പരിശീലനം പഴയ എടിഎം മെഷിനുകളിൽ, കൊള്ളക്കാരുടെ ‘സാമ്രാജ്യം’: തൃശൂരിൽ ഇറങ്ങിയതും മേവാത്ത് ഗാങ്?
Mail This Article
തൃശൂർ∙ തൃശൂരിൽ എടിഎമ്മുകളിൽ കവർച്ച നടത്തിയ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാൻ പൊലീസിനു വഴികാട്ടിയത് വർഷങ്ങൾക്കു മുൻപ് കണ്ണൂരിൽ സമാനരീതിയിൽ നടന്ന കവർച്ച. 2021 ഫെബ്രുവരി 21 ന് കണ്ണൂരിലെ കല്യാശ്ശേരി, മാങ്ങാട്, ഇരിണാവ് റോഡ് കവല എന്നിവിടങ്ങളിലെ മൂന്ന് എടിഎമ്മുകളിൽനിന്ന് 24 ലക്ഷം രൂപ കവർന്ന കേസിൽ കേരള പൊലീസ് പിടികൂടിയത് ഹരിയാന സ്വദേശികളുടെ സംഘത്തെ ആയിരുന്നു. കണ്ണൂരിലെ കവർച്ചയും തൃശൂരിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന കവർച്ചയും തമ്മിലുള്ള സാമ്യം പൊലീസ് എളുപ്പത്തിൽ തിരിച്ചറിഞ്ഞു. 2021 ൽ കണ്ണൂരിൽ കവർച്ച നടക്കുമ്പോൾ അവിടെ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ആർ. ഇളങ്കോ ആണ് ഇപ്പോൾ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ എന്നതും പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കി. പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതോടെ അയൽജില്ലകളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും അതിവേഗം ജാഗ്രതാനിർദേശം നൽകി.
കണ്ണൂരിലെത്തിയ മേവാത്ത് ഗ്യാങ്
തൃശൂരിലേതുപോലെ ഗ്യാസ് കട്ടർ ഉപയോഗിച്ചായിരുന്നു കണ്ണൂരിലും കവർച്ച നടത്തിയത്. മണിക്കൂറുകൾക്കുള്ളിൽ കവർച്ച നടത്തി മോഷ്ടാക്കൾ വാഹനത്തിൽ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽനിന്ന്, പ്രതികളുടെ വാഹനത്തിന്റെ നമ്പർ ലഭിച്ചെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ അന്നത്തെ കണ്ണൂർ എസിപി പി.ബാലകൃഷ്ണൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കവർച്ചാസംഘത്തിന്റെ യാത്രാവഴി കണ്ടെത്തി. മംഗളൂരു വരെ പ്രതികളുടെ വാഹനം സിസിടിവികളിൽ പതിഞ്ഞിരുന്നു. പിന്നീട് ഒരു ക്യാമറയിലും കാറിന്റെ ദൃശ്യങ്ങളില്ല. മറ്റു സൂചനകൾ പിന്തുടർന്ന് അന്വേഷണം മധ്യപ്രദേശിലെത്തിയപ്പോഴാണ് പ്രതികൾ ഒരു കണ്ടെയ്നർ ലോറിയിൽ കടക്കുന്നുണ്ടെന്ന സൂചന ലഭിച്ചത്.
തുടർന്ന് കമ്മിഷണർ ആർ. ഇളങ്കോയെ വിവരം അറിയിച്ചു. കമ്മിഷണർ ഡൽഹി പൊലീസിന് ഈ വിവരം കൈമാറുകയും കണ്ടെയ്നർ അവിടെ തടയുകയും ചെയ്തു. അപ്പോഴാണ് ഹരിയാനയിലെ ‘മേവാത്ത്’ സംഘമാണ് കവർച്ച നടത്തിയതെന്നു മനസ്സിലായത്. സംഘത്തിൽ ചിലരെ അവിടെവച്ചു പിടികൂടി. ബാക്കിയുണ്ടായിരുന്നവരെ ഹരിയാന പൊലീസിന്റെ സഹായത്തോടെ ഹരിയാനയിലെ അവരുടെ വീടുകളിൽനിന്നാണ് പിടികൂടിയത്. കമ്മിഷണർ ഇളങ്കോയുടെ സിവിൽ സർവീസ് ബാച്ച്മേറ്റ് ഹരിയാനയിലുണ്ടായിരുന്നു. അദ്ദേഹം സഹായിച്ചുവെന്നും പി.ബാലകൃഷ്ണൻ പറഞ്ഞു.
പഴയ എടിഎം മെഷീനിൽ പരിശീലനം, പ്രഫഷനൽ ഗാങ്
ഹരിയാനയിലെ നൂഹ് ജില്ലയിലെ മേവാത്ത് കുറ്റകൃത്യങ്ങൾക്കു പേരുകേട്ട പ്രദേശമാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബാങ്ക് കൊള്ള എന്നിവ മുതൽ പരീക്ഷയിലെ ആൾമാറാട്ടം വരെ ‘മേവാത്ത്’ ഗാങ്ങിന്റെ കുറ്റകൃത്യങ്ങളുടെ പട്ടികയിലുണ്ട്. മേവാത്ത് ഗാങ്ങിലെ, എടിഎമ്മുകൾ മാത്രം കവർച്ച ചെയ്യുന്ന പ്രഫഷനൽ സംഘമായിരുന്നു കണ്ണൂരിലെ കവർച്ചയ്ക്കു പിന്നിലും. ആക്രിയാകുന്ന പഴയ എടിഎം മെഷിനുകൾ വാങ്ങി അതിന്റെ പ്രവർത്തനം പഠിച്ചാണ് ഇവരുടെ പരിശീലനമെന്ന് എസിപി പി.ബാലകൃഷ്ണൻ പറഞ്ഞു. അതിനായി അവരുടെ നാട്ടിൽ സൗകര്യമുണ്ട്. ആർക്കും എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിയാത്ത അവരുടെ സാമ്രാജ്യമാണത്.
കണ്ണൂരിൽ ഒരു എടിഎമ്മിൽ കവർച്ച നടത്താൻ മേവാത്ത് സംഘത്തിനു വേണ്ടിവന്നത് അരമണിക്കൂറിൽ താഴെ മാത്രമാണ്. ചെരുപ്പിന്റെ ലോഡ് ഇവിടെയിറക്കി തിരിച്ചുപോകുകയായിരുന്ന കണ്ടെയ്നറിലാണ് കവർച്ച മുതൽ കടത്തിയത്. ഇതേ സംഘത്തിൽ പെട്ടവരാകാം തൃശൂരിലെ കവർച്ചയ്ക്കും പിന്നിലെന്നാണ് വിവരം. തൃശൂരിലെ പ്രതികളും നൂഹിൽ നിന്നുള്ളവരാണ്.