ADVERTISEMENT

കൊച്ചി ∙ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ താൽപര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ടോ? ഉണ്ട് എന്നാണ് ഇത്തവണത്തെ കേരള ട്രാവൽ മാർട്ട് (കെടിഎം) 12ാം പതിപ്പ് തെളിയിക്കുന്നത്. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടൽ മുറികളിൽ അടച്ചിരിക്കാനല്ല, മറിച്ച് പ്രകൃതിയോട് ചേർന്നു നിൽക്കുന്ന റിസോർട്ടുകള്‍ക്കും മികച്ച സൗകര്യങ്ങളുള്ള ഹോം സ്റ്റേകള്‍‍ക്കുമാണ് വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ മുൻഗണന നൽകുന്നതെന്ന് കെടിഎമ്മിൽ പങ്കെടുക്കുന്നവർ പറയുന്നു. കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിലുള്ള സാഗര–സാമുദ്രിക കൺവെൻഷന്‍ സെന്ററിൽ നടക്കുന്ന കെടിഎം ഇത്തവണ ബയർമാരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാണ്.

2,035 ആഭ്യന്തര ബയർമാരും 76 രാജ്യങ്ങളിൽ നിന്നായി 804 വിദേശ ബയർമാരും ഇത്തവണയുണ്ട്. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി, കേരള ടൂറിസം ഡവലപ്മെൻറ് കോർപറേഷൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവെൽസ് സ്റ്റഡീസ് (കിറ്റ്സ്), തമിഴ്നാട് ടൂറിസം, കർണാടക ടൂറിസം, ഇൻക്രഡിബിൾ ഇന്ത്യ, അഡ്വഞ്ചർ ടൂറിസം സൊസൈറ്റി എന്നിവ ഉൾപ്പെടെ 374 സ്റ്റാളുകളാണു മാർട്ടിലുള്ളത്. ഞായറാഴ്ച സമാപിക്കുന്ന കെടിഎമ്മിൽ ഉച്ച മുതൽ എല്ലാവർക്കും പ്രവേശനം സൗജന്യമാണ്. 

travel-mart-1
കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിലുള്ള സാഗര–സാമുദ്രിക കൺവെൻഷന്‍ സെന്ററിൽ നടക്കുന്ന കെടിഎം പരിപാടിയിൽ നിന്ന്. (ചിത്രം:ഇ.വി.ശ്രീകുമാർ/ മനോരമ)

യൂറോപ്യൻ രാജ്യങ്ങൾക്കു പുറമെ ഓസ്ട്രേലിയ, സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാം ഇത്തവണ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വിനോദ സഞ്ചാര വ്യവസായ മേഖലയിലെ ഒട്ടേറെ പേർ അഭിപ്രായപ്പെട്ടു. കേരളത്തിലെ അറിയപ്പെടാതെ കിടക്കുന്ന മേഖലകളെ തുറന്നു കൊടുക്കുക, പ്രാദേശിക അനുഭവങ്ങൾ സമ്മാനിക്കുക, ആയുർവേദം അടക്കമുള്ളവ അനുഭവപ്പെടുത്തുക തുടങ്ങി കേരളത്തിന്റെ തനതായ അനുഭവങ്ങളാണ് ഇപ്പോൾ സഞ്ചാരികൾ കൂടുതലായി അന്വേഷിക്കുന്നത് എന്ന് കെടിഎം തെളിയിക്കുന്നു.

‘‘യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരടക്കം ഈ മേഖലയിലെ അറിയപ്പെടുന്ന ഒട്ടേറെ ഏജന്റുമാര്‍ ഇത്തവണ പവിലിയനില്‍ എത്തിയെന്ന് പറയുന്നത് തന്നെ പ്രധാനമാണ്. അവരൊന്നും ഹോട്ടലിൽ വന്ന് താമസിച്ചു തിരിച്ചു പോകുന്ന രീതിയല്ല സ്വീകരിക്കുന്നത്. അറിയപ്പെടാതെ കിടക്കുന്ന ഒട്ടേറെ മേഖലകൾ സഞ്ചാരികൾക്കായി തുറക്കുക എന്നതാണ് അവരെ ബോധ്യപ്പെടുത്തുന്നത്. അതിനോട് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്’’- നീഷ് സ്റ്റെയ്സ് ഗ്രൂപ്പിന്റെ സെയിൽസ് വിഭാഗം ഡയറക്ടർ അജിൻസ് ഏലിയാസ് പറയുന്നു. 

travel-mart-2
കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിലുള്ള സാഗര–സാമുദ്രിക കൺവെൻഷന്‍ സെന്ററിൽ നടക്കുന്ന കെടിഎം പരിപാടിയിൽ നിന്ന്. (ചിത്രം:ഇ.വി.ശ്രീകുമാർ/ മനോരമ)

കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ വയനാട്, ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം കടന്നു പോകുന്ന സാഹചര്യങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളും ഇത്തവണത്തെ കെടിഎമ്മിലുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷനും ഇതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ‘റീബില്‍ഡ് വയനാട്’ എന്ന പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത് ഇിതന്റെ ഭാഗമാണ്. ഇത്തവണത്തെ കെടിഎമ്മിൽ വയനാടിന്റെ സാധ്യതകൾ പരമാവധി ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുണ്ടെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ സിഇഒ കെ.രൂപേഷ് കുമാർ പുറഞ്ഞു.

