ആളിപ്പടർന്ന് അന്‍വര്‍; പൊള്ളിയത് മുഖ്യമന്ത്രിക്ക്; റിയാസിനെയും ലക്ഷ്യമിട്ട് കടന്നാക്രമണം
Mail This Article
തിരുവനന്തപുരം∙ ‘‘കേരളത്തില്‍ കത്തി ജ്വലിച്ചുനിന്ന പിണറായി വിജയന്‍ എന്ന സൂര്യന്‍ കെട്ടുപോയി, മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ല്‍നിന്ന് പൂജ്യമായി താഴ്ന്നു.’’ സിപിഎമ്മിലും സര്‍ക്കാരിലും മറുവാക്കില്ലാത്ത അനിഷേധ്യ ശക്തിയായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തീയായി ആളിപ്പടര്‍ന്ന് പുത്തന്‍ പോര്‍മുഖം തുറന്ന് പാര്‍ട്ടി കേന്ദ്രങ്ങളെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ് ഇടതുപക്ഷ എംഎല്‍എ പി.വി.അന്‍വര്‍. ആത്മാഭിമാനം കുറച്ചു കൂടുതലുണ്ടെന്നു കഴിഞ്ഞ ദിവസം പറഞ്ഞ അന്‍വര്‍ തീയായി ആളിയപ്പോള്‍ പൊള്ളിയത് മുഖ്യമന്ത്രിക്ക്. കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും അന്‍വര്‍ തുറന്നടിച്ചു.
തൃശൂര്‍ പൂരം കലക്കാന്‍ ശ്രമിച്ചത് കേന്ദ്രസര്‍ക്കാരില്‍നിന്ന് ആനുകൂല്യം നേടാന്‍ ശ്രമിക്കുന്നവരാണെന്നുള്ള ആരോപണത്തിലൂടെ വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിരിട്ടിരിക്കുകയാണ് അന്‍വര്‍. പാര്‍ട്ടിയില്‍ റിയാസ് മാത്രം മതിയോ, അന്‍വറിനെ പോലെയുള്ളവര്‍ക്കും നില്‍ക്കേണ്ടേ എന്ന ചോദ്യവും പാര്‍ട്ടിയില്‍ അടിമത്തമാണെന്ന തുറന്നുപറച്ചിലും മുഖ്യമന്ത്രി പാര്‍ട്ടിയും സര്‍ക്കാരും അടക്കിവാഴുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്നതായി.
കോടിയേരി സഖാവ് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഈ മൈക്കുമായി എനിക്ക് ഇരിക്കേണ്ടി വരില്ലായിരുന്നെന്നും പറഞ്ഞ അൻവർ ഇതിലും മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പെയ്യാൻ മറന്നില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനും അമേരിക്കയിൽ പോകാൻ വേണ്ടി കോടിയേരിയുടെ സംസ്കാരം നേരത്തെ നടത്തിയെന്ന് വിഷമത്തോടെ ഒരു സഖാവ് പറഞ്ഞെന്നാണ് അൻവർ ചൂണ്ടിക്കാട്ടിയത്.
വിഎസ് പക്ഷം കത്തിജ്വലിച്ചുനിന്ന വിഭാഗീയതയുടെ നീരുകാലത്തു പോലും പിണറായി വിജയന് കേള്‍ക്കേണ്ടിവന്നിട്ടില്ലാത്ത തരത്തിലുള്ള രൂക്ഷമായ വാക്കുകളാണ് സ്വന്തം പാളയത്തിലെ ഏറ്റവും വിശ്വസ്തനായിരുന്ന അന്‍വര്‍ അഴിച്ചുവിട്ടിരിക്കുന്നത്. വിലക്കുകളും എല്ലാ സീമകളും ലംഘിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും തന്നെ അന്‍വര്‍ ലക്ഷ്യമിട്ടതോടെ ഏതു തരത്തില്‍ നേരിടണമെന്ന ആശയക്കുഴപ്പത്തിലാണ് പാര്‍ട്ടി നേതൃത്വം. അന്‍വറിന്റെ പത്രസമ്മേളനത്തിനു ശേഷം പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങളില്‍ അതു വ്യക്തമായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടയിലാണ് പിണറായി വിജയന്‍ എന്ന കരുത്തനായ നേതാവിനെതിരെ ആരും പറയാന്‍ ധൈര്യപ്പെടാത്ത വിമര്‍ശനങ്ങള്‍ അന്‍വര്‍ നടത്തിയിരിക്കുന്നത്.
