ബംഗ്ലദേശിനെ വെറുപ്പിക്കണോ അതോ ഹസീനയെ വിട്ടുകൊടുക്കണോ? ഇന്ത്യയ്ക്ക് തലവേദന!
Mail This Article
ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകാൻ ബംഗ്ലദേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ഇന്ത്യ എന്തു തീരുമാനമെടുക്കും? ബംഗ്ലദേശിലെ പ്രക്ഷോഭത്തെ തുടർന്ന് പലായനം ചെയ്ത ഹസീന 55 ദിവസമായി ഇന്ത്യയിൽ താമസിക്കുകയാണ്. ഹസീനയെ വിട്ടുനൽകാതിരുന്നാൽ ബംഗ്ലദേശ് സർക്കാരും ജനങ്ങളും ഇന്ത്യയ്ക്ക് എതിരാകും. വിട്ടുനൽകിയാൽ ഏറെക്കാലത്തെ വിശ്വസ്ത നേതാവിനെ കൈവിട്ടുവെന്ന വിമർശനമുയരും. ഫലത്തിൽ ബംഗ്ലദേശ് പ്രതിസന്ധി ആ രാജ്യത്തിനു മാത്രമല്ല, അതിർത്തി കടന്ന് ഇന്ത്യയുടെ തലവേദന കൂടിയായി മാറിയിരിക്കുന്നു.
ഹസീനയെ വിട്ടുനൽകാൻ ഇന്ത്യയോട് ആവശ്യപ്പെടാൻ നിയമപ്രകാരം ബംഗ്ലദേശിന് അവകാശമുണ്ട്. കുറ്റവാളികളെ കൈമാറാനുള്ള കരാറിൽ ഇന്ത്യയും ബംഗ്ലദേശും 2013ൽ കരാറൊപ്പിടുകയും 2016ൽ വ്യവസ്ഥകൾ ലളിതമാക്കി കരാർ പുതുക്കുകയും ചെയ്തിട്ടുണ്ട്. രാജ്യം വിടുന്ന പിടികിട്ടാപ്പുള്ളികളെയും ക്രിമിനലുകളെയും, പ്രത്യേകിച്ച് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ പരസ്പരം കൈമാറുന്നത് ലക്ഷ്യമിട്ടാണ് കരാർ. കരാർ പ്രകാരം രണ്ടു രാജ്യങ്ങളിലും കുറ്റകരമായ, കുറഞ്ഞത് ഒരു വർഷമെങ്കിലും തടവ് ലഭിക്കാവുന്ന കേസുകളിൽ പ്രതിയാക്കപ്പെട്ടവരെ പരസ്പരം വിട്ടുനൽകാം.
∙ വെറുപ്പിക്കുമോ വിട്ടുകൊടുക്കുമോ?
ഇതുവരെ 200ലേറെ കേസുകളാണ് ഹസീനയ്ക്കെതിരെ ബംഗ്ലദേശ് ചുമത്തിയത്. ഇതിൽ 179 എണ്ണം കൊലക്കുറ്റങ്ങളാണ്. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റം, വംശഹത്യ, തട്ടിക്കൊണ്ടു പോകൽ എന്നിവയും ഹസീനയുടെ പേരിലുള്ള കേസുകളിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ഇരു രാജ്യങ്ങളിലും കുറ്റകരമായതും പലതും ഒരുവർഷത്തിലേറെയോ വധശിക്ഷ തന്നെയോ ലഭിക്കാവുന്നതുമായ കുറ്റങ്ങളുമാണ്. അതുകൊണ്ടുതന്നെ ബംഗ്ലദേശ് വിട്ടയയ്ക്കൽ അപേക്ഷ നൽകിയാൽ ഇന്ത്യയ്ക്ക് അത് പരിഗണിക്കേണ്ടി വരും. നയതന്ത്ര മാർഗത്തിലൂടെയാണ് അപേക്ഷ നൽകേണ്ടത്. 2016ന് മുൻപ് അപേക്ഷയ്ക്കൊപ്പം ഉപോൽബലകമായ തെളിവുകളും ഹാജരാക്കണമെന്ന നിബന്ധന ഉണ്ടായിരുന്നെങ്കിലും അപേക്ഷയ്ക്കൊപ്പം അറസ്റ്റ് വാറന്റ് ഹാജരാക്കിയാൽ മതിയെന്ന് 2016ലെ ഭേദഗതിയിൽ പറയുന്നു.