‘‘ഉത്തരവാദിത്ത ടൂറിസം മിഷൻ ഐക്യരാഷ്ട്രസഭയുമായി ചേർന്നു നടത്തുന്ന പ്രധാന പദ്ധതിയാണ് സ്ത്രീ സൗഹാർദ ടൂറിസം. അതിനെ കേന്ദ്രീകരിച്ചുള്ള പാക്കേജുകൾ അടുത്ത മാസം മുതൽ വയനാട്ടിൽ നടപ്പാക്കി തുടങ്ങും. ഇതുമായി ബന്ധപ്പെട്ട് 52 വനിതാ ടൂർ ഓപ്പറേറ്റർമാരുമായി സംസാരിച്ചു കഴിഞ്ഞിട്ടുണ്ട്. ഗ്രാമീണ അനുഭവങ്ങൾ ഉൾപ്പെട്ട പാക്കേജുകൾ നന്നായി നടന്നു വന്നിരുന്ന സ്ഥലമായിരുന്നു വയനാട്. എന്നാൽ കോവിഡിനെ തുടർന്നുണ്ടായ തിരിച്ചടിയിൽ നിന്ന് പൂർണമായി കരകയറാൻ സാധിച്ചിരിന്നില്ല. ഈ ദുരന്തം കൂടി വന്നതോടെ അത് മോശം അവസ്ഥയിലേക്ക് മാറി. അതുകൊണ്ടു തന്നെ സ്പെഷൽ ഡിസ്കൗണ്ട് പാക്കേജുകൾ വയനാട് കേന്ദ്രീകരിച്ച് വൈകാതെ തന്നെ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് വയനാട്ടിലുള്ളവരുമായി സംസാരിക്കുന്നുണ്ട്’’– രൂപേഷ് കുമാർ പറഞ്ഞു. 

ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത സമയത്ത് സഹായവുമായി എത്തിയ ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാര്‍ക്ക് നന്ദി അർപ്പിച്ചു കൊണ്ട് തക‌്ഷാൻ ക്രിയേറ്റീവ്സ് എന്ന സന്നദ്ധ സംഘടനയുണ്ടാക്കിയ ജീപ്പ് മാതൃകകൾ ഇൻഡിമേറ്റ്സ് എന്ന ട്രാവൽ, ടൂറിസം കമ്പനിയുടെ സ്റ്റാളിലുണ്ട്. പ്രത്യേക ക്യുആർ കോ‍‍‍‍ഡ് പതിപ്പിച്ച ഈ ജീപ്പ് മാതൃകൾ ഇവർ വിലകൊടുത്തു വാങ്ങിയ ശേഷം സ്റ്റാളിലെത്തുന്നവർക്ക് സൗജന്യമായി നൽകുന്നു. ഇതിൽ നിന്നു ലഭിക്കുന്ന വരുമാനവും വയനാടിന്റെ പുനരധിവാസത്തിനായി ഉപയോഗിക്കുമെന്ന് ഇൻഡിമേറ്റ് പ്രതിനിധികളായ അരുണും മേബിളും പറയുന്നു.

അതിനിടെ, നിര്‍മിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഭാവിയിലെ സഞ്ചാരികള്‍ ടൂറിസം മേഖലയെ സമീപിക്കാന്‍ പോകുന്നതെന്ന് കേരള ട്രാവല്‍ മാര്‍ട്ടില്‍ നടത്തിയ 'ടൂറിസം വ്യവസായത്തില്‍ എഐയുടെ ഉപയോഗം' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തെ നേരിടാനും ഉപയോഗപ്പെടുത്താനും സംസ്ഥാനത്തെ ടൂറിസം മേഖല സ്വയം തയ്യാറെടുക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

വ്യക്തിഗതവും അനുഭവവേദ്യവുമായ ടൂറിസം കേന്ദ്രങ്ങള്‍, ഭാഷാ സഹായം, ഇന്‍റലിജന്‍റ് വെര്‍ച്വല്‍ അസിസ്റ്റന്‍റ് എന്നിവയെല്ലാമാണ് ടൂറിസത്തിലെ ഭാവി. ഏതാണ് വിശ്വാസയോഗ്യം ഏതാണ് അല്ലാത്തത് എന്നത് സംബന്ധിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ടൂറിസ്റ്റുകള്‍ മുന്നോട്ടു പോകുന്നത്. സീസണ്‍ പ്ലാനിംഗ്, ഇവന്‍റ് പ്ലാനിംഗ്, വീഡിയോ അനാലിസിസ് എന്നിവയെല്ലാം അവര്‍ പരീക്ഷിക്കുന്നുവെന്ന് സെമിനാർ ചൂണ്ടിക്കാട്ടി.

English Summary:

Kerala Tourism Embraces Nature: KTM 2023 Highlights Shift to Eco-Friendly Options

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com