അന്‍വര്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ താനും പറഞ്ഞുകൊണ്ടിരിക്കും എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. അന്‍വര്‍ കുടുംബത്തെ വരെ തൊട്ടുകളിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി നിലപാട് കടുപ്പിക്കും എന്നത് ഉറപ്പാണ്. എന്തായാലും സിപിഎമ്മിന്റെ പടിക്കു പുറത്തേക്കാണ് അന്‍വറിന്റെ വഴിയെന്ന് ഉറപ്പായിക്കഴിഞ്ഞു.
സ്വര്‍ണക്കള്ളക്കടത്തുകാര്‍ക്കു വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന തരത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് തന്റെ ആത്മാഭിമാനത്തിനു ക്ഷതമേല്‍പ്പിച്ചതും തീയായി ആളിപ്പടരാന്‍ പ്രേരിപ്പിച്ചതും എന്ന് വാര്‍ത്താസമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയ ശേഷമാണ് അന്‍വര്‍ മുഖ്യമന്ത്രിയെ വാക്കുകള്‍ കൊണ്ടു മുറിവേല്‍പിച്ചത്. പിതാവിനെ പോലെ കണ്ട മുഖ്യമന്ത്രി തന്നെ ചതിക്കുകയായിരുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. കള്ളനാക്കാന്‍ നോക്കിയാല്‍ ക്ഷമിക്കാനാവില്ല. പിന്നെ ഭീഷണിപ്പെടുത്തുകയാണ്. ഗവര്‍ണര്‍ അന്‍വറിനെപ്പറ്റി അന്വേഷിക്കാനല്ല കത്ത് നല്‍കിയത്. ഞാന്‍ പോകുമെന്ന് കരുതിയെങ്കില്‍ മുഖ്യമന്ത്രിക്ക് തെറ്റിപ്പോയി. ഉമ്മാക്കി കാണിക്കാന്‍ ആരും വരേണ്ട. ഞാന്‍ ഈ ഭൂമിയില്‍ ആരോടെങ്കിലും കീഴ്‌പ്പെടുന്നുണ്ടെങ്കില്‍ ദൈവത്തിനും പാവപ്പെട്ട മനുഷ്യര്‍ക്കും വേണ്ടിയായിരിക്കും. -അന്‍വര്‍ പറഞ്ഞു.
കരിപ്പൂരില്‍ നടക്കുന്ന സ്വര്‍ണക്കടത്തും പൊട്ടിക്കലും ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആക്ഷേപവും അന്‍വര്‍ ഉന്നയിച്ചു. ഇതിനൊപ്പം മന്ത്രി മുഹമ്മദ് റിയാസിനെയും ലക്ഷ്യമിടാന്‍ അന്‍വര്‍ മറന്നില്ല. റിയാസിനു വേണ്ടിയാണ് എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്ന് അന്‍വര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് നില്‍ക്കുന്നത് അഗ്‌നിപര്‍വത്തിന്റെ മുകളിലാണെന്നും കെട്ടവരുടെ കൈയ്യില്‍ നിന്ന് നല്ലവരുടെ കൈയ്യിലേക്ക് ഈ പാര്‍ട്ടി വന്നേക്കാമെന്നും അന്‍വര്‍ തുറന്നടിച്ചു. പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവിഷയങ്ങളില്‍ ഇടപെടേണ്ട എല്ലാ സ്വാതന്ത്ര്യത്തിനും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടുവെന്നും ഉദ്യോഗസ്ഥ മേധാവിത്വം ഈ സര്‍ക്കാരിന്റെ സംഭാവനയാണെന്നുമുള്ള കടുത്ത വിമര്‍ശനവും അന്‍വര്‍ ഉന്നയിച്ചു.
പി.ശശിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും നിലപാടിനെയും അന്‍വര്‍ തള്ളി. താന്‍ ബന്ധപ്പെട്ട ഒരു സഖാവ് പോലും ശശിയെപ്പറ്റി നല്ല വാക്ക് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി എന്തിനാണ് അയാളെ കെട്ടിപ്പിടിച്ചു നടക്കുന്നത്. മുഖ്യമന്ത്രിയെ നയിക്കുന്നത് ഉപജാപക സംഘമാണ്. നമ്മളോടൊന്നും സംസാരിക്കാറില്ലെന്നാണ് ഒരു വലിയ നേതാവ് പറഞ്ഞത്. അജിത് കുമാറും ശശിയും മാത്രം മതി മുഖ്യമന്ത്രിക്കെന്നും അന്‍വര്‍ ആരോപിക്കുന്നു.