ADVERTISEMENT

ആലപ്പുഴ∙ നെഹ്‌റു ട്രോഫി വള്ളംകളി ഫൈനലിൽ രണ്ടാം സ്ഥാനത്ത് എത്തിയ കൈനകരി വില്ലേജ് ബോട്ട് ക്ലബ്, മത്സരഫല നിർണയത്തിനെതിരെ പരാതി നൽകും. നെഹ്‌‌റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റിക്കാണ്, വീയപുരം ചുണ്ടൻ വള്ളം തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബ് പരാതി നൽകുക. ആലപ്പുഴ ജില്ലാ കലക്ടർ ചെയർമാനും സബ് കലക്ടർ സെക്രട്ടറിയുമായ സൊസൈറ്റിയിൽ നിരവധി ബോട്ട് ക്ലബ് ഭാരവാഹികളും അംഗങ്ങളാണ്. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ 5 മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് വീയപുരം ചുണ്ടൻ, കാരിച്ചാൽ ചുണ്ടന് പിറകിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

ഫൈനൽ മത്സരം പൂർത്തിയാക്കിയതിന് പിന്നാലെ ഫലം സ്ക്രീനിൽ തെളിഞ്ഞപ്പോൾ രണ്ടു ചുണ്ടൻവള്ളങ്ങളും ഒരേ സമയത്ത് തന്നെയാണ് ഫിനിഷ് ചെയ്തതായി കാണിച്ചതെന്ന് കൈനകരി വില്ലേജ് ബോട്ട് ക്ലബ് ആരോപിക്കുന്നു. ഇതോടെയാണ് ജേതാക്കൾ സംബന്ധിച്ചുള്ള തർക്കം ഉടലെടുത്തത്. എന്നാൽ പിന്നീട് മത്സരഫലം പുനർനിർണയിച്ചപ്പോൾ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ 4:29:785 എന്ന സമയത്തും, കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ 4:29:790 സമയത്തും ഫിനിഷ് ചെയ്തതായി മാറ്റി. ഇതിനെതിരെയാണ് എൻടിബിആറിന് സംഘം പരാതി നൽകുക.

പ്രതിഷേധിച്ച കൈനകരി വില്ലേജ് ബോട്ട് ക്ലബ് അംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നും ആരോപണമുണ്ട്. നെഹ്റു പവലിയനിൽ വച്ചാണ് സമാധാനപരമായി പ്രതിഷേധിച്ചിരുന്ന ബോട്ട് ക്ലബ് അംഗങ്ങൾക്കെതിരെ ബലപ്രയോഗം നടന്നതെന്നാണ് ആരോപണം. ഇതു സംബന്ധിച്ചും കൈനകരി വില്ലേജ് ബോട്ട് ക്ലബ് എൻടിബിആറിന് പരാതി നൽകും. ആലപ്പുഴ ആർഡിഒ ഓഫിസിലാണ് എൻടിബിആർ സൊസൈറ്റി ഓഫിസ് പ്രവർത്തിക്കുന്നത്.

English Summary:

Nehru Trophy Boat Race: Kainakary Village Boat Club to lodge complaint with NTBR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com