പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെ ആണവാക്രമണം; മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ
Mail This Article
മോസ്കോ∙ പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെ ആണവാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി വ്ലാഡിമിർ പുടിൻ. തുടർച്ചയായുള്ള യുക്രെയ്ൻ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുട്ടിന്റെ മുന്നറിയിപ്പ്. റഷ്യയുടെ ആണവായുധ സുരക്ഷ ചർച്ച ചെയ്യുന്നതിനായി മോസ്കോയിലെ ഉന്നത സുരക്ഷാ കൗൺസിലുമായി പുടിൻ അടിയന്തര യോഗം ചേർന്നിരുന്നു.
പാശ്ചാത്യ രാജ്യങ്ങൾ, പ്രത്യേകിച്ച് യുകെയും യുഎസും, യുക്രെയ്ന് ക്രൂയിസ് മിസൈലുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്നതിൽ റഷ്യ ആശങ്കയിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നതും റഷ്യ ആണവാക്രമണ ഭീഷണി ഉയർത്തിയതും.
റഷ്യയെ ആക്രമിക്കാൻ 'സ്റ്റോം ഷാഡോ' ക്രൂയിസ് മിസൈൽ ഉപയോഗിക്കുന്നതിന് യുകെ കഴിഞ്ഞയാഴ്ച അനുമതി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ വാഷിങ്ടണിലെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യൻ മണ്ണിൽ യുക്രെയ്ൻ ആയുധങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. ഇതിനെ കുറിച്ച് റഷ്യൻ ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. യുക്രെയ്ന് പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ ലഭിക്കുന്ന പശ്ചാത്തലത്തിൽ റഷ്യ ആണവ നയം പുനഃപരിശോധിക്കേണ്ടത് ആവശ്യമാണെന്നാണ് വിലയിരുത്തൽ.