നിയമപരമായി നിരസിക്കാൻ തക്ക കാരണങ്ങളില്ലെങ്കിൽ അപേക്ഷയിൽ അനുകൂല നടപടിയെടുക്കാൻ ഇന്ത്യ നിർബന്ധിതരാകും. രാഷ്ട്രീയ സ്വഭാവമുള്ളതാണ് അപേക്ഷയെങ്കിൽ നിരസിക്കാമെന്ന് കരാറിലെ 6ാം അനുച്ഛേദത്തിൽ വ്യവസ്ഥയുണ്ടെങ്കിലും കൊലപാതകം, അക്രമം, തട്ടിക്കൊണ്ടുപോകൽ, ഭീകരവാദം തുടങ്ങി 13 സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങൾ രാഷ്ട്രീയമായ കുറ്റങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹസീനയുടെ പേരിൽ ഇതേ സ്വഭാവത്തിലുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. നല്ല ഉദ്ദേശ്യത്തോടെയല്ല അപേക്ഷയെന്ന് ബോധ്യപ്പെട്ടാൽ നിരസിക്കാമെന്ന 8ാം അനുച്ഛേദത്തിലെ വ്യവസ്ഥ മാത്രമാണ് ഹസീനയ്ക്ക് അനുകൂലമായുള്ളത്.
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇടക്കാല സർക്കാർ സമാന കുറ്റങ്ങൾ ചുമത്തി കസ്റ്റഡിയിലെടുത്ത ഹസീന മന്ത്രിസഭയിലെ മന്ത്രിമാർക്ക് മർദനമേൽക്കുകയും അവർക്കായി വാദിക്കാൻ അഭിഭാഷകരെ അനുവദിക്കാത്തതുമായ സംഭവങ്ങളുണ്ടായിട്ട്. ഈ സാഹചര്യത്തിൽ നല്ല ഉദ്ദേശ്യത്തിലല്ല നടപടിയെന്ന് കാട്ടി ബംഗ്ലദേശിന്റെ അപേക്ഷ നിരസിക്കാം. എന്നാൽ അങ്ങനെയുണ്ടായാൽ ബംഗ്ലദേശ് സർക്കാർ ഇന്ത്യയ്ക്ക് എതിരാകുമെന്നുറപ്പാണ്. അത് വലിയ പ്രശ്നങ്ങളിലേക്ക് വഴി തെളിച്ചേക്കും.
∙ കാലാവധി കഴിഞ്ഞും തുടർന്ന് ഹസീന
ഓഗസ്റ്റ് 5നാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. നിയമപ്രകാരം നയതന്ത്ര പാസ്പോർട്ടിൽ ബംഗ്ലദേശിൽനിന്ന് ഇന്ത്യയിലെത്തുന്നവർക്ക് 45 ദിവസം വരെ ഇന്ത്യയിൽ കഴിയാനാണ് അനുമതി. ഹസീന ഇന്ത്യയിലെത്തിയിട്ട് ഇപ്പോൾ 55 ദിവസം കഴിഞ്ഞു. കാലാവധി കഴിഞ്ഞും ഇന്ത്യയിൽ തുടരുന്നത് നിയമപരമായി കുറ്റമാണ്. എന്നാൽ ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ നിയമത്തേക്കാൾ കൂടുതൽ രാജ്യതാൽപര്യം കണക്കിലെടുത്തുള്ള നടപടികളാകും ഉണ്ടാകുകയെന്ന് വിദേശകാര്യ വിദഗ്ധനും മുൻ നയതന്ത്രജ്ഞനുമായ ടി.പി.ശ്രീനിവാസൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. സാധാരണ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ അവരുടെ പാസ്പോർട്ട് റദ്ദാക്കുകയാണ് ചെയ്യുക. തുടർന്ന് വീസ ലഭിക്കണമെങ്കിൽ പുതിയ ബംഗ്ലദേശ് പാസ്പോർട്ട് ഹാജരാക്കേണ്ടി വരും.
ഇതിനിടെ ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് ബംഗ്ലദേശ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സാധാരണ ബംഗ്ലദേശ് പാസ്പോർട്ട് ഹാജരാക്കി ഹസീനയ്ക്ക് പുതിയ വീസയ്ക്ക് അപേക്ഷിക്കാം. എന്നാൽ രാജ്യം വിട്ട് ഇന്ത്യയിലെത്തുമ്പോൾ നയതന്ത്ര പാസ്പോർട്ട് മാത്രമാണ് ഹസീനയുടെ പക്കലുണ്ടായിരുന്നതെന്നാണ് വിവരം. ‘ ഹസീനയുടേത് സാധാരണരീതിയിലുള്ള നിയമലംഘന കേസല്ല. അതൊരു രാഷ്ട്രീയ വിഷയമാണ്. അതിന് അനുസരിച്ചുള്ള തീരുമാനമാണ് ഇക്കാര്യത്തിലെടുക്കുക. പ്രശ്നം സങ്കീർണമാകുന്നത് ഒഴിവാക്കാൻ ഹസീന രാജ്യം വിടണമെന്ന് തന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു. എന്നാൽ അവർക്ക് മറ്റെവിടെയെങ്കിലും അഭയം ലഭിച്ചാൽ മാത്രമേ ഇന്ത്യയിൽനിന്ന് പോകാനാകൂ.’’– ടി.പി.ശ്രീനിവാസൻ പറഞ്ഞു.