സ്വതന്ത്രർ ശരിക്കും സ്വതന്ത്രരാകുമോ?; മയപ്പെട്ട് ജലീലും കാരാട്ട് റസാഖും, മിണ്ടാതെ റഹീം, കരുതലോടെ അബ്ദുറഹിമാനും
Mail This Article
കോട്ടയം∙ സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കി പി.വി.അൻവർ എൽഡിഎഫിനു പുറത്തേക്കു പോകുമ്പോൾ, മലബാറിലെ സിപിഎം സ്വതന്ത്ര എംഎൽഎമാരുടെ പ്രതികരണം എങ്ങനെയാകുമെന്നാണ് പാർട്ടി ഉറ്റുനോക്കുന്നത്. ഉടനടി അങ്ങനെയൊരു നീക്കം പ്രതീക്ഷിക്കുന്നില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പു വരെ സ്വതന്ത്രന്മാർക്കു മേലൊരു കണ്ണു വേണമെന്നു കരുതുന്നവർ പാർട്ടിയിലുണ്ട്. കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ്, മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെ.ടി. ജലീൽ, കുന്നമംഗലം എംഎൽഎ പി.ടി.എ റഹീം എന്നിവരെല്ലാം അൻവറിനെ പോലെ യുഡിഎഫിൽനിന്ന് ഇടതു ചേരിയിലേക്ക് എത്തിയവരാണ്. താനൂർ എംഎൽഎയായ മന്ത്രി അബ്ദുറഹിമാനും ഇതേ ഗണത്തിൽപ്പെട്ടയാളാണ്.
മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചു കയറാൻ അടവുനയത്തിന്റെ ഭാഗമായി സിപിഎം കൂട്ടുപിടിച്ചതാണ് ഇവരെയെല്ലാം. ഇതിൽ അൻവറും അബ്ദുറഹിമാനും വ്യവസായികളും മുൻ കോൺഗ്രസുകാരുമാണ്. കാരാട്ട് റസാഖും ജലീലും റഹീമും മുൻ ലീഗുകാരും. പാർട്ടിക്ക് സ്വാധീനമില്ലാത്ത പ്രദേശങ്ങളിൽ സ്വതന്ത്രർ കൂടി കയ്യൊഴിഞ്ഞാൽ കാത്തിരിക്കുന്ന അപകടം സിപിഎം നേതാക്കൾക്കു നന്നായി അറിയാം. ഇതുപോലൊരു സമ്മേളനകാലത്താണ് മഞ്ഞളാംകുഴി അലി എൽഡിഎഫ് ബന്ധം അവസാനിപ്പിച്ചതെന്ന കാര്യം സിപിഎം മറക്കുന്നില്ല. അൽഫോൻസ് കണ്ണന്താനമാകട്ടെ, നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ‘പടിക്കൽ കലമുടച്ചത്’.
അന്‍വർ ആരോപണങ്ങൾ ഉന്നയിച്ചു തുടങ്ങിയ സമയത്ത് അദ്ദേഹത്തെ പിന്തുണച്ച് കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖ് രംഗത്തെത്തിയിരുന്നു. പരസ്യമായി മാധ്യമങ്ങളെ കണ്ട അദ്ദേഹം പിന്നീട് പാർട്ടി നിലപാടു വഴങ്ങി പിന്മാറി. പി. ശശിയെ പേരുപറഞ്ഞാണ് കാരാട്ട് റസാഖ് വിമർശിച്ചത്. അൻവർ താനുമായി കൂടിയാലോചന നടത്തിയിട്ടാണ് പരസ്യ വിമർശനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്നലെ അൻവറിന്റെ വാർത്താസമ്മേളനത്തിനു പിന്നാലെ, അദ്ദേഹം തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കാരാട്ട് റസാഖ് പ്രതികരിച്ചത്. അൻവറിനെപ്പോലെ വ്യവസായ പാരമ്പര്യമുള്ള രാഷ്ട്രീയക്കാരനാണ് കാരാട്ട് റസാഖും. ഞായറാഴ്ച അൻവർ വിളിച്ചുചേർക്കുന്ന പൊതുസമ്മേളനത്തിൽ റസാഖ് എത്തുമെന്നു വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ഇത് അൻവറോ റസാഖോ സ്ഥിരീകരിക്കുന്നില്ല.
