൽ; ഗംഗാവലി പുഴയിലെ കുത്തൊഴുക്ക് കുറഞ്ഞത് അനുകൂലമായി.

അർജുന്റെ കുടുംബം വാർത്താസമ്മേളനത്തിനിടെ
അർജുന്റെ കുടുംബം വാർത്താസമ്മേളനത്തിനിടെ

ഓഗസ്റ്റ് 13

∙ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും മരവാതില്‍ ഭാഗവും കണ്ടെത്തി.

ഓഗസ്റ്റ് 14

∙ നാവികസേന കണ്ടെത്തിയ കയർ അർജുന്റെ ലോറിയിലേതെന്ന് സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്. 

ഓഗസ്റ്റ് 15 

∙അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ തിരയാന്‍ ഈശ്വര്‍ മല്‍പെയോടൊപ്പം തിരുവേഗപ്പുറ പൈലിപ്പുറത്തെ മുങ്ങല്‍ വിദഗ്ധരും

ഓഗസ്റ്റ് 16

∙അർജുന്റെ ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ ലഭിച്ചു. 

ഓഗസ്റ്റ് 28

∙ഗോവയിൽനിന്ന് ഡ്രജർ എത്തിക്കും, തിരച്ചിൽ തുടരും’: അർജുന്റെ കുടുംബത്തിന് സിദ്ധരാമയ്യയുടെ ഉറപ്പ്. 

സെപ്റ്റംബർ 18

∙ ഗോവയിൽ നിന്ന് ടഗ് ബോട്ടുകളുടെ സഹായത്തോടെ ഡ്രജർ കാർവാറിൽ എത്തിച്ചു.

സെപ്റ്റംബർ 20

∙ അർജുനടക്കം 3 പേർക്കായി ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ചുള്ള തിരച്ചിൽ ആരംഭിച്ചു. 

സെപ്റ്റംബർ 21

∙ ഗംഗാവലിപ്പുഴയിൽ നിന്ന് സ്റ്റിയറിങ്, ക്ലച്ച്, ടയറിന്റെ ഭാഗങ്ങൾ എന്നിവ കണ്ടെത്തി. ആദ്യം അർജുന്റെ ലോറിയുടേതെന്നു കരുതിയെങ്കിലും പിന്നീട് അല്ലെന്നു സ്ഥിരീകരണം.

സെപ്റ്റംബർ 22

∙ പുഴയിൽനിന്ന് ഒരു അസ്ഥിക്കഷണം ലഭിച്ചു. ജില്ലാ ഭരണകൂടവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഈശ്വര്‍ മല്‍പെ തിരച്ചിൽ നിർത്തി മടങ്ങി.

സെപ്റ്റംബർ 23 

∙ തിരച്ചിലിന് മലയാളിയായ റിട്ട.മേജർ ജനറൽ എം.ഇന്ദ്രബാല‍നും സാങ്കേതികപരിശീലനം നേടിയ ടീം അംഗങ്ങളും എത്തി. 

സെപ്റ്റംബർ 25

∙ അർജുന്റെ ലോറി കണ്ടെത്തി. കാബിനുള്ളിൽ ഒരു മ‍‍‍‍ൃതദേഹവും കണ്ടു.

English Summary:

Arjun's lorry which went missing in landslide in Shirur found at bottom of Gangavali River : time line

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com