ADVERTISEMENT

കല്‍പ്പറ്റ∙ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണമെന്ന് ടി.സിദ്ദിഖ് എംഎല്‍എ ആവശ്യപ്പെട്ടു. ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണു തിരച്ചില്‍ നടത്തിയത്. പിന്നീട് ഒരു ദിവസം കൂടി തിരഞ്ഞു. തിരച്ചിൽ പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രിയോടും, മന്ത്രിമാരോടും കലക്ടറോടും നിരന്തരമായി ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഫലമുണ്ടായില്ല. 72 ദിവസത്തിന് ശേഷം അര്‍ജുന്റെ മൃതദേഹം കണ്ടെത്താനായത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ജനങ്ങളുടെ വികാരം തിരച്ചിലിന്റെ കാര്യത്തില്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ദുരന്തബാധിതര്‍ക്ക് വേണ്ടി ആവശ്യപ്പെടുകയാണെന്നും ടി.സിദ്ദിഖ് വ്യക്തമാക്കി. 

ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളും ദുരന്തബാധിതരുടെ വായ്പകളില്‍ പലയിടത്തും തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്. ദേശസാൽകൃത, സഹകരണ ബാങ്കുകളിലുള്ള മുഴുവന്‍  ബാധ്യതകളും എഴുതിത്തള്ളാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണം. എല്ലാ വായ്പകളും മുഴുവനായി എഴുതിത്തള്ളാന്‍ ആവശ്യമായ നടപടി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാകണം. ഇത്രദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തീരുമാനമാകാത്തതിന് പിന്നില്‍ ഇരുസര്‍ക്കാരുകളുടെയും വീഴ്ചയാണ്. ധനസഹായവിതരണം ഇത്രയും ദിവസമായിട്ടും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. പഞ്ചായത്തും, സര്‍വകക്ഷിയും, പ്രദേശത്തെ ക്ലബ്ബുകളടക്കമുള്ള കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെ സഹായിക്കാന്‍ ഇത് കൊണ്ട് കഴിയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത്തരം കമ്മിറ്റി തല്‍ക്കാലം വേണ്ടെന്ന് തീരുമാനിച്ചത് മന്ത്രിസഭാ ഉപസമിതിയില്‍പ്പെട്ട മന്ത്രിമാരാണ്. ഇന്നും ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ കേള്‍ക്കുന്ന സാഹചര്യമാണ്. സഹായവിതരണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ടി.സിദ്ദിഖ് പറഞ്ഞു.

English Summary:

Chooralmala & Mundakkai Landslides: Call for Continued Search Efforts and Immediate Relief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com