‘ദിലീപ് കേസിലെ ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ ഉണ്ടായില്ല; അറസ്റ്റിന് അമാന്തം?’: വിമർശിച്ച് സിപിഐ
Mail This Article
കോട്ടയം ∙ ബലാൽസംഗക്കേസിലെ പ്രതിയായ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെ വിമർശിച്ച് സിപിഐ. കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്നു സംശയമുണ്ടെന്നാണു സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിൽ വിമർശിച്ചത്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ സ്വീകരിച്ചപോലുള്ള ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പൊലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തുമെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു. ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആർ.അജിത‌്കുമാറിന്റെ കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ തുടങ്ങിയ വിഷയങ്ങളിലെ എതിർപ്പിനിടെയാണു മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊലീസിനെതിരെ സിപിഐയുടെ തുടർവിമർശനം.
‘പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; അതിജീവിതർക്ക് നീതി ലഭിക്കണം’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണു പൊലീസ് നടപടിയെ കുറ്റപ്പെടുത്തുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരും അല്ലാത്തവരുമായ ഒട്ടേറെപ്പേർക്കെതിരെ തുരുതുരാ ലൈംഗിക പീഡനാരോപണങ്ങളുയര്‍ന്നു. ഹേമ കമ്മിറ്റിക്ക് മുമ്പാകെ പീഡനങ്ങളെക്കുറിച്ച് നല്‍കിയ മൊഴികള്‍ രഹസ്യസ്വാഭാവത്തിൽ ഉള്ളതായതിനാല്‍ പുറത്തുവന്നിട്ടില്ല. രാജ്യത്ത് ആദ്യമായി സിനിമാരംഗത്തെ വനിതകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി അഭിനന്ദനമര്‍ഹിക്കുന്നു. പീഡന പരാതിയില്‍ കഴിഞ്ഞദിവസം 3 പ്രമുഖ നടന്മാര്‍ക്കെതിരെ നടപടികളുണ്ടായി.
നടനും എംഎല്‍എയുമായ മുകേഷിനെയും നടനും അഭിനേതാക്കളുടെ സംഘടനാ ഭാരവാഹിയുമായിരുന്ന ഇടവേള ബാബുവിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത് വിട്ടയച്ചു. കോടതികള്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതുകൊണ്ടാണ് ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചത്. മറ്റൊരു നടന്‍ സിദ്ദിഖിനു ഹൈക്കോടതി ജാമ്യം നിഷേധിച്ചെങ്കിലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്, തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് സിദ്ദിഖിനെതിരെയുള്ള പരാതി. ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണു കേസെടുത്തത്. ഇത്രയും കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയവുമുയര്‍ന്നിട്ടുണ്ട്.
ഹൈക്കോടതി വിധി വന്നതിനു പിന്നാലെ, ചൊവ്വാഴ്ച രാവിലെ തന്നെ സിദ്ദിഖിന്റെ കാക്കനാട് പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളില്‍ എത്തിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തേ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടുപടിക്കൽത്തന്നെ പൊലീസുണ്ടായിരുന്നു. ജാമ്യാപേക്ഷ തള്ളുന്ന സ്ഥിതിയുണ്ടായാൽ അറസ്റ്റ് ചെയ്യാനായിരുന്നു ഈ നടപടി. ഇത്തരമൊരു ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പൊലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും? സിദ്ദിഖ് ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരും പരാതിക്കാരിയും തടസ്സഹർജി ഫയൽ ചെയ്‌തിട്ടുണ്ട്. അതിജീവിതര്‍ക്ക് നീതി ലഭ്യമാക്കാന്‍ നിയമനടപടികള്‍ ശക്തമാകുകയും അന്വേഷണ സംഘം ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം.– മുഖപ്രസംഗത്തിൽ പറയുന്നു.