ADVERTISEMENT

മലപ്പുറം∙ സിപിഎം ബന്ധം അവസാനിപ്പിച്ച പി.വി.അൻവർ എംഎൽഎയ്ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രവർത്തകർ. സിപിഎം നിലമ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ടൗണിലും ജില്ലയുടെ വിവിധ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു. ‘ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാൽ കയ്യും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’, ‘പൊന്നേയെന്ന് വിളിച്ച നാവിൽ പോടായെന്ന് വിളിക്കാനറിയാം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ മുഴങ്ങി. പ്രവർത്തകർ അൻവറിന്റെ കോലം കത്തിച്ചു. ഇരുന്നൂറിലധികം ആളുകൾ നിലമ്പൂരിലെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. അൻവറിന്റെ ചിത്രം ഉൾപ്പെടുത്തിയ ബാനറുമായിട്ടായിരുന്നു പ്രതിഷേധം. മലപ്പുറത്തെ 18 ഏരിയാ കമ്മിറ്റികളും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

എന്നാൽ പാർട്ടി സെക്രട്ടറി പറഞ്ഞാൽ പ്രകടനത്തിൽ പങ്കെടുക്കാതിരിക്കാൻ പ്രവർത്തകർക്ക് കഴിയില്ലെന്നും ആ അർഥത്തിലേ പ്രകടനത്തെ കാണുന്നുള്ളൂ എന്നും പി.വി.അൻവർ പറഞ്ഞു. താൻ പറയുന്നത് ശരിയാണെന്നു പ്രവർത്തകരുടെ മനസിലുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.

അതേസമയം വരും ദിവസങ്ങളിലും അൻവറിനെതിരെ പ്രതിഷേധം ഉണ്ടാകുമെന്നു നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. എഡ‍ിജിപി എം.ആർ.അജിത്കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും വിമർശിച്ച അൻവർ മുഖ്യമന്ത്രിക്കു നേരെ തിരിഞ്ഞതോടെയാണു പാർട്ടി കൈവിട്ടത്. അൻവറുമായി ഇനി ബന്ധമില്ലെന്നു പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുകയായിരുന്നു.

അൻവറിന്റെ നിലപാടിനെതിരെ പാർട്ടിയെ സ്നേഹിക്കുന്നവരും പ്രവർത്തകരും രംഗത്തിറങ്ങണമെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കി. അൻവറിന്റെ നിലപാടുകൾക്കു സമൂഹമാധ്യമത്തിൽ സ്വീകാര്യത ലഭിച്ചതോടെയാണ് പാർട്ടി നിലപാട് കർശനമാക്കിയത്. തന്റെ നിലപാട് വ്യക്തമാക്കാൻ ഞായറാഴ്ച അൻവറും പൊതുസമ്മേളനം വിളിച്ചിട്ടുണ്ട്. സമ്മേളനത്തിൽ തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുമെന്നാണ് അൻവർ പറയുന്നത്.

English Summary:

CPM protest against PV Anvar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com