സ്വതന്ത്രരെല്ലാം ചേർന്ന് ഒരു പാർട്ടി രൂപീകരിക്കുമെന്നു പറയുന്നുണ്ടെങ്കിലും അതിനും ഔദ്യോഗിക സ്ഥിരീകരണം നൽകാൻ ഇവരാരും തയാറല്ല. സ്വതന്ത്രർ അൻവറിനെ പിന്തുണച്ചേക്കാമെന്നും അൻവർ പാർട്ടി രൂപീകരിച്ചാൽ എല്ലാ സ്വതന്ത്രരും ഒപ്പം ചേർന്നേക്കാമെന്നുമാണ് കാരാട്ട് റസാഖ് ഏറ്റവും ഒടുവിലായി നടത്തിയ പ്രതികരണം.
ഒരുഘട്ടത്തിൽ അൻവറിനെ പിന്തുണച്ച് കെ.ടി. ജലീൽ രംഗത്തെത്തിയത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. തിരുവനന്തപുരത്ത് വച്ച് ഇരുവരും കൂടിക്കാഴ്ചയും നടത്തി. ഇതിനു പിന്നാലെയാണ് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവരാൻ പോർട്ടൽ ആരംഭിക്കുമെന്നും ജലീൽ പറഞ്ഞത്. പരാതികൾ അറിയിക്കാൻ വാട്സാപ് നമ്പറും അദ്ദേഹം പുറത്തുവിട്ടു. എന്നാൽ കളങ്കിതരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ ജലീലിന്റെ സഹായം ആവശ്യമില്ലെന്ന് എം.വി. ഗോവിന്ദൻ തുറന്നടിച്ചത് അദ്ദേഹത്തിനുള്ള സന്ദേശമായിരുന്നു. പാർട്ടിവേദികളിൽ വീണ്ടും സജീവമായ ജലീൽ, അൻവർ സ്വർണക്കടത്തുകാർക്കായി സംസാരിക്കുന്നു എന്ന അഭിപ്രായം തനിക്കില്ലെന്നാണ് ഇന്നു പറഞ്ഞിരിക്കുന്നത്.
ഇവർ മൂന്നുപേരിൽ നിന്നും വ്യത്യസ്തമായാണ് പി.ടി.എ. റഹീമിന്റെ നീക്കം. എല്ലാത്തിൽനിന്നും തന്ത്രപരമായ അകലം അദ്ദേഹം പാലിക്കുന്നു. പരസ്യ പ്രതികരണങ്ങൾക്കും മുതിരുന്നില്ല. വിഷയത്തിൽ ഇതുവരെ പ്രതികരിക്കാതിരുന്ന അബ്ദുറഹിമാൻ ഇന്ന് അൻവറിനെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. അൻവറിന്റെ പ്രതികരണം മുന്നണിക്കും പാർട്ടിക്കും യോജിക്കാത്തത് എന്നായിരുന്നു അബ്ദുറഹിമാൻ പറഞ്ഞത്. രണ്ടാം പിണറായി സർക്കാരിൽ ജലീലിനു പകരം മലബാറിൽനിന്നുള്ള ഒരു സ്വതന്ത്രനെ മന്ത്രിയാക്കാൻ തീരുമാനിച്ചപ്പേൾ പ്രധാനമായും ഉയർന്നു കേട്ടത് അൻവറിന്റെ പേരായിരുന്നു. എന്നാൽ നറുക്ക് വീണതാകട്ടെ അബ്ദുറഹിമാനായിരുന്നു. ഈ നീരസം അൻവറിന് അന്നും ഇന്നുമുണ്ട്. തൽക്കാലം തള്ളാനും കൊള്ളാനുമില്ലെങ്കിലും ഇവരുടെ നീക്കങ്ങൾ കണ്ണിൽ എണ്ണയൊഴിച്ചു നിരീക്ഷിക്കുകയാണ് യുഡിഎഫ് ക്യാംപും.