ലോറിയിൽ വലിയ ശബ്ദം, തടഞ്ഞ പൊലീസിനെ കുത്തി; കൊള്ളക്കാരെ തകർത്ത ‘കുമാരപാളയം ഓപ്പറേഷൻ’
Mail This Article
സേലം∙ തൃശൂരിലെ എടിഎമ്മുകൾ കൊള്ളയടിച്ചു കടന്ന സംഘത്തെ സേലം–ബെംഗളൂരു ദേശീയപാതയിലെ കുമാരപാളയത്ത് പൊലീസ് പിടികൂടിയത് അതിസാഹസികമായി. പ്രതികളിലൊരാളായ ഹരിയാന പൽവാർ സ്വദേശി സുമൻ (40) പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചു. രണ്ടു പൊലീസുകാരെ പ്രതികൾ കുത്തി വീഴ്ത്തി. സംഘത്തിലെ പൽവാർ സ്വദേശി അസറുവിന്റെ (25) ഇരുകാലുകളിലും പൊലീസ് വെടിവച്ചു കീഴ്പ്പെടുത്തി. അര മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഹരിയാന സ്വദേശികളായ 6 പ്രതികളെയും അറസ്റ്റ് ചെയ്തതായി സേലം ഡിഐജി ഇ.എസ്.ഉമ പറഞ്ഞു.
കവർച്ചാ സംഘം വാഹനത്തിൽ തമിഴ്നാട് വഴി ഉത്തരേന്ത്യയിലേക്കു കടക്കാൻ സാധ്യതയുണ്ടെന്നു തൃശൂർ ജില്ലാ പൊലീസ് മേധാവി പാലക്കാട് തമിഴ്നാട്ടിലെ കോയമ്പത്തൂർ, സേലം, നാമക്കൽ പൊലീസിനു വിവരം കൈമാറിയിരുന്നു. പാലക്കാടും കോയമ്പത്തൂർ – സേലം – ബെംഗളൂരു ദേശീയപാതയിലും പൊലീസ് പരിശോധന നടത്തി. രാവിലെ 8.30 ഓടെ കാറിലും ബൈക്കുകളിലും ഇടിച്ചു നിർത്താതെ പോയ കണ്ടെയ്നർ ലോറി ബെപ്പഡെ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ലോറി രണ്ടു കിലോമീറ്ററോളം പിന്തുടർന്നു നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തടഞ്ഞിട്ടു. ലോറി സ്റ്റേഷനിലേക്കു കൊണ്ടുവരാൻ പൊലീസ് ഡ്രൈവറോട് നിർദേശിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തെത്തി. മുന്നിലും പിന്നിലും പൊലീസിന്റെ അകമ്പടിയോടെ ലോറി സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ തുടങ്ങി.
ഇതിനിടെ ലോറിക്ക് അകത്തു നിന്നും വലിയ ശബ്ദം കേട്ടു. പൊലീസ് ലോറി നിർത്താൻ ആവശ്യപ്പെട്ടു. ലോറി നിർത്തിയതോടെ ഡ്രൈവർ സുമൻ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഇറങ്ങി ഓടി. പിന്തുടർന്ന പൊലീസുകാരെ കല്ലെറിഞ്ഞ സുമനെ പൊലീസ് കഴുത്തിൽ വെടിവച്ചു വീഴ്ത്തി. സുമൻ പിന്നീട് മരിച്ചു. ഇതിനിടെ ലോറിയുടെ വാതിൽ തുറന്ന പൊലീസിനു നേരെ അകത്തുണ്ടായിരുന്ന 5 പ്രതികൾ കത്തികൊണ്ട് അക്രമിക്കാൻ ശ്രമിച്ചു. രണ്ടു പൊലീസുകാർക്കു കുത്തേറ്റു. ഇവരെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അര മണിക്കൂറിനു ശേഷം എല്ലാ പ്രതികളെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്നു ചെന്നൈയിലേക്കു സാധനങ്ങളുമായി വന്ന ലോജസ്റ്റിക് കമ്പനിയുടെ ഉടമസ്ഥയിലുള്ള ലോറി ചെന്നൈയിൽ നിന്നു കേരളത്തിൽ എത്തിക്കുകയായിരുന്നുവെന്നാണു പൊലീസിനു ലഭിച്ച വിവരം.
ലോറിയിൽ നിന്നു കാറും 65 ലക്ഷം രൂപയും മൂന്നു തോക്കുകളും കത്തികളും കണ്ടെത്തി. തൃശൂരിൽ നിന്നു കവർച്ചയ്ക്കുശേഷം സംഘം കടന്ന കാർ ആണിതെന്നു പൊലീസ് സ്ഥിരീകരിച്ചു. കവർച്ചയ്ക്കുശേഷം കാർ കണ്ടെയ്‌നറിനുള്ളിൽ ആക്കിയായിരുന്നു സംഘത്തിന്റെ യാത്ര. തൃശൂരിൽ നിന്നുള്ള പൊലീസ് സംഘവും ബെപ്പഡയിൽ എത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിനിടെ കുത്തേറ്റ പൊലീസുകാർ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ജൂണിൽ സേലം കൃഷ്ണഗിരിയിലെ എടിഎമ്മുകളിൽനിന്ന് 15 ലക്ഷം രൂപ കവർന്ന കേസിൽ ഈ പ്രതികൾക്കു ബന്ധമുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്.