ADVERTISEMENT

കടലുണ്ടി ∙ നെഞ്ചുവേദനയെ തുടർന്നു ചികിത്സ തേടിയ രോഗി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. ആശുപത്രി ആർഎംഒ ആയി പ്രവർത്തിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി അബു ഏബ്രഹാം ലൂക്കാണ് (36) പിടിയിലായത്. എംബിബിഎസ് പൂർത്തിയാക്കാത്ത ഇയാളെ ഫറോക്ക് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞദിവസം മരിച്ച പൂച്ചേരിക്കുന്ന് പച്ചാട്ട് വിനോദ് കുമാറിന്റെ(60)കുടുംബം നൽകിയ പരാതിയിലാണ് അറസ്റ്റ്. കടുത്ത നെഞ്ചുവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നു 23ന് പുലർച്ചെ നാലരയോടെയാണ് വിനോദ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന അബു ഏബ്രഹാം രക്തപരിശോധനയും ഇസിജിയും നിർദേശിച്ചെങ്കിലും അര മണിക്കൂറിനകം വിനോദ്കുമാർ മരിച്ചു. 

സംശയത്തെ തുടർന്നു വിനോദ് കുമാറിന്റെ മകനും പിജി ഡോക്ടറുമായ പി.അശ്വിനും ബന്ധുക്കളും നടത്തിയ അന്വേഷണത്തിൽ 5 വർഷത്തോളമായി ആശുപത്രിയിൽ ആർഎംഒ ആയി പ്രവർത്തിച്ച ഇയാൾ എംബിബിഎസ് പൂർത്തിയാക്കിയിട്ടില്ലെന്നു കണ്ടെത്തി. 

ഇതോടെയാണ് ഇയാൾക്കു എംബിബിഎസ് ബിരുദം ഇല്ലെന്നും ചികിത്സയിൽ പിഴവുണ്ടായെന്നും കാണിച്ച് വിനോദ് കുമാറിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് ഫറോക്ക് അസി.കമ്മിഷണർ എ.എം.സിദ്ദിഖിനു കീഴിലുള്ള പ്രത്യേക സംഘത്തിനെ അന്വേഷണം ഏൽപിച്ചു. 

ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ രാത്രി മുക്കത്തെ വീട്ടിൽ നിന്നാണു ഇയാളെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം വ്യാജ റജിസ്റ്റർ നമ്പർ നൽകിയാണ് അബു ഏബ്രഹാം ലൂക്ക് ജോലി തേടിയതെന്നും പരാതി ഉയർന്നപ്പോൾ നടത്തിയ പരിശോധനയിൽ ഇക്കാര്യം ബോധ്യപ്പെട്ട ഉടൻ ഇയാളെ പുറത്താക്കിയതായും ടിഎംഎച്ച് ആശുപത്രി അധികൃതർ വ്യക്തമാക്കി. വ്യാജ റജിസ്റ്റർ നമ്പർ നൽകി കബളിപ്പിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

English Summary:

Fake Doctor Arrested After Patient Dies at Kottakkadavu TMH Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com