‘എം.എം.ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണം; ഹിയറിങ്ങിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം’
Mail This Article
കൊച്ചി∙ സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനു വിട്ടുനൽകാതെ മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം. മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാൻ എറണാകുളം മെഡിക്കൽ കോളജ് പ്രിന്‍സിപ്പൽ തീരുമാനമെടുത്ത ഹിയറിങ്ങിൽ വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിക്കാൻ കോടതി നിർദേശം നൽകി. വീണ്ടും ഹിയറിങ് നടത്താൻ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ മേധാവിയെ ചുമതലപ്പെടുത്താൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണം. ജസ്റ്റിസ് വി.ജി.അരുൺ വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും. മൃതദേഹം മെഡിക്കൽ കോളജിന് വിട്ടു നൽകുന്നതിനെതിരെ ലോറൻസിന്റെ മകൾ ആശയാണ് കോടതിയെ സമീപിച്ചത്.
മുതിർന്ന സിപിഎം നേതാവും എൽഡിഎഫ് മുൻ കൺവീനറുമായ എം.എം.ലോറൻസ് (95) 21നാണ് അന്തരിച്ചത്. മൃതദേഹം മെഡിക്കൽ കോളജിനു വിട്ടു നൽകാൻ മക്കളായ എം.എൽ.സജീവൻ, സുജാത എന്നിവർ തീരുമാനിച്ചു. ലോറൻസിന്റെ ആഗ്രഹപ്രകാരമാണിതെന്ന് മക്കൾ അറിയിച്ചു. ഇതിനെ മറ്റൊരു മകൾ ആശ എതിർത്തു. 23ന് മൃതദേഹം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ മക്കൾ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഹൈക്കോടതിയിൽ ഹർജി നൽകിയതിനു പിന്നാലെ മൂന്നു മക്കളുടെയും വാദം കേട്ടതിനു ശേഷം തീരുമാനമെടുക്കാൻ എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കോടതി നിർദേശം നൽകി. ഹിയറിങ് നടത്തിയശേഷം മൃതദേഹം ഏറ്റെടുക്കാന്‍ മെഡിക്കൽ കോളജ് അധികൃതർ തീരുമാനിച്ചു.
മൃതദേഹം പഠനത്തിന് വിട്ടു നൽകണമെന്ന് മരിക്കുന്നതിനു മുൻപ് പിതാവ് തന്നോട് പറഞ്ഞിരുന്നുവെന്നും രണ്ട് ഉറ്റ ബന്ധുക്കൾ ഇതിന് സാക്ഷികളാണെന്നുമുള്ള സജീവന്റെ വാദം കണക്കിലെടുത്തായിരുന്നു വിധി. എന്നാൽ മുൻപ് മൃതദേഹം വിട്ടുനൽകുന്നതിൽ അനുകൂല തീരുമാനം പറഞ്ഞിരുന്ന സുജാത, ഹിയറിങ്ങിന്റെ സമയത്ത് മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കുന്നതിനും താൻ എതിരല്ലെന്ന് വ്യക്തമാക്കിയിരുന്നു. മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട ഇളയ മകൾ ആശ അഭിഭാഷകനൊപ്പമാണു ഹിയറിങ്ങിനെത്തിയത്. ഈ തീരുമാനത്തിൽ നിന്നു ലോറൻസ് പിൻമാറിയതായി രേഖകളൊന്നുമില്ലെന്നു സമിതി വിലയിരുത്തി.
മെഡിക്കൽ കോളജിന്റെ തീരുമാനം റദ്ദാക്കണമെന്നും ഹിയറിങിനിടെ കേരള അനാട്ടമി നിയമത്തിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ച മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവർക്കെതിരെ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹൈക്കോടതി നിർദേശിച്ച ഹിയറിങ് പ്രിൻസിപ്പൽ അട്ടിമറിച്ചെന്നും താൻ ഉന്നയിച്ച ലീഗൽ പ്രശ്നങ്ങൾ പരിഗണിച്ചില്ലെന്നും ആരോപിച്ചു.