എസ്എഫ്ഐ ഏരിയ സെക്രട്ടറിയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: മുൻ സിപിഎം പ്രവർത്തകന് 7 വർഷം തടവ്
Mail This Article
ആലപ്പുഴ ∙ 15 വർഷം മുൻപ് എസ്എഫ്ഐ ഏരിയ സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ 6 പ്രതികള്‍ക്കു മാവേലിക്കര കോടതി 7 വർഷവും 9 മാസവും തടവു വിധിച്ചു. സംഭവം നടക്കുമ്പോൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്ന കായംകുളം എരുവ കൊച്ചുവീട്ടിൽ തറയിൽ ബി.കെ.നിയാസ് (34) പിന്നീടു സിപിഎമ്മിൽ ചേർന്നിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പാർട്ടിയിൽനിന്നു സസ്പെൻഷനിലാകുകയും ചെയ്തു.
ചേരാവള്ളി ലക്ഷ്മി ഭവനത്തിൽ എസ്. സജിത്തിനെയാണ് 2009 നവംബർ രണ്ടിന് ആക്രമിച്ചത്. എസ്എഫ്ഐ നേതാവിനെ വെട്ടിയ കേസിലെ പ്രതിയായ നിയാസിനെ സിപിഎമ്മിൽ ചേർത്തതിനെതിരെ വലിയ വിമർശനമുണ്ടായെങ്കിലും ചില നേതാക്കൾ സംരക്ഷിച്ചു. വ്യാജ സർട്ടിഫിക്കറ്റ് കേസിലും ആരോപണം നേരിട്ടതോടെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യുകയായിരുന്നു. കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ – ക്യാംപസ് ഫ്രണ്ട് സംഘർഷത്തിന്റെ തുടർച്ചയായി കായംകുളം പൊലീസ് സ്റ്റേഷനു സമീപത്താണു സജിത് ആക്രമിക്കപ്പെട്ടത്.
മാവേലിക്കര അഡിഷനൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി (3) പി.പി.പൂജയാണു ശിക്ഷ വിധിച്ചത്. എരുവ വാലയ്യത്ത് എസ്.നജീബ് (35), പണിപ്പുര തെക്കേതിൽ എസ്.നജീം (45), കൃഷ്ണപുരം കൊച്ചുമുറി തെക്ക് ഷഹന മൻസിൽ എസ്.അൻസാരി (37), എരുവ പണിക്കന്റെ കിഴക്കതിൽ റിയാസ് (36), കുലശേഖരപുരം കോട്ടയ്ക്കുപുറം അൻഷാദ് അഷ്റഫ് (36) എന്നിവരാണു ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ.