ADVERTISEMENT

ബെംഗളൂരു ∙ യുവതിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ ഫ്രിജിൽ കണ്ടെത്തിയ സംഭവത്തിൽ, ജീവനൊടുക്കിയ പ്രതി മുക്തിരഞ്ജൻ റായ്‌യുടെ ഡയറി കണ്ടെത്തി. ബിഹാർ സ്വദേശിനി മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. മഹാലക്ഷ്മിയുടെ ശരീരം 59 കഷണങ്ങളാക്കി മുറിച്ചെന്നും ഫ്രിജിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഡയറിയിലുണ്ട്. കൊലപാതകത്തെപ്പറ്റി സഹോദരനോട് പറഞ്ഞതായും പ്രതി ഡയറിയിൽ എഴുതിയിട്ടുണ്ട്.

മഹാലക്ഷ്മി ജോലിക്കായാണ് ബെംഗളൂരുവിലെത്തിയത്. മഹാലക്ഷ്മിയും പ്രതിയും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് യുവതി പ്രതിയോട് നിരന്തരം ആവശ്യപ്പെട്ടതിന്റെ പ്രകോപനത്താലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. ഒറ്റമുറി അപ്പാർട്ട്‌മെന്റിലെ ഫ്രിജിൽ നിന്നാണ് മഹാലക്ഷ്മിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഫ്ലാറ്റിൽനിന്നു ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ യുവതിയുടെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു.

യുവതിയുടെ അമ്മയും സഹോദരിയും എത്തിയപ്പോൾ മുറിയുടെ വാതിൽ പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. അകത്ത് കയറിയപ്പോൾ ഫ്രിജിനു സമീപം രക്തക്കറകളും ഈച്ചകളെയും കണ്ടു. ഫ്രിജ് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കഷണങ്ങളാക്കി മുറിച്ച നിലയിൽ കണ്ടെത്തിയത്. മുറിച്ചുമാറ്റപ്പെട്ട കാലുകൾ സിംഗിൾ ഡോർ ഫ്രിജിന്റെ മുകൾ തട്ടിലായിരുന്നു; മറ്റു ഭാഗങ്ങൾ താഴെയും. മൃതദേഹത്തിന് നാലോ അഞ്ചോ ദിവസത്തെ പഴക്കമുണ്ടായിരുന്നു.

വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽനിന്ന് എത്രയും പെട്ടെന്ന് ഒഴിയണമെന്നും ഫോണിലൂടെ സംസാരിക്കാൻ കഴിയാത്ത ചില വിഷയങ്ങളുണ്ടെന്നും മുക്തിരഞ്ജൻ പറഞ്ഞതായി സഹോദരൻ പൊലീസിനോടു പറഞ്ഞു. കൊലപാതകത്തെ കുറിച്ചും നാട്ടിലേക്കു മടങ്ങുകയാണെന്നും പറഞ്ഞതായും സഹോദരൻ പറഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഒഡീഷയിലുണ്ടെന്ന് കണ്ടെത്തി അവിടേക്ക് തിരിച്ചെങ്കിലും മുക്തിരഞ്ജൻ ആത്മഹത്യ ചെയ്യുകയായിരുന്നു.

English Summary:

Shocking Crime: Mahalakshmi's Body Cut Into 59 Pieces, Stored in Fridge. The accused Muktiranjan Ray, who left behind a revealing diary, had died by suicide